റാന്നി-പെരുനാട്: സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന്റെ അറസ്റ്റ് ഒടുവിൽ രേഖപ്പെടുത്തി. കീഴടങ്ങിയ ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രണ്ടു രാത്രിക്കും ഒരു പകലിനും ശേഷമാണ് രേഖപ്പെടുത്തിയത്. പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചെങ്കിലും പെൺകുട്ടിയുടെ മൊഴി ശക്തമായതിനാൽ രാഷ്ട്രീയ അട്ടിമറി നടന്നില്ല. 20 പ്രതികളുള്ള കേസിൽ ഇതു വരെ നാലു പേരാണ് അറസ്റ്റിലായത്. മൂന്നു പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ചിറ്റാർ കാരികയം പള്ളിപ്പറമ്പിൽ വീട്ടിൽ സജാദ് (25), കെ.എസ്.ഇ.ബി ജീവനക്കാരൻ ആങ്ങമൂഴി താന്നിമൂട്ടിൽ മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്പോൾ പ്രായപൂർത്തി ആയിട്ടില്ലാത്ത ആൺകുട്ടി, ഡിവൈഎഫ്ഐ പെരുനാട് മേഖലാ പ്രസിഡന്റ് മടത്തുംമൂഴി വലിയകുളത്തിൽ ജോയൽ തോമസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി തന്നെ നാലു പേരും കസ്റ്റഡിയിൽ ആയിരുന്നു.

അന്ന് പകലാണ് കേസ് എടുത്തത്. തന്റെ പേര് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്ന ജോയൽ പെരുനാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഉടൻ തന്നെ റാന്നി ഡിവൈഎസ്‌പി ഓഫീസിലേക്ക് ഇയാളെ മാറ്റി. മറ്റ് മൂന്നു പേരെയും പെരുനാട് പൊലീസ് സ്റ്റേഷനിലും സൂക്ഷിച്ചു. ജോയലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മറ്റ് മൂന്നു പേരും ഇന്നലെ അറസ്റ്റിലായി. ജോയലിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് 12 നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്.

കുട്ടിയുടെ മൊഴിയിൽ ജോയലിന്റെ പേരും പീഡന വിവരങ്ങളും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, അറസ്റ്റ് സ്ഥിരീകരിക്കാതെ റാന്നി ഡിവൈ.എസ്‌പിയും പെരുനാട് പൊലീസും രണ്ടു ദിവസം ഒളിച്ചു കളിച്ചു. 2021 ജൂൺ മുതൽ കഴിഞ്ഞ മാസം വരെയാണ് പെൺകുട്ടിക്ക് പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതിൽ 16 പേർ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേർ കുട്ടിയുടെ നഗ്‌നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്.

പത്തനംതിട്ട ടൗണിലെ സ്റ്റാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ കാറിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി എന്നറിയുന്നു. അതിജീവതയ്ക്ക് 16 വയസാണുള്ളത്. പത്തനംതിട്ട, കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ചെറുപ്രായത്തിൽ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്.