കൊച്ചി: തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചു ഹൈക്കോടതി. ആത്മഹത്യക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശങ്ങളുണ്ട്. റുവൈസ് ഷഹനയുടെ വീട്ടിൽപോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്സാക്ഷികളുണ്ടെന്ന് കോടതി പറഞ്ഞു.

ആത്മഹത്യ ചെയ്ത ദിവസം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കിയെന്നും ഷഹനയെ ബ്ലോക്ക് ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡോ. ഇ.എ. റുവൈസ് നൽകിയ ജാമ്യഹരജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിരീക്ഷണം. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

പ്രണയബന്ധം തകർന്നതാണ് പ്രശ്നമെന്നും സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നുമാണ് റുവൈസിന്റെ വാദം. ഡിസംബർ ഏഴുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതാണ്. ഫോണും ലാപ്‌ടോപ്പും കാറുമൊക്കെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെന്ന പരിഗണന നൽകണമെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് പഠനത്തെയും കരിയറിനെയും ബാധിക്കുമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.

ഷഹനയുടെ ആത്മഹത്യക്ക് കാരണം ഡോ. റുവൈസും പിതാവും വിവാഹത്തിന് ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനെതുടർന്നാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ വിവിധ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ നാഗരാജു നേരിട്ടും ജില്ല കലക്ടർക്കുവേണ്ടി പ്രതിനിധിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ജില്ല സ്ത്രീധന നിരോധന ഓഫിസറും ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഇതു വ്യക്തമാക്കുന്നത്.

നേരത്തെ ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമർശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ആത്മഹത്യാ കുറിപ്പിൽ ഒന്നുമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. റുവൈസിനെ രക്ഷിക്കാനും ശ്രമിച്ചു.

ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്ചർ ബ്ലാങ്ക് ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. ഈ കുറിപ്പിൽ നിറയുന്നതും സ്ത്രീധന മരണത്തിന്റെ സൂചനയാണ്. പണം ചോദിച്ചിട്ടില്ലെന്നും നേരത്തെ വിവാഹം നടത്തണമെന്ന ആവശ്യത്തിനെ മാത്രമേ എതിർത്തിട്ടുള്ളൂവെന്നുമായിരുന്നു റുവൈസിന്റെ നിലപാട്.

അതിനിടെ ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയിൽ നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് ഹൈക്കോടതിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇത് ഇപ്പോൾ റുവൈസ് അംഗീകരിക്കുന്നില്ല. ആത്മഹത്യാ കുറിപ്പിലെ വാചകം കോടതി ഗൗരവത്തോടെ എടുത്താൽ റുവൈസിന് അഴിക്കുള്ളിൽ തുടരേണ്ടി വരും.

ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.