- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ കോൺഗ്രസിന് പ്രഹരമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ന്റെ നടപടി. മുൻ എക്സൈസ് മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. അനധിൃക സ്വത്ത് സമ്പാദന കേസിലാണ് നടപടി.
2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നിലവിൽ എംഎൽഎയായ കെ. ബാബുവിനെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയും കെ. ബാബുവിനെതിരെ നടപടികൾ ആരംഭിച്ചത്. നേരത്തെ കേസിൽ ഇ.ഡി. കെ. ബാബുവിനെ ചോദ്യംചെയ്തിരുന്നു.
കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ൽ കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് ബാബു വിജിലൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
യാത്രാപ്പടി വരുമാനമായി കണക്കാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. 2007 ജൂലായ് മുതൽ 2016 മെയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ബാബുവിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജനുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം ബാർ കോഴ കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് വിജിലൻസിന്റെ ക്ലീൻചിറ്റ് ലഭിച്ചിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് കെ ബാബുവിന് ക്ലീൻ ചിറ്റ് നൽകിയത്. ബാബുവിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിന്റെയും ബാറുകൾക്കു സമീപമുള്ള മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.
കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തിയത്. വസ്തുതാവിരുദ്ധമായ കേസാണെന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് വിജിലൻസ് സെൻട്രൽ റെയ്ഞ്ച് സൂപ്രണ്ട് നൽകിയിരിക്കുന്ന അന്തിമ റിപ്പോർട്ടിൽ പറയുന്നത്.
ബാർലൈസൻസിനുള്ള ചില അപേക്ഷകൾ മാസങ്ങളോളം പിടിച്ചുവെച്ചപ്പോൾ ചിലതിൽ ഉടൻ തീരുമാനമെടുത്ത് ലൈസൻസ് നൽകി, കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ താത്പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുത്തു, സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകൾക്ക് സമീപമുള്ള മദ്യവിൽപ്പന ശാലകൾ പൂട്ടാൻ തീരുമാനമെടുത്തു, ബാർ ലൈസൻസ് പുതുക്കിനൽകാൻ കേരള ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ മുഖാന്തിരം കോടിക്കണക്കിന് രൂപ ഓരോ വർഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്.
കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ പോലും പറയുന്നില്ല. ബാർ ഹോട്ടൽ അസോസിയേഷൻ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് നൂറു കോടിയുടെ കോഴ വാങ്ങിയെന്നാണ് കെ ബാബുവിനെതിരായ കേസ്.