- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴം ഇറക്കുമതിയുടെ മറവിലുള്ള ലഹരി കടത്തിൽ തനിക്ക് പങ്കില്ല; ഗുജറാത്തിയായ അമൃത് പട്ടേൽ തന്റെ കണ്ടെയ്നറിൽ അയച്ച പാഴ്സലിൽ ആയിരുന്നു ലഹരി; കേസിൽ പിടിയിലായ വിജിന് ലഹരി കടത്തുമായി ബന്ധമില്ല; ഒളിവിലിരിക്കെ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് മൻസൂർ; വീട്ടിൽ ആരും സിഗരറ്റ് പോലും ഉപയോഗിക്കില്ലെന്നും മൻസൂർ നിരപരാധി എന്നും പിതാവ്; മലപ്പുറത്തെ വീട്ടിൽ പരിശോധന നടത്തി ഡിആർഐ സംഘം
മലപ്പുറം: പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ ഡിആർഐ തിരയുന്ന തനിക്ക് ലഹരിക്കടത്തിൽ പങ്കില്ലെന്ന് മൻസൂർ. മൻസൂറിന്റെ പിതാവ് മൊയ്തീൻ അഹമ്മദും ഇക്കാര്യം അവകാശപ്പെട്ടു. ഡിആർഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് മൻസൂറിന്റെയും പിതാവിന്റെയും പ്രതികരണം.
കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന മൻസൂർ വീഡിയോ കോളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് പട്ടേൽ എന്നയാൾ തന്റെ കണ്ടെയ്നറിൽ അയച്ച പാഴ്സലിലായിരുന്നു ലഹരിയെന്നും ദക്ഷിണാഫ്രിക്കൻ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മൻസൂർ പറഞ്ഞു. കേസിൽ പിടിയിലായ വിജിന് ലഹരികടത്തുമായി ബന്ധമില്ലന്നും മൻസൂർ പറഞ്ഞു.
പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെയാണ് അറസ്റ്റുചെയ്തിരുന്നത്. വിജിന്റെ പങ്കാളിയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമയുമായ തച്ചപറമ്പൻ മൻസൂറിനായി തിരച്ചിൽ നടന്നുവരുന്നതിനിടെയാണ് ഒളിവിൽ കഴിയുന്ന മൻസൂറിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
ലഹരിക്കടത്ത് സംഘത്തിലെ രാജ്യാന്തരശൃംഖലയ്ക്കായി ഡിആആർ.ഐ വലവിരിച്ചുകഴിഞ്ഞിട്ടുണ്ട്. വിജിൻ വർഗീസ് പിടിയിലായതിന് പിന്നാലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സിന്റെ കാലടിയിലെ ഗോഡൗണിൽ എക്സൈസിന്റെ പരിശോധന നടന്നിരുന്നു. ഇവിടെ നിന്ന് പഴങ്ങൾ വിതരണം ചെയ്ത സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും. അതേ സമയം മകന് ലഹരിക്കടത്തിൽ പങ്കില്ലെന്ന് അവകാശപ്പെട്ട് മൻസൂറിന്റെ പിതാവ് മൊയ്തീൻ അഹമ്മദ് രംഗത്തുവന്നു.
'ഈ വിഷയത്തെക്കുറിച്ച് കുടുംബത്തിനു പ്രത്യേകിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഞാൻ പള്ളിയിൽ പോയി വന്ന ശേഷം രാവിലെ ആറരയോടെ ബെല്ലടിക്കുന്നതു കേട്ടു. വാതിൽ തുറക്കുമ്പോൾ രണ്ടു വണ്ടികളിൽ ആളുകൾ പുറത്തു നിൽപ്പുണ്ട്. അവർ എന്നെ കണ്ടപ്പോൾ ഡിആർഐയിൽ നിന്നാണെന്നും ചില പ്രശ്നങ്ങളുള്ളതിനാൽ വീടു പരിശോധിക്കണമെന്നും പറഞ്ഞു. ഡൽഹിയിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് വന്നതാണെന്നും വീടു പരിശോധിക്കുന്നതിൽ വിരോധമുണ്ടോയെന്നും ചോദിച്ചു.
ഞങ്ങൾക്ക് അത്തരത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഞാൻ പറഞ്ഞു' മൻസൂറിന്റെ പിതാവ് പ്രതികരിച്ചു. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറിൽ പാഴ്സൽ നിറച്ചിരുന്നു. കണ്ടെയ്നർ അയയ്ക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നു. കുടുംബത്തിൽ ആരും സിഗററ്റ് പോലും വലിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിആർെഎ മുംബൈയിൽനിന്നു പിടികൂടിയ വൻ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് മൻസൂർ സംശയനിഴലിലായത്. പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെ അറസ്റ്റു ചെയ്തിരുന്നു.വിജിന്റെ പങ്കാളി കൂടിയാണ് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ തച്ചപറമ്പൻ മൻസൂർ.
സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാശംങ്ങൾ പുറത്ത് വരുമ്പോഴാണ് സംഭവത്തിന്റെ സൂത്രധാരൻ മോർ ഫ്രഷ് ഉടമ മൻസൂറെന്ന് സൂചന ലഭിച്ചത്. മൻസൂറിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സിന്റെ കാലടിയിലെ ഓഫിസിൽ എക്സൈസ് പരിശോധനയും നടത്തിയിട്ടുണ്ട്. ലഹരിമരുന്ന് പിടികൂടിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എക്സൈസ് നടപടി. ശീതീകരണിയും ഗോഡൗണും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസൻസ് എടുത്തിരിക്കുന്നത്. ജീവനക്കാരന്റെ പേരിലെടുത്ത ഈ മുറി പൂട്ടിക്കിടക്കുകയാണ്. 2018ൽ ഓഫിസ് തുറന്നെങ്കിലും ഏറെക്കാലം പ്രവർത്തിച്ചില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും സമീപത്തെ കടക്കാർ പറയുന്നു.
കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവർത്തിച്ചിരുന്നില്ലെന്നും ഒന്നര വർഷം വാടക പോലും കിട്ടിയിട്ടില്ലെന്നും കെട്ടിട ഉടമയും പ്രതികരിച്ചു. പിന്നീട് വാടക കരാർ പുതുക്കിയില്ലെന്നും ഉടമ ജെയിംസ് പറഞ്ഞു. അതേസമയം ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മൻസൂറായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കാലടിയിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നില്ലെന്നുമാണ് പുറത്തുവന്ന വിവരം. അതിനിടെ, വിജിന്റെ സഹോദരനുമായി ചേർന്ന് മൻസൂർ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിദേശത്തുനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിൻ വർഗീസ് അടക്കമുള്ളവർ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മൻസൂറും പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ദുബായിലേക്ക് മാസ്ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്നും കടത്തിയിരുന്നത്. പല വിധത്തിലുള്ള ക്രമക്കേടുകൾ ഇവിടെ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് എത്തിച്ചിരുന്നത്. ഇവയെല്ലാം ഇന്ത്യയിൽ നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഗൾഫിലേക്കാണ് ലഹരി കടത്തെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വാട്സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
സെപ്റ്റംബർ 30നാണ് മുംബൈ വാഷിയിൽ ഇറക്കുമതി ചെയ്ത ഓറഞ്ച് കൊണ്ടുപോവുകയായിരുന്ന ട്രക്കിൽ ഒളിപ്പിച്ച് കടത്തിയ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഡിആർഐ പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കൈയിനുമാണ് പിടിച്ചെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്