ന്യൂഡൽഹി: ഗുജറാത്ത് തീരത്തിന് അടുത്ത് ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിന് നേരേ ഡ്രോൺ ആക്രമണം. ഇതേ തുടർന്ന് കപ്പലിൽ തീപിടിത്തവും, സ്‌ഫോടനവുമുണ്ടായി. 20 ഓളം ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ വെരാവലിൽ നിന്ന് 217 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് സംഭവം. അറബി കടലിലൂടെ സഞ്ചരിച്ച എം വി ചെം പ്ലൂട്ടോ എന്ന കപ്പലിലേക്ക് നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ കുതിച്ചെത്തി.

അസംസ്‌കൃത എണ്ണയുമായി സൗദിയിലെ തുറമുഖത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ. തീയണച്ചെങ്കിലും, കപ്പലിന്റെ പ്രവർത്തനത്തെ തീപ്പിടുത്തം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് വിക്രം കപ്പലാണ് സഹായത്തിനായി എത്തിയത്.

ഒരുവിമാനം സംഭവസ്ഥലത്തേക്ക് അയച്ചാണ് ജീവനക്കാർ സുരക്ഷിതരെന്ന് ഉറപ്പ് വരുത്തിയതെന്ന് നാവിക സേനാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ബ്രീട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിട്ടൈം ട്രേഡ് ഓപ്പറേഷൻസ് ആക്രമണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചെങ്കടലിൽ യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ മാസം ഇസ്രയേൽ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടേതെന്ന് സംശയിക്കുന്ന ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. കപ്പലിന് സാരമായ കേടുപാടും ഉണ്ടായിരുന്നു.

ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം കപ്പലുകൾക്ക് നേരേ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. ഇതോടെ, പ്രമുഖ കമ്പനികളെല്ലാം, ഉയർന്ന ഇന്ധന ചെലവും മറ്റും സഹിച്ച് ആഫ്രിക്കയുടെ തെക്കൻ മുനമ്പ് ചുറ്റി കപ്പലുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഹൂതി വിമതർ 35 വ്യത്യസ്ത രാജ്യങ്ങളിലെ 10 ചരക്കുകപ്പലുകൾക്ക് നേരേ 100 ലേറെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മാൾട്ടയുടെ ചരക്കുകപ്പലിൽ നിന്ന് പരിക്കേറ്റ നാവികനെ രക്ഷിക്കാൻ ഇന്ത്യൻ നാവിക സേന സഹായിച്ചതിന് പിന്നാലെയാണ് അറബി കടലിലെ ഡ്രോൺ ആക്രമണം. അറബി കടലിൽ എം വി റൂൻ എന്ന കപ്പലിൽ അനധികൃതമായി ആറ് കടൽ കൊള്ളക്കാർ പ്രവേശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.