തൊടുപുഴ: തൊടുപുഴയിൽ നഗരത്തിൽ വൻ ലഹരിവേട്ട. ഹോട്ടൽ മുറിയെടുത്തു രാസലഹരി വിൽപ്പന നടത്തിവന്നയാൾ പിടിയിൽ. 39.12 ഗ്രാം എം.ഡി.എം.എ.യും കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായത്. പട്ടയംകവല കണ്ടത്തിൻകര ഹാരിസാ(താടി ഹാരിസ്-37)ണ് പിടിയിലായത്. ഇത് വിൽക്കുന്നതിനായി ഹോട്ടലിൽ മുറിയെടുത്ത ഇയാളെ തൊടുപുഴ പൊലീസും ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടുകയായിരുന്നു.

ഇയാളുടെ പക്കൽ 23080 രൂപയും പിടിച്ചെടുത്തു. ഇയാളെ 2022-ൽ 28 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. നഗരം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപ്പന നടക്കുന്നുവെന്ന് ജില്ലാപൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പരിശോധനയിൽ എം.ഡി.എം.എയും 4.35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എം.ഡി.എം.എ, വിൽപ്പനയ്ക്കായി ചെറിയ സിപ് കവറുകളിൽ പായ്ക്ക് ചെയ്തിട്ടുണ്ടായിരുന്നു. തൂക്കം നോക്കുന്നതിനായുള്ള ഇലക്ട്രോണിക് ത്രാസ്, ലഹരി ഉപയോഗിക്കുന്നതിനുള്ള രണ്ട് വീതം ഇൻഹേലർ, ഗ്ലാസ് ട്യൂബ്, എ.ടി.എം. കാർഡ്, സ്മാർട്ട് ഫോൺ, ഒരു പാൻ കാർഡ് തുടങ്ങിയവയും പിടിച്ചെടുത്തു.

പ്രതി ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് ലഹരി വിൽപ്പന നടത്താറുണ്ടെന്ന് സിഐ.സുമേഷ് സുധാകർ പറഞ്ഞു. മറ്റാരാളുടെ പേരിലാണ് മുറിയെടുത്തിരുന്നതെന്ന് വിവരമുണ്ട്. ഡിവൈ.എസ്‌പി. ഇമ്മാനുവൽ പോളിന്റെ നിർദേശപ്രകാരം എസ്‌ഐ.മാരായ ജി.അജയകുമാർ, പി.എൻ.ദിനേശ്, ഷംസുദ്ധീൻ, എസ്.സി.പി.ഒ. വജയാനന്ദ്, ഹരീഷ്ബാബു, സി.പി.ഒ.മാരായ അമൽദേവ്, എം.സി.ജോബി, രാജീവ് എന്നിവർ പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.