തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനം തന്നെ. സുഹൃത്ത് ഡോ. റുവൈസ് എല്ലാ അർത്ഥത്തിലും ഷഹ്നയെ വഞ്ചിച്ചു. ഇവരുടെ വിവാഹം ഉറപ്പിച്ചതാണ്. ഷഹ്നയുടെ വീട്ടിലെത്തി റുവൈസിന്റെ മാതാപിതാക്കൾ വളയിട്ട് മടങ്ങുകയും ചെയ്തു. വിവാഹം ഉറപ്പിക്കലിന് സമാനമാണ് ഇത്. ഇതോടെ ഷഹ്ന ഏറെ പ്രതീക്ഷയിലായി. ഇതിനിടെയാണ് സ്ത്രീധനത്തിൽ ആവശ്യം ഉയരുന്നത്. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ റുവൈസ് അകലം തുടങ്ങി. ആ നിരാശയാണ് ഷഹ്നയുടെ ജീവനെടുത്തത്. വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു ഷഹ്നയുടെ ആത്മഹത്യ.

എസ് എഫ് ഐ നേതാവ് കൂടിായായ മെഡിക്കോസ് ഡോക്ടറെ രക്ഷിക്കുന്ന തരത്തിൽ ചില ഇടപെടലുണ്ടായി. ആത്മഹത്യാ കുറിപ്പിൽ പേരില്ലാ എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പക്ഷേ തെളിവുകളെല്ലാം റുവൈസിന് എതിരായി. ഷഹ്നയുടെ അമ്മ തന്നെ പരാതി നേരിട്ട് വനിതാ കമ്മീഷനെ അറിയിച്ചു. ഇതോടെ പൊലീസിനും മൊഴി എടുക്കേണ്ടി വന്നു. വളയിട്ടതും വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ച് വീട് പെയിന്റടിച്ചതും തെളിവായി. ഷഹ്നയുടെ മൊബൈൽ പൊലീസിന്റെ കൈയിലാണ്. ഇതിലും തെളിവുകളുണ്ടാകും. എന്നാൽ ഈ തെളിവുകൾ 'സഖാവിന്' വേണ്ടി നശിപ്പിക്കുമെന്ന സൂചനയുമുണ്ട്. ഷഹ്നയുടെ ആത്മഹത്യാ കുറിപ്പാണ് റുവൈസിനെ അകത്താക്കിയത്.

150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ് നയുടെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പിൽ പറയുന്നുണ്ട്.

ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ഡോ ഷഹ്നയെ വിവാഹ വാഗ്ദാനത്തിൽ ചതിച്ചത് എല്ലുരോഗ വിഭാഗത്തിലെ 'സഖാവായ' വിദ്യാർത്ഥി നേതാവാണ് എന്ന വാർത്ത മറുനാടൻ നൽകിയിരുന്നു. വിപ്ലവം മാത്രം വാക്കുകളിൽ നിറയ്ക്കുന്ന സഖാവാണ് ഡോക്ടർ. ഈ ഡോക്ടറുടെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. എസ് എഫ് ഐ രാഷ്ട്രീയത്തിന്റെ ഭാഗമായ ഈ നേതാവിനെതിരെ പൊലീസും ചെറുവിരൽ അനക്കാൻ ഇടയില്ലെന്ന നിഗമനവും ചർച്ചയാക്കി. ഇതോടെ പൊലീസിന് സമ്മർദ്ദമായി. വനിതാ കമ്മീഷൻ ഇടപെട്ടു. അത് അറസ്റ്റായി മാറുകയും ചെയ്തു.

കൊല്ലത്ത് വിസ്മയയെ കൊന്നതിന് സമാനമാണ് ഈ കേസും. ഇവിടെ വിവാഹം കഴിഞ്ഞില്ല. പ്രണയിച്ച കുട്ടിയെ വിവാഹം കഴിക്കാൻ സ്ത്രീധനം ചോദിച്ചതാണ് ഡോ ഷഹ്നയെ തളർത്തിയത്. അമ്പതു ലക്ഷവും അമ്പതു പവനും ഒരു കാറും നൽകാമെന്ന് ഡോക്ടറായ പയ്യന് ഷഹ്നയുടെ വീട്ടുകാർ ഉറപ്പു നൽകി. എന്നാൽ വിപ്ലവകാരിയെന്ന് സ്വയം അവകാശപ്പെടുന്ന നേതാവിന് കെട്ടാൻ പോകുന്ന കുട്ടിയുടെ വീട്ടിൽ നിന്നും ഫ്ളാറ്റും ബിഎംഡബ്ല്യൂവും കൂടിയേ തീരു. 150 പവനും ചോദിച്ചതായാണ് സൂചന. കല്യാണമെല്ലാം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഷഹ്നയുടെ വീട്ടിൽ പെയിന്റു ചെയ്യാനും തുടങ്ങി. പിന്നാലെയായിരുന്നു പ്രതിസന്ധി എത്തിയത്. ഇതോടെ ഷഹ്ന വിഷാദത്തിലായി. ഈ ദുഃഖമാണ് ആ കുട്ടിയുടെ ജീവനെടുത്തത്. അതുകൊണ്ട് തന്നെ സ്ത്രീധന നിരോധന നിയമ പ്രകാരം അത് ചോദിച്ചവരെ അകത്തിടേണ്ട കേസുമാണ്. ഇത് തന്നെയാണ് പൊലീസ് ഒടുവിൽ ചെയ്തത്.

വിസ്മയയുടേത് മരണ ശേഷമുള്ള സ്ത്രീധന പീഡന ആത്മഹത്യയായിരുന്നു. എൻജിനിയിറിങ് ബിരുധദാരിയായ ഭർത്താവായിരുന്നു പ്രതി. മോട്ടോർ വെഹിക്കൾ വകുപ്പിലെ ഉന്നത ജോലിയുണ്ടായിട്ടും ആക്രാന്തം തുടർന്ന ആ ഭർത്താവ് ജയിലിലാണ്. കോടതി ശിക്ഷിക്കുകയും ചെയ്തു. യുവതലമുറയ്ക്ക് മുന്നിൽ ചില ചോദ്യങ്ങൾ ഇട്ടായിരുന്നു ആ വിധി. എന്നാൽ അതൊന്നും ഡോ റുവൈസ് അറിഞ്ഞതോ കേട്ടതോ ഇല്ല. കല്യാണത്തിന് മുമ്പ് തന്നെ പ്രണയിനിയെ സ്ത്രീധന കുടുക്കിൽ ചതിച്ചു. ആ കുട്ടി ആത്മഹത്യയും ചെയ്തു. ഉയർന്ന വിദ്യാഭ്യാസമുള്ള റുവൈസിന്റെ ചതിക്ക വീട്ടുകാരും പിന്തുണയുമായി ഉണ്ടായിരുന്നുവെന്നാണ് സൂചന. വിസ്മയയുടെ മരണത്തിൽ കിരണിനെതിരെ അതിവേഗ നീക്കമുണ്ടായി. അതിവേഗ വിചാരണയും ശിക്ഷയും ഉണ്ടായി. അതുപോലെ റുവൈസിനെതിരേയും നടപടി എടുക്കേണ്ടതുണ്ട്.

പിജി ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽന്ന ഡോ റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എംബിബിഎസും പഠിച്ചത്. മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്കുകാരനായിരുന്നു. ഫസ്റ്റ് ക്ലാസിലാണ് എംബിബിഎസും പൂർത്തിയാക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് പിജിക്കും കിട്ടി. എല്ലു രോഗത്തിലാണ് തുടർ പഠനം. അങ്ങനെ വിപ്ലവ മുദ്രാവാക്യങ്ങളുമായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് വാക്കുകളിലൂടെ മുദ്രാവാക്യം വിളിക്കുന്ന നേതാവാണ് ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയെന്നതാണ് വസ്തുത.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനി ഡോ.ഷഹ്നയുടെ മരണത്തിലാണ് സ്ത്രീധനം വീണ്ടും ചർച്ചയാകുന്നത്. തിങ്കളാഴ്ച രാത്രിയാണ് സഹപാഠികൾ ഷഹ്നയെ മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്ന.

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവർഷം മുൻപായിരുന്നു ഷഹ് നയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്.