തിരുവനന്തപുരം: ഡോ.ഷഹ്നയുടെ മരണവുമയി ബന്ധപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ റിപ്പോർട്ടു പുറത്ത്. മെഡിക്കൽ കോളജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവമാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹ്നയുടെ മരണത്തിനിടയാക്കിയതെന്നാണ് ഡിഎംഇ ഡോ.തോമസ് മാത്യുവിന്റെ റിപ്പോർട്ട്. വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നു ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

ഈ മാസം നാലിനു രാത്രിയിലാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസ സ്ഥലത്താണ് പിജി വിദ്യാർത്ഥിനി ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസുമായി ഷഹ്ന അടുപ്പത്തിലായിരുന്നുവെന്നും വിവാഹം നടക്കില്ലെന്നു റുവൈസ് അറിയിച്ചതിനെ തുടർന്ന് ഷഹ്ന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമം സ്ത്രീധനമായി വൻതുക നൽകാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്താലാണ് ഷഹ്ന ജീവനൊടുക്കിയതെന്നു കലക്ടറുടെയും ജില്ലാ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ലാ വനിതാശിശുവികസന ഓഫിസറുടെയും റിപ്പോർട്ടിൽ പറയുന്നു.

സിറ്റി പൊലീസ് കമ്മിഷണറും ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദീന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ റുവൈസും പിതാവും വൻസ്ത്രീധനം ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ വ്യക്തമാക്കിയെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്.കമ്മിഷൻ മുൻപാകെ നേരിട്ടു ഹാജരായ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽ റുവൈസ്, പിതാവ് അബ്ദുൽ റഷീദ് എന്നിവരെ പ്രതി ചേർത്തതായും റുവൈസിനെ അറസ്റ്റ് ചെയ്തായും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.

കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചു. കേസ് ക്രിസ്മസ് അവധിക്ക് ശേഷമുള്ള സിറ്റിംഗിൽ പരിഗണിക്കും. ഷഹ്നയുടെ മരണത്തിൽ മാധ്യമവാർത്തകളെ തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ. ഗീത രവീന്ദ്രൻ, ആർ.എം.ഒ ഡോ. മോഹൻ റോയ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി.വി ജയ എന്നിവരും കമ്മിഷൻ മുമ്പാകെ ഹാജരായി.

അതേസമയം കേസിൽ ഡോ.ഇ.എ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭാര്യയോടൊപ്പം ജില്ല വിട്ടതായും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായുമാണു സൂചന. ഈ മാസം 4 ന് രാത്രിയിലാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്തു ഷഹ്നയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്.

കനത്ത സ്ത്രീധനം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത് റുവൈസിന്റെ പിതാവാണെന്നു ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. റുവൈസിന്റെയും അബ്ദുൽ റഷീദിന്റെയും പങ്കിനെക്കുറിച്ചു കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നെങ്കിലും മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ(എസ്എച്ച്ഒ) തുടക്കത്തിൽ ഇതു മറച്ചു വച്ചത് വിവാദത്തിനിടയാക്കി. ഷഹ്നയുടെ മരണം വൻ ചർച്ചയായതോടെയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും റുവൈസിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായത്. കുറിപ്പിലെ വിവരങ്ങൾ മറച്ചു വച്ചതിൽ ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.