- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ആശുപത്രികളുടെ ഒപി ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നു; മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരിമാഫിയ കുത്തിവയ്പ് മരുന്നുകളും ഗുളികളും വാങ്ങിക്കൂട്ടുന്നു; വ്യാജ കുറിപ്പുമായി മരുന്നു വാങ്ങാനെത്തിയ ആളെ പിടികൂടി നാട്ടുകാർ
ഇടുക്കി: സർക്കാർ ആശുപത്രികളുടെ ഒപി ടിക്കറ്റ് ദുരുപയോഗം ചെയ്ത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരിമാഫിയ കുത്തിവയ്പ് മരുന്നുകളും ഗുളികളും വാങ്ങിക്കൂട്ടുന്നതായി സൂചന. മനോരോഗങ്ങൾക്കും വേദനയ്ക്കും മറ്റുമായി ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നുകളാണ് ഇത്തരത്തിൽ ചിലർ വാങ്ങിക്കൂട്ടുന്നതായി സൂചന ലഭിച്ചിട്ടുള്ളത്.വ്യാജമായി തയ്യാറാക്കിയ കുറിപ്പടിയുമായി തൊടുപുഴയിലെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നുവാങ്ങാനെത്തിയ ആളെ സംശയം തോന്നി ചിലർ പിടികൂടിയിരുന്നു.
ഡോക്ടർ എഴുതിത്ത്തന്ന കുറിപ്പടിയാണ് കൈയിലുള്ളതെന്ന് ഇയാൾ ആവർത്തിച്ച് വ്യക്തമാക്കിയതോടെ തടഞ്ഞുവച്ചവർ ഇയാളെ ആശുപത്രിയിൽ തെളിവെടുപ്പിനായി എത്തിച്ചു. ജീവനക്കാർ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ എത്തുന്നതെന്നാണ് ഇതിന് പിന്നാലെ മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.കഴിഞ്ഞ ഡിസംബർ മുതൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നതായിട്ടാണ് അധികൃതർ നടത്തിയ പ്രാഥമീക അന്വേഷണത്തിൽ ലഭിച്ച വിവരം.
ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ജില്ലാ ആശുപത്രി തൊടുപുഴയിലെ ഒ.പി.ടിക്കറ്റ് ദുരുപയോഗിച്ച് സാമൂഹ്യദ്രോഹികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇൻജക്ഷനുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയുടെ ഒ.പി. ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം.ഫോൺ - 04862 222630. തൊടുപുഴ ജില്ല ആശുപത്രി സൂപ്രണ്ട് അറിയിപ്പിൽ വ്യക്തമാക്കി.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്നും അത്യാഹിത വിഭാഗത്തിൽ ചീട്ടെടുത്ത ശേഷം മരുന്നുകലുടെ പേരുകൾ എഴുതി നേരെ മെഡിക്കൽ സ്റ്റോറുകളിൽ എത്തുകയാണ് തട്ടിപ്പുകാരുടെ രീതി. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വ്യാജ ഓ പി ടിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ഇൻജക്ഷനുകൾ വാങ്ങാൻ എത്തുന്നതായി കണ്ടെത്തി. അതേസമയം ആശുപത്രിയുടെ ഒ.പി. ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായി അധികൃതർ നിരവധിതവണ പൊലീസിൽ പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
മറുനാടന്‍ മലയാളി ലേഖകന്.