- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ട വിദ്വാൻ! സുരക്ഷാ പ്രശ്നത്തിൽ വീണാ ജോർജ്ജിനെ വിമർശിച്ച വിപ്ലവ സിംഹം; ഡോ ഷഹ്നയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്ത ഡോ റുവൈസ് അറസ്റ്റിൽ; ആർത്തി കുറ്റം തെളിഞ്ഞാൽ ഡോക്ടർ അല്ലാതെയാകും
തിരുവനന്തപുരം: യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലായ ഡോ. റുവൈസ് മെഡിക്കൽ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടത്തിന് മുന്നിൽ നിന്നത് വിപ്ലവം നിറച്ചാണ്. കൊട്ടാരക്കരയിൽ ഡോ. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ മെഡിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധം നയിച്ച നേതാവ്. ഡോ ഷഹ്നയുടെ മരണത്തിൽ റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി അറസ്റ്റു ചെയ്യും. തെളിവ് കിട്ടിയെന്ന് കഴക്കൂട്ടം എസിപി പൃഥ്വിരാജ് അറിയിച്ചു. ആത്മഹത്യയിലേക്ക് ഡോ ഷഹ്നയെ തള്ളിവിട്ടത് ഡോ റുവൈസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
അന്ന് ആരോഗ്യമന്ത്രിയുടെ വിവാദപരാമർശത്തിനെതിരേ റുവൈസ് നടത്തിയ പ്രസംഗവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്നം അടക്കം ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് സഹപാഠിയായ പ്രണയിനിയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗത്തിലാണ് പി.ജി. ചെയ്തിരുന്നത്. ജീവനൊടുക്കിയ ഡോ. ഷഹന സർജറി വിഭാഗത്തിലും.
റുവൈസിനെപ്പറ്റി ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നുവെന്നാണ് സഹോദരൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. അസോസിയേഷന്റെ പ്രസിഡന്റായിരുന്ന റുവൈസിനെ അങ്ങനെയാണ് ഷഹന പരിചയപ്പെടുന്നതെന്നും യുവതിയുടെ സഹോദരൻ ജാസിം നാസ് വിശദീകരിച്ചിരുന്നത്. അതിനിടെ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാർത്ഥികളിൽനിന്നും സത്യവാങ്മൂലം വാങ്ങാറുണ്ട്. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് രണ്ടു വർഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാർത്ഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങുന്നത്.
തുടക്കത്തിൽ എല്ലാ വിദ്യാർത്ഥികളിൽനിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോൾ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിൻസിപ്പൽ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനിൽക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു. സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോൾ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാൻ അധികാരമുണ്ടോ എന്നു ചോദ്യമുയർന്നിരുന്നു. പക്ഷേ, അത്തരമൊരു നിർദ്ദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കും. ആരോഗ്യ സർവകലാശാലയുടെ നിലപാടാണിത്.
മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കേസിൽ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിജി ഡോക്ടറുടെ ആത്മഹത്യ: ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെൻഡ് ചെയ്തു
സ്ത്രീധനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടർ റുവൈസിനെ സസ്പെൻഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ