കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ അന്വേഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി കൽപ്പറ്റ ഡിവൈഎസ്‌പി. ഒരാൾ കസ്റ്റഡിയിലുള്ളതായി അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

കസ്റ്റഡിയിലെടുത്തയാൾക്ക് കുറ്റകൃത്യത്തിൽ മുഖ്യപങ്കുണ്ടെന്നും ഡിവൈഎസ്‌പി ടി എൻ സജീവ് പറഞ്ഞു. ഇനി 11 പേരെയാണ് പിടികൂടാനുള്ളത്. പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

കേസിൽ ഇന്നലെ അറസ്റ്റിലായവരിൽ കോളജ് യൂണിയൻ ഭാരവാഹികളും ഉൾപ്പെടുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതേപ്പറ്റി ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ആ തലത്തിൽ അന്വേഷണം നടത്തിയിട്ടില്ല. ഇതൊരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയബന്ധത്തെപ്പറ്റി അന്വേഷിച്ചിട്ടില്ല.

ഹോസ്റ്റലിലാണ് സംഭവം നടന്നത്. ആ ഹോസ്റ്റലിലെ അന്തേവാസികളാണ്. അല്ലാതെ വേറെ എവിടെ നിന്നും സംഘടിച്ചു വന്നവരല്ല. ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടികൾ തന്നെയാണ്. രഹാൻ എന്ന വിദ്യാർത്ഥിയാണ് വീട്ടിലേക്കു പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണത്തിൽ ഇതുവരെ അങ്ങനെയൊന്നും കണ്ടെത്താനായിട്ടില്ല.

പൊലീസ് അന്വേഷണം തുടങ്ങിയ ശേഷവും കേസിലെ പ്രതികളായ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ തന്നെയുണ്ടായിരുന്നു എന്ന ആരോപണത്തിനും ഡിവൈഎസ്‌പി വ്യക്തമായ മറുപടി പറഞ്ഞില്ല. അന്വേഷണം ആരംഭിച്ചപ്പോൾ സസ്പെൻഡ് ചെയ്ത കുട്ടികളാണ്. ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്ത് 12 പേരെയും പുറത്താക്കിയിരുന്നുവെന്നും കൽപ്പറ്റ ഡിവൈഎസ്‌പി പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകരായതിനാൽ ഒത്തുകളിയുടെ ഭാഗമായാണ് പ്രധാനപ്രതികളെ പിടികൂടാത്തതെന്ന ആരോപണം ഉണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേപ്പറ്റി എനിക്കറിയില്ല. അത് ആരോപണങ്ങൾ മാത്രമാണ്. ഒത്തുകളിയുടെ കാര്യങ്ങളൊന്നും അറിയില്ല. എന്റെ ശ്രദ്ധയിൽ അതു പെട്ടിട്ടില്ലെന്നും കൽപ്പറ്റ ഡിവൈഎസ്‌പി പറഞ്ഞു.