ന്യൂഡൽഹി: വയനാട് പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ 4.34 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി. മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാം ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

അബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറിയുടേയും മറ്റ് ബോർഡ് അംഗങ്ങളുടേയും സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. സജീവൻ കെ.ടി. എന്ന സ്വകാര്യ വ്യക്തിയുടെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടും. കേസിൽ ഒന്നാംപ്രതിയായ കെ.കെ. അബ്രഹാമിനെ നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്. അബ്രഹാം അറിഞ്ഞു കൊണ്ടാണ് തട്ടിപ്പുകൾ നടന്നതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

പുല്പള്ളി സർവീസ് സഹകരണബാങ്കിന്റെ മുൻഭരണസമിതിയുടെ കാലത്ത് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. മുമ്പ് സഹകരണവകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസും കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിൽ നോട്ടീസ് നൽകി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും വായ്പത്തട്ടിപ്പിനിരയായ കർഷകൻ കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യചെയ്തതോടെയാണ് ഇ.ഡി. അന്വേഷണം ഊർജിതമാക്കിയത്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്പള്ളി സഹകരണബാങ്കിലും പ്രതികളുടെ വീടുകളിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ജൂൺ ആദ്യവാരം പരിശോധന നടത്തിയിരുന്നു.

വായ്പത്തട്ടിപ്പ് കേസിൽ റിമാൻഡിലായതിനെത്തുടർന്നാണ് കെ.കെ. അബ്രഹാം കെപിസിസി. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.കെ. അബ്രഹാം ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം പത്തു പ്രതികളാണുള്ളത്.

ഇതേസമയം പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡി നടപടി എടുത്തതോടെ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും സമാന നടപടി ആവർത്തിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കണ്ടലയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഭാസുരാംഗന്റെ സ്വത്തുക്കൾ അടക്കം ഇഡി കണ്ടുകെട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്. ഭാസുരാംഗനെ ഇന്നും ഇഡി ചോദ്യം ചെയ്തിരുന്നു.