തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിൽനിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. റുവൈസിനെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യും. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുക്കാൻ വൈകിയാൽ ഇന്ന് റുവൈസ് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുമെന്ന സൂചനയുണ്ടായിരുന്നു.

നേരത്തെ ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയർന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാർ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഷഹ്ന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി.ജി ഡോക്ടർമാരുടെ സംഘടന (കെ.എംപി.ജി.എ) നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്. ഇതിനിടെ, ഡോക്ടർ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, ജില്ല കലക്ടർ, കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടി. ഡിസംബർ 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് മെഡിക്കൽ കോളജ് പൊലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ അറിയിച്ചു. പ്രയാസങ്ങളെല്ലാം ആത്മഹത്യകുറിപ്പിൽ എഴുതിയാണ് ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്തത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയത്.രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹ്ന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പി.ജി ചെയ്യുകയായിരുന്നു ഷഹ്ന. സുഹൃത്തും പി.ജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷഹ്ന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്റെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. ഇതോടെ, വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.

വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന പഠനത്തിൽ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എം.ബി.ബി.എസ് പ്രവേശനം. വിദേശത്തായിരുന്നു പിതാവ് കുറച്ചു കാലം മുമ്പാണ് മരിച്ചത്. സഹോദരൻ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുകയാണ്.