കൊച്ചി: കലൂരിലെ രാസലഹരി വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നു 25 ലക്ഷത്തോളം രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ ഉൾപപ്പെട്ട കോട്ടയം സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ചു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. അരക്കിലോയോളം രാസലഹരിയാണ് ഇവരിൽ നിന്നു പിടികൂടിയത്.

എക്സൈസ് സംഘം രാസലഹരി ആവശ്യപ്പെട്ട് ഇവരെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. 'തുമ്പിപ്പെണ്ണ്' എന്ന പേരിൽ അറിയപ്പെടുന്ന, നഗരത്തിലെ ലഹരിവിൽപനയ്ക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും സംഘവുമാണ് എക്സൈസ് പിടിയിലായത്.
തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന സൂസിമോളെ വലയിലാക്കാൻ എക്സൈസ് സംഘം പലവട്ടം ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല കൈവശം മയക്കുമരുന്ന് സൂക്ഷിക്കാതെ രഹസ്യകേന്ദ്രങ്ങളിൽ ആവശ്യക്കാരെ വിളിച്ചുവരുത്തി, വിൽപ്പന നടത്തുന്ന രീതിയാണ് സുസിമോൾ സ്വീകരിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ലഹരിയുടെ മൊത്തവിൽപ്പനക്കാർ, ആളൊഴിഞ്ഞ സ്ഥലത്ത് എംഡിഎംഎ അടക്കം ചെയ്ത കവർ കൊണ്ടിടും. ഉടൻ സ്ഥലം സംബന്ധിച്ചും കവറിന്റെ നിറവും മറ്റും വ്യക്തമാക്കി ഫോൺ സന്ദേശം എത്തും. കഴിയാവുന്നത്ര വേഗത്തിൽ സ്ഥലത്തെത്തി സംഘം കവർ എടുക്കും. ദിവസങ്ങൾക്കുള്ളിൽ സാധനം വിറ്റുതീർക്കും. പണം അജ്ഞാതൻ നിർദ്ദേശിക്കുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കും. കിട്ടുന്നത് കമ്മീഷൻ മാത്രം.

ഇതാണ് ഇന്നലെ കൊച്ചിയിൽ പിടിയിലായ യുവതി അടക്കമുള്ള രാസ ലഹരി വിൽപ്പന സംഘം പ്രവർത്തന രീതിയെക്കുറിച്ച് എക്സൈസിന് നൽകിയ വിവരങ്ങളുടെ ഏകദേശ രൂപം.

കലൂർ സറ്റേഡിയത്തിന്റെ കിഴക്ക് വശത്തുള്ള അറേബിയൻ പാലസ് ഹോട്ടലിന് മുൻവശത്തുനിന്നും 327.434 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ ആലുവ ചെങ്ങമനാട് കല്ലൂക്കാടൻപ്പറമ്പിൽ വീട്ടിൽ അമീർ സുഹൈൽ (23) കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ വീട്ടിൽ സൂസിമോൾ എം സണ്ണി (24)കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് കുറുമ്പനാട്ട് പറമ്പ് വീട്ടിൽ അജ്മൽ കെ എ (24) ആലുവ അങ്കമാലി മങ്ങാട്ടുകര പുളിയനം മാളിയേക്കൽ വീട്ടിൽ, എൽറോയ് വർഗ്ഗീസ് (21)എന്നിവരെയാണ് എക്സൈസ് അറസ്്റ്റുചെയ്തിട്ടുള്ളത്.

ഇവർ സഞ്ചരിച്ചിരുന്ന KL 11 AG 74 എന്ന സിഫ്റ്റുകാറും ഒരു ഐ ഫോൺ ഉൾപ്പെടെ 3 മൊബൈലുകളും 5300 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്സ്മെന്റ് അസ്സി. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീമും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, എറണാകുളം റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇന്നലെ രാത്രി 10.15 ഓടെയാണ് ഇവർ പിടിയിലായത്.

ഇവർ രാസലഹരി വിൽക്കുന്നതായി നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. 10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്സൈസ് അംഗങ്ങൾ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. രാത്രി എട്ടോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തി. ഇവർ സ്ഥലത്തെത്തിയ ഉടൻ എക്സൈസ് സംഘം കാർ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തി.

എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി. ടെനിമോൻ , എൻഫോഴ്സ്മെന്റ് അസ്സി. എക്സൈസ് ടി.എൻ. സുധീർ എന്നിവർ സംഭവസ്ഥലത്ത് എത്തി പ്രതികളെ ചോദ്യം ചെയ്തു.

ഇൻസ്പെക്ടർ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എം ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എൻഡി ടോമി, പി.പത്മഗിരീശൻ, ടി. അഭിലാഷ്, പി. അനിമോൾ, ഡൈവർ പ്രവീൺ പിസി, ബദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

കൊച്ചി കേന്ദ്രീകരിച്ചുള്ള സൂസിമോളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.