തിരുവനന്തപുരം: വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വെഞ്ഞാറമൂട് സ്വദേശിനിയായ മെഡിക്കൽ പിജി വിദ്യാർത്ഥിനി ഡോ.എ.െജ.ഷഹ്ന ജീവനൊടുക്കിയ സംഭവത്തിലെ പൊലീസ് വീഴ്ചയിൽ ഇന്റലിജനൻസ് അന്വേഷണം. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ മറച്ചു വയ്ക്കാനുള്ള ബോധ പൂർവ്വമായ ശ്രമമുണ്ടായി. ഇതിന് പിന്നിൽ മെഡിക്കൽ കോളേജിലെ 'ഡി ആർ ഫാൻസ്' മാഫിയയാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് അന്വേഷണം.

അതിനിടെ കേസിലെ മുഖ്യപ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസിനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അഡി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജിന്റെതാണ് ഉത്തരവ്. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും റുവൈസിന്റെ പിതാവും കേസിലെ മറ്റൊരു പ്രതിയുമായ അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അനാസ്ഥയാണ് ഇയളെ രക്ഷപ്പെടാൻ അനുവദിച്ചത്. സ്ത്രീധനം ചോദിക്കുകയെന്നത് ഗുരുതര കുറ്റകൃത്യമാണ്. ഇത് മനസ്സിലാക്കിയാണ് ആത്മഹത്യാ കുറിപ്പ് അടക്കം തുടക്കത്തിൽ രഹസ്യമാക്കിയത്. സ്ത്രീധന വിവരങ്ങൾ ഷഹ്നയുടെ കുടുംബം പുറത്തു വിട്ടതു കൊണ്ട് മാത്രമാണ് കേസിൽ വഴിത്തിരിവായത്.

ഒളിവിൽ പോയ റുവൈസിന്റെ പിതാവിന്റെ ചിത്രം പോലും പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇതുകൊണ്ട് തന്നെ ഇയാൾക്ക് ഒളിവിൽ കഴിയുമ്പോഴും കറങ്ങി നടക്കാൻ കഴിയുന്നു. ഓയൂരിലും മറ്റും പ്രതികളെ പിടികൂടാൻ കാട്ടിയ ആവേശം ഈ കേസിൽ പൊലീസ് എടുക്കുന്നില്ല. പ്രവാസിയാണ് റുവൈസിന്റെ അച്ഛൻ. ഇയാൾ രാജ്യം വിടാനും സാധ്യതയുണ്ട്. ലുക്ക് ഔട്ട് നോട്ടീസും ഇറക്കുന്നില്ല. പ്രതിയുടെ ചിത്രം പുറത്തു വന്നിരുന്നുവെങ്കിൽ നാട്ടുകാർ തന്നെ ഈ സ്ത്രീധന പീഡകനെ പിടിക്കുമായിരുന്നു.

ഭാര്യയോടൊപ്പം ജില്ല വിട്ടതായും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായുമാണു സൂചന. ഈ മാസം 4 ന് രാത്രിയിലാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്തു ഷഹ്നയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. കനത്ത സ്ത്രീധനം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത് റുവൈസിന്റെ പിതാവാണെന്നു ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. റുവൈസിന്റെയും അബ്ദുൽ റഷീദിന്റെയും പങ്കിനെക്കുറിച്ചു കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നെങ്കിലും മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ(എസ്എച്ച്ഒ) തുടക്കത്തിൽ ഇതു മറച്ചു വച്ചത് വിവാദത്തിനിടയാക്കിയെന്ന് മനോരമ ഇന്നും റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് കേസ് അട്ടിമറിക്ക് സാധ്യതയൊരുക്കിയതെന്നാണ് സൂചന.

ഷഹ്നയുടെ മരണം വൻ ചർച്ചയായതോടെയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും റുവൈസിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായത്. കുറിപ്പിലെ വിവരങ്ങൾ മറച്ചു വച്ചതിൽ ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് മനോരമ വാർത്ത. എന്നാൽ തൽകാലം ഈ വിഷയത്തിൽ പൊലീസിനെതിരെ നടപടികളൊന്നും ഉണ്ടാകില്ല. ഡി ആർ ഫാൻസിലേക്ക് അന്വേഷണം എത്താതിരിക്കാനും നീക്കമുണ്ട്. എത്രയവും വേഗം റുവൈസിന്റെ പിതാവിനെ പിടികൂടുമെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് മറുനാടന് നൽകുന്ന ഉറപ്പ്. അതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. റുവൈസിൽ നിന്നും നിർണ്ണായക വിവരം കിട്ടുമെന്നാണ് പ്രതീക്ഷ.

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് ഗുരുതര പരാമർശങ്ങളുമായാണ്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ ഈ ജാമ്യ ഹർജിയിലെ നിരീക്ഷണം കണ്ടിട്ടും കേട്ടിട്ടും പൊലീസിന് മാത്രം കുലുക്കമില്ല. ഇതാണ് റുവൈസിന്റെ അച്ഛൻ ഒളിവ് ജീവിതം ചർച്ചയാക്കുന്നത്.

അബ്ദുൾ റഷീദാണ് സ്ത്രീധനത്തിന് കൂടുതൽ സമ്മർദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്‌സ്ആപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു. സ്ത്രീധനത്തിനായി കൂടുതൽ സമ്മർദ്ദം അബ്ദുൾ റഷീദ് ചെലുത്തിയെന്ന് ഷഹ്നയുടെ അമ്മയും പൊലീസിന് മൊഴി നല്കിയിരുന്നു. ഇതേത്തുടർന്നാണ് അബ്ദുൾ റഷീദിനെയും പ്രതിചേർത്തത്. എന്നാൽ അബ്ദുൽ റഷീദിനെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസ് ഒത്തുകളിക്കുന്നതിനാലെന്ന് ആരോപണമുയർന്നിട്ടുണ്ട്. നിർണായക തെളിവുകൾ കിട്ടിയെങ്കിലും ആദ്യം പൊലീസ് മറച്ചുവച്ചു. ഇത് പ്രതി രക്ഷപ്പെടാൻ കാരണമായി. ഇതിന് പിന്നിൽ മെഡിക്കൽ കോളേജിലെ 'ഡികെ ഫാൻസാണെന്നാണ്' ഉയരുന്ന ആക്ഷേപം.

തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഭരിക്കുന്നത് 'ഡി ആർ ഫാൻസ്' എന്ന കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിൽ അംഗമായിരുന്നു പിജെ മെഡിക്കൽ വിദ്യാർത്ഥികളുടെ അസോസിയേഷൻ നേതാവ് കൂടിയായ റുവൈസ്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനെ നിയന്ത്രിക്കുന്നതും ഡിആർ ഫാൻസാണ്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ എല്ലാം 'ഡിആർ ഫാൻസ്' ചർച്ചകളിൽ എത്തി. അഴിമതിയും രോഗീ പീഡനവുമെല്ലാം നടത്തുന്ന ഈ വിഭാഗത്തിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. മെഡിക്കൽ കോളേജിലെ നിയമനങ്ങൾ പോലും ഈ ഗ്രൂപ്പാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് വാട്സാപ്പ് ചാറ്റ് പുറത്തു വന്നതും തിരുവനന്തപുരം കോർപ്പറേഷനിലെ മാറ്റങ്ങളും എല്ലാം 'ഡിആർ ഫാൻസ്' ചർച്ചകളിലൂടെയാണ്. അങ്ങനെ കുപ്രസിദ്ധരായ ഈ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.

ഈ ഗ്രൂപ്പാണ് റുവൈസിന് വേണ്ടി ആദ്യം രംഗത്തു വന്നത്. മെഡിക്കൽ കോളേജ് പൊലീസിനും ഇവരെ ഭയമാണ്. ഇവർക്കെതിരെ നിലപാട് എടുത്താൽ ആ പൊലീസുകാരനോ ഉദ്യോഗസ്ഥനോ പിന്നീട് ആ സ്റ്റേഷനിൽ തുടരാനാകില്ല. അതുകൊണ്ടാണ് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ് അടക്കം ആദ്യം പൊലീസ് മറച്ചു വച്ചത്. റുവൈസിനെ അറസ്റ്റുചെയ്യുമെന്ന് വന്നതോടെ അബ്ദുൾ റഷീദ് വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നതായാണ് സൂചന. ഇയാൾ ഫോൺ ഉപയോഗിക്കുന്നില്ല. അതിനാൽ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. റഷീദിനെതിരെ നിർണായ തെളിവുകൾ കിട്ടിയെങ്കിലും അത് മറച്ചുവെക്കുന്ന നിലപാടാണ് ആദ്യം പൊലീസ് സ്വീകരിച്ചത്.

ഷഹ്നയുമായുള്ള വിവാഹത്തിൽ നിന്ന് അവസാന നിമിഷമാണ് റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹ്ന ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഷഹ്ന ആത്മഹത്യ ചെയ്യാൻ പോകുന്നതായി അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ചയാണ്. കേസിലെ രണ്ടാം പ്രതിയും ഡോ. റൂവൈസിന്റെ പിതാവുമായ അബ്ദുൽ റഷീദിനും കുടുംബത്തിനും മുങ്ങാൻ അവസരമൊരുക്കിയത് അന്വേഷണ സംഘത്തിന്റെ നിസംഗതയാണ്.