- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബർട്ട് വാദ്ര ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടി; ഇടപാടു നടത്തിയത് മലയാളി വ്യവസായി സി സി തമ്പിയുമായി ചേർന്ന്; ലണ്ടനിൽ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭാണ്ഡാരിയുമായി ബന്ധമുള്ള ഫ്‌ളാറ്റുകളും ലഭിച്ചു; ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
ന്യൂഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പു അടുത്തതോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ലക്ഷ്യമിട്ടു കൊണ്ടു കരുക്കൾ നീക്കി കേന്ദ്രസർക്കാർ രംഗത്തുവന്നു തുടങ്ങി. ഇതിന്റെ സൂചനയെന്നോണം ഇടവേളയ്ക്ക് ശേഷം പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്കെതിര് ഇഡി നീക്കങ്ങൾ തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും കൂട്ടാളിയായ സി.സി. തമ്പിയും ചേർന്ന് ഡൽഹിക്കടുത്ത് ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും പരസ്പരം പണമിടപാടുകൾ നടത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യക്തമാക്കുന്നു.
ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുടെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളായ തമ്പിക്കും സുമിത് ഛദ്ദയ്ക്കുമെതിരേ ഇ.ഡി. കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് വാദ്രയുടെ ഇടപാടുകളെക്കുറിച്ചും വിശദീകരിക്കുന്നത്. സെൻട്രൽ ലണ്ടനിൽ ഭണ്ഡാരിയുമായി ബന്ധമുള്ള ഫ്‌ളാറ്റ് വാദ്രയ്ക്ക് ലഭിച്ചിരുന്നതായി ഇ.ഡി. പറയുന്നു. ഛദ്ദവഴി ഇത് നവീകരിച്ച് വാദ്രയും തമ്പിയും അതിൽ താമസിച്ചിരുന്നു. ഇരുവരുംചേർന്ന് ഫരീദാബാദിൽ വൻതോതിൽ ഭൂമി വാങ്ങുകയും പണമിടപാടുകൾ നടത്തുകയും ചെയ്തുവെന്നും അധിക കുറ്റപത്രത്തിലുണ്ട്.
2016ൽ രാജ്യംവിട്ട് യു.കെ.യിലെത്തിയ ഭണ്ഡാരിയെ വിട്ടുകിട്ടാൻ ഇന്ത്യ നിയമനടപടി സ്വീകരിച്ചുവരുകയാണ്. ഭണ്ഡാരിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 2020 ജനുവരിയിലാണ് യു.എ.ഇ.യിലെ പ്രവാസിവ്യവസായിയും മലയാളിയുമായ തമ്പിയെ ഇ.ഡി. അറസ്റ്റുചെയ്തത്. യു.പി.എ. ഭരണകാലത്ത് ഒപ്പുവെച്ച പ്രതിരോധക്കരാറുകൾവഴി ലഭിച്ച കൈക്കൂലിപ്പണംകൊണ്ട് ലണ്ടനിലും യു.എ.ഇ.യിലും തമ്പി ആസ്തികൾ വാങ്ങിക്കൂട്ടിയെന്നാണ് ഇ.ഡി. പറയുന്നത്. സോണിയാഗാന്ധിയുടെ പി.എ. ആയിരുന്ന പി.പി. മാധവനാണ് തന്നെ വാദ്രയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് തമ്പി ചോദ്യംചെയ്യലിൽ പറഞ്ഞത്.
സഞ്ജയ് ഭണ്ഡാരിയുടെ പേരിൽ ലണ്ടനിൽ വാങ്ങിയ 17 കോടി രൂപയുടെ വസ്തു 2010-ൽ വിറ്റിരുന്നു. ഈ വസ്തു യഥാർഥത്തിൽ ഭണ്ഡാരിയുടേതല്ലെന്നും വാദ്രയാണ് അതിന്റെ ഉടമയെന്നുമാണ് ആദ്യ കുറ്റപത്രത്തിൽ ഇ.ഡി. പറഞ്ഞത്. ഇതുകൂടാതെ ലണ്ടനിൽ രണ്ടുവീടുകളും ആറു ഫ്‌ളാറ്റുകളും വാദ്രയ്ക്കുണ്ടെന്നും ഇ.ഡി. പറയുന്നു.
ആരാണ് സി സി തമ്പി?
തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്ത് കോട്ടോലിൽ ഉൾനാടൻ മത്സ്യത്തൊഴിലാളിയായ ചെറുവത്തൂർവീട്ടിൽ ചാക്കുട്ടിയുടെ മകനാണ് തമ്പി. ഇല്ലായ്മകളുടെ നടുവിൽ ജനിച്ചു വീണ തമ്പി ചങ്ങരംകുളത്തും കുന്നംകുളത്തുമായി ദിവസക്കൂലിയുള്ള ജോലിക്കാരനായി. ഇരുമ്പ് കടയിലും ഇലക്ട്രിക് കടയിലും ദിവസക്കൂലിക്ക് ജോലി ആരംഭിച്ച തമ്പിയുടെ ജീവിതം മാറ്റി മറിച്ചത് ഗൾഫാണ്. ആ പ്രദേശത്തെ പലരെയും പോലെ ജീവിക്കാനായി തമ്പിയും ഗൾഫിലേക്ക് പറന്നു. എൺപതുകളുടെ തുടക്കത്തിലാണ് യു എ യിൽ ഹോട്ടൽ ജീവനക്കാരനായി എത്തിയത്. ഗൾഫിലെത്തി അധികം വൈകാതെ തമ്പിയുടെ തലവര മാറി.
ഏഴു എമിറേറ്റുകൾ ചേർന്ന യു എ എയിൽ മദ്യം സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണ് വിവിധ എമിറേറ്റുകളിൽ നിലവിൽ ഉള്ളത്. ഷാർജയിൽ സമ്പൂർണ മദ്യ നിരോധനം നിലനിൽക്കുമ്പോൾ തൊട്ടടുത്ത അജ്മാനിൽ മദ്യവ്യാപാരമുണ്ട്, ഇതിന് സർക്കാരിന്റെ ലൈസൻസ് ആവശ്യമാണ്. ഇത്തരത്തിൽ അജ്മാനിലെ കടൽത്തീരത്ത് ഒരു ഔട്ട്ലെറ്റ് ആരംഭിച്ചതാണ് തമ്പിയുടെ തുടക്കം. പിന്നീട് ദുബായിലടക്കം റസ്റ്റോറന്റുകൾ തുറന്നു. ആഡംബര ഹോട്ടലുകളുടെ ബാറുകൾ ഏറ്റെടുത്തും നടത്തി. അവിടങ്ങളിൽ ഡാൻസ് ബാറുകളും തുടങ്ങി.
അജ്മാൻ കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങി വളർന്ന തമ്പി യുഎഇയിലെ ഹോളിഡേ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയർമാനായി. ഒപ്പം തന്നെ ഗൃഹാതുരമായ ഓർമകളുമായി ജീവിക്കുന്നവരുടെ മുന്നിലേക്ക് കേരളീയ ഭക്ഷ്യ വിഭവങ്ങളുമായി വന്ന നാലുകെട്ട് റെസ്റ്റോറന്റ് എന്ന ശൃംഖലയും. അവിടെ പരമ്പരാഗത കേരളീയ വേഷമായ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ സുന്ദരിമാർ മദ്യവും ഭക്ഷണവും വിളമ്പുന്നത് ദുബായ് സംസാരത്തിൽ നിറഞ്ഞു. ഇപ്പോൾ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, ടയർ, ട്രേഡിങ് മേഖലകളാണ് പ്രവർത്തനമേഖല. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോർട്ടുകളുമുണ്ട്.
ഒരു ഹോട്ടലിലെ സാധാരണ ജീവനക്കാരൻ ആയി ജീവിതം തുടങ്ങിയ തമ്പി ഹൈ ടെക്കും ബ്ലൂ ചിപ്പും കൊണ്ട് അമ്മാനമാടുന്ന ഡൽഹിയിലെ ഏറ്റവും ശക്തമായ കുടുംബത്തിൽ സ്വാധീനം ഉള്ള വ്യവസായി ആയത് ഒരു ദശകത്തിനുള്ളിലാണ്. വൻ തുക ആവശ്യമുള്ള മദ്യ വ്യവസായ ലൈസൻസ് തമ്പിക്ക് ലഭിച്ചത് എങ്ങിനെ എന്നത് അജ്ഞാതം. കോൺഗ്രസ് ഹൈക്കമാൻഡുമായി ഉറ്റ ബന്ധം ഉണ്ടായിരുന്ന ഒരു മലയാളിയുമായി ഉണ്ടായ ഒരു സൗഹൃദമാണ് തമ്പിക്ക് കരുത്തായത് എന്നാണ് അടുപ്പക്കാർ പറയുന്നത്.
ഇത് പിന്നീട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ കുടുംബവും ആയുള്ള അടുപ്പത്തിനും കാരണമായി. അവരുടെ അവധി ദിനങ്ങൾക്ക് തമ്പി ആതിഥേയനായതിന് സാക്ഷികൾ ഏറെ. സോണിയ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ വ്യക്തി വഴിയാണ് വാദ്രയെ പരിചയപ്പെട്ടത് എന്ന് തമ്പി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ തമ്പിയുടെ സ്വാധീനം ഇന്ദ്രപ്രസ്ഥത്തിലേക്ക് വളർന്നു. തമ്പിയുടെ ഹോട്ടലിനു മുമ്പിലെ കൊടികളുടെ നിറങ്ങൾ പോലെ പലതരം രാഷ്ട്രീയക്കാർ ഇഷ്ടക്കാരായതോടെ വ്യാപാരം കോടികളുടെതായി.
പണവും പ്രതാപവും തമ്പിയെ തേടിയെത്തിയതോടെ പ്രവാസി സംഘടനാ രംഗത്തും തമ്പി സജീവ സാന്നിധ്യമായി. സ്വരലയ യുഎഇ രക്ഷാധികാരി ചുമതല ഏറ്റെടുത്തു. കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയിൽ 2018ൽ പ്രത്യേക ക്ഷണിതാവായിരുന്നു. സ്വന്തം നാടായ കേരളത്തിൽ തമ്പി ഏറ്റവും കൂടുതൽ മുതൽ മുടക്കിയത് റിയൽ എസ്റ്റേറ്റ് രംഗത്താണ്. പണത്തിന് പാർട്ടി-സംഘടനാ വ്യത്യാസമില്ല എന്ന് മനസിലാക്കിയ തമ്പി തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല.
മകന്റെ പേരിൽ കുന്നംകുളത്ത് ആരംഭിച്ച തേജസ് എഞ്ചിനിയറിങ് കോളജിന്റെ പേരിൽ 2009ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. കോളജിന് എഐസിടിഇ അനുമതി നേടിയത് വഴിവിട്ടാണെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ കീഴിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണങ്ങളുയർന്നിരുന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നൽകി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി.
എഐസിടിഇ സൗത്ത് വെസ്റ്റ് റീജൻ ഡയറക്ടർ മഞ്ജു സിങ് അടക്കമുള്ളവർ ഇതിൽ പ്രതികളായി. തമ്പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് മഞ്ജുവിന് വൻ തുക കോഴ കൊടുത്തതിന്റെ രേഖകൾ കിട്ടിയതായും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് തെളിവുകളില്ലെന്ന കാരണത്താൽ ഈ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. സുപ്രധാനമായ ചില കാര്യങ്ങൾ വിട്ടു പോയെന്നറിയിച്ച് 2017 ൽ സിബിഐ ഈ കേസ് വീണ്ടും അന്വേഷിച്ചു. ഇതിനിടെ കേന്ദ്രത്തിൽ ഭരണം മാറിയിരുന്നു എന്നത് ശ്രദ്ധേയം.
വിദേശ നാണ്യവിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് തമ്പിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. റോബർട്ട് വാദ്രയുടെ ബിനാമിയാണ് തമ്പിയെന്നാണ് എൻഫോഴ്സ്മെന്റ് ആരോപണം. ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി വാദ്രയ്ക്കായി ദുബായിൽ വില്ല വാങ്ങാൻ ശ്രമിച്ചത് തമ്പിയുടെ ഉടമസ്ഥതയിലുള്ള കടലാസ് കമ്പനിയുടെ പേരിലായിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. എൻജിസിയുടെ പ്രത്യേക സാമ്പത്തിക കരാർ സാംസംഗ് കമ്പനിക്ക് നൽകാൻ വാധ്ര ഇടനിലക്കാരനായിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമായാണ് വില്ല വാങ്ങി നൽകാനുള്ള നീക്കമുണ്ടായതെന്നും എൻഫോഴ്സ്മെന്റ് ആരോപിക്കുന്നു.
ലണ്ടനിൽ 26 കോടി രൂപയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി നൽകിയതും തമ്പിയുടെ പേരിലായിരുന്നു. തമ്പിയെ ബിനാമിയാക്കി വാധ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള തമ്പിയുടെ ബന്ധങ്ങളെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. വാദ്രയുടെ വിദേശ ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തമ്പിയുടെ അറസ്റ്റോടെ ലഭ്യമാകുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. കൂടാതെ വാദ്രയുമായി ബന്ധമുള്ളവരുടെ പേരിൽ സ്വത്തുക്കൾ വാങ്ങാൻ തമ്പി കുഴൽപ്പണ ഇടപാട് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റോബർട്ട് വാദ്ര നൽകിയ മൊഴിയാണ് തമ്പിയെ കൂടുതൽ വെട്ടിലാക്കിയത്. വിമാനയാത്രയ്ക്കിടെയാണ് തമ്പിയെ പരിചയപ്പെട്ടതെന്നായിരുന്നു വാദ്ര മൊഴി നൽകിയത്. എന്നാൽ സോണിയ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ മലയാളി മുഖേനയാണ് വാദ്രയെ പരിചയപ്പെട്ടതെന്നായിരുന്നു തമ്പിയുടെ മൊഴി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറായത്. ഒടുവിൽ ഇത് തമ്പിയുടെ അറസ്റ്റിൽ കലാശിക്കുകയായിരുന്നു. ഇതുകൂടാതെ ലണ്ടനിലെ 12 ബ്രൈൻസ്റ്റൺ സ്‌ക്വയർ വീട് സംബന്ധിച്ചും പരസ്പരവിരുദ്ധമായ മൊഴിയാണ് ഇരുവരും നൽകിയത്. താൻ അവിടെ താമസിച്ചിട്ടില്ലെന്നായിരുന്നു വാദ്രയുടെ മൊഴി. എന്നാൽ വാദ്ര അവിടെ താമസിച്ചതിന്റെ വിശദാംശങ്ങൾ തമ്പി എൻഫോഴ്സ്മെന്റിന് നൽകി.
റോബർട്ട് വാദ്രയുടെ സ്വത്തിനു പിന്നിലെ അന്വേഷണമാണ് തമ്പിയിലേക്ക് നീണ്ടത്. ഡൽഹിയിലെ സ്വാധീനം കേരളത്തിലെ പല നേതാക്കളെയും തമ്പിയുമായി അടുപ്പിച്ചിരുന്നു. ഒരു പക്ഷെ കേരളത്തിലെ ചില നേതാക്കൾക്ക് ഉള്ളതിനേക്കാൾ സ്വാധീനം തമ്പിക്കുണ്ടായിരുന്നു എന്നതും ഇതിനു കാരണമായി.
മറുനാടന് ഡെസ്ക്