- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പുൽക്കൂട് നശിപ്പിച്ച് കുരിശ് സ്ഥാപിച്ചു; ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു; ചെടിച്ചട്ടികളും ഗ്യാസ് സിലിണ്ടറുകളും വലിച്ചെറിഞ്ഞത് പോരാതെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം; എരവിമംഗലത്ത് കഞ്ചാവ് സംഘത്തിന്റെ പരാക്രമം; എരവിമംഗലത്ത് ജീവിക്കാൻ പേടിയെന്ന് വീട്ടുടമ
തൃശൂർ: എരവിമംഗലത്ത് കഞ്ചാവ് സംഘം വീടാക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമമുണ്ടായത്. വ്യാപകമായ ആക്രമണമാണ് അക്രമികൾ വീട്ടിൽ നടത്തിയത്. വീടിന് മീതെയുള്ള സോളാർ പാനൽ അടിച്ചുതകർത്ത സംഘം വളർത്തു കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. പുൽക്കൂട് നശിപ്പിച്ച് ഇതിൽ കുരിശ് സ്ഥാപിക്കുകയും ഫിഷ് ടാങ്കിൽ മണ്ണും കല്ലും നിറയ്ക്കുകയും ചെയ്തു.
ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമി സംഘം വീടിന്റെ ശുചിമുറിയിലെ ടൈലുകൾ നശിപ്പിക്കുകയും ഗ്യാസ് സിലിണ്ടറുകൾ എടുത്ത് വലിച്ചെറിയുകയും ചെയ്തു. ഇതുകൊണ്ടും മതിയാകാതെ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാനും സംഘം ശ്രമിച്ചു.
ആക്രമണ സമയം വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. അക്രമികളെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം.പിന്നിൽ കഞ്ചാവ് ലഹരിക്കടിപ്പെട്ട കുട്ടികളാണെന്നും വീണ്ടും ആക്രമിക്കുമോ എന്ന് ഭയമുണ്ടെന്നും വീട്ടുടമ ഷാജു പറഞ്ഞു. ക്രിസമസ് ആഘോഷങ്ങൾക്കായി ഭാര്യ വീട്ടിൽ പോയിരിക്കുകയായിരുന്നു ഷാജുവും കുടുംബവും.
ഇന്ന് രാവിലെ മടങ്ങിയെത്തി നടത്തിയ പരിശോധനയിലാണ് പരാക്രമത്തിന്റെ ചിത്രം കിട്ടിയത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമവും നടത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ചില കുട്ടികൾ നടന്നു പോകുന്നത് കണ്ടതായി വിവരം നൽകിയത്. ഷാജുവിന്റെ വീട്ടിന്റെ പിൻ ഭാഗം പാടവും ചതുപ്പുമാണ്. ഇവിടെ ലഹരി സംഘം താവളമാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഷാജു വീട്ടിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതാവാം വീടടിച്ചു തകർക്കാനുള്ള പ്രകോപനമായി സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ചെങ്കിലും അത് പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. ഒല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ നാട്ടുകാർ കണ്ടിരുന്നു. ഇക്കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ