- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹതകൾ ഏറെ. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. എ.ജെ. ഷഹ്നയാണ് (26) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകളാണ്.
ഷഹ്നന ആത്മഹത്യ ചെയ്തതു സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതിനു പിന്നാലെയെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹ്നയുടെ കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്. 150 പവനും 15 ഏക്കർ ഭൂമിയും ബി എം ഡബ്ല്യൂ കാറും സ്ത്രീധനമായി ചോദിച്ചെന്നാണ് ആരോപണം.
''എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'' എന്നു ചുരുങ്ങിയ വാക്കുകളിൽ എഴുതിവച്ചാണ് ഷഹ്ന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ മരിച്ച ഷഹ്നയെ തളത്തിയത് വിവാഹം നടക്കില്ലെന്ന ബോധ്യമാണെന്നാണ് ആരോപണം. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരും.
രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹാന എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മുറിയിൽ മരിച്ച നിലയിൽ ഷഹ്നയെ കണ്ടെത്തിയത്. ഡോക്ടർ ഷഹ്നയുടെ സഹപാഠികളാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. പിന്നാലെ തന്നെ ഇവർ പൊലീസിനെ അറിയിച്ചു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷഹ്നയുടെ ജീവൻ രക്ഷിക്കാനായില്ല. അസ്വാഭിവക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഷഹ്നയുടെ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പിലും വിവാഹ വഞ്ചനയിൽ സൂചനയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ അത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പിലുണ്ടെന്നാണ് മാതൃഭൂമി വാർത്ത. അച്ഛൻ മരിച്ചു പോയതിനാൽ ആരും ആശ്രയമായില്ലെന്നും കുറിപ്പിലുണ്ട്. രണ്ടു കൊല്ലം മുമ്പാണ് അച്ഛൻ മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്. ഇവരുടെ ഉത്തരവാദിത്തവും ഷ്ഹ്നയ്ക്കായിരുന്നു.
മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. വലിയ സ്ത്രീധനം നൽകാൻ പറ്റാത്തതു കൊണ്ട് വിവാഹം നടന്നില്ല. ഇതിന്റെ വേദനയാണ് ഷഹ്നയ്ക്കുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്. അനസ്‌തേഷ്യ മരുന്ന് വീര്യംകൂടിയ അളവിൽ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് മരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളേജിനടുത്ത ഫ്‌ളാറ്റിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഷഹ്ന താമസിച്ചിരുന്നത്.
'സ്‌നേഹത്തിന് വിലയില്ല,എല്ലാം പണത്തിനു വേണ്ടി'''വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം''- ഷഹ്നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിതെന്നാണ് സൂചന. സ്ത്രീധനത്തിന് വേണ്ടിയുള്ള ആരുടെയെങ്കിലും വിലപേശലാണോ യുവ ഡോക്ടറുടെ ജീവനെടുത്തതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തും.
തിങ്കളാഴ്ച സർജറി ഐ.സി.യുവിൽ ഷഹ്നയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫ്‌ളാറ്റിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ ഇന്നലെ ഉച്ചയ്ക്ക് മൃതദേഹം പൊതുദർശനത്തിന് വച്ചു. പഠനത്തിൽ മിടുക്കിയും ജോലിയിൽ സമർത്ഥയുമായിരുന്ന ഷഹ്നയുടെ ചേതനയറ്റ ശരീരം കണ്ട് സുഹൃത്തുക്കൾ വിങ്ങിപ്പൊട്ടി.
മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. തുടർന്ന് വെഞ്ഞാറമ്മൂട് ജുമാ മസ്ജിദിൽ കബറടക്കി. സഹോദരൻ: ജസീം നാസ (കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയർ) സഹോദരി: ജാസിൻ നാസ.
മറുനാടന് മലയാളി ബ്യൂറോ