- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാസുരാംഗനും കുടുംബവും മൂന്നാറിലെ ആ റിസോർട്ടിൽ ഇടക്കിടെ സന്ദർശിച്ചു! വിശ്വസ്തനായ ഓട്ടോ ഡ്രൈവറും കുടുംബവും അവിടെയെത്തി; മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തരപ്പെടുത്തിയത് 3.5 കോടിയോളം രൂപ; ഇത് ഭാസുരാംഗന്റെ ബിനാമി ഇടപാടെന്നും കണ്ടെത്തൽ! കണ്ടലയിൽ വിടാതെ ഇഡി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് മുൻ ബോർഡ് അംഗങ്ങൾക്കും സെക്രട്ടറിക്കും ഉൾപ്പെടെ ഇ ഡി നോട്ടീസ്. ഈ മാസം നാലിന് ഹാജരാകാനാണ് നിർദേശമെന്നാണ് വിവരം. കണ്ടല ബാങ്ക് സെക്രട്ടറി, ഭാസുരാംഗനുമായി ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ നടത്തിയിട്ടുള്ള മാറനല്ലൂർ സ്വദേശി നടരാജൻ, അനിൽകുമാർ, മാറനല്ലൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപൻ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർക്കാണ് ഇ ഡി ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുള്ളത് എന്നാണ് വിവരം. ഗോപൻ 3.5 കോടിയോളം രൂപ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി. ഇത് ഭാസുരാംഗന്റെ ബിനാമി ഇടപാട് എന്നും കണ്ടെത്തലുണ്ട്. കൂടാതെ മൂന്നാറിൽ ഭാസുരാംഗനും കുടുംബവും ഒരു റിസോർട്ടിൽ ഇടക്കിടെ സന്ദർശിക്കാറുണ്ടെന്നാണ് വിവരം.
ഇവിടെ ദിവസങ്ങൾ നീണ്ട സുഖവാസത്തിനു ശേഷം ഭാസുരാംഗനും കുടുംബവും മടങ്ങി. പിന്നാലെ സഹകരണ ആശുപത്രിയിലെ ജി എമ്മും ഇവരുടെ കുടുംബവും അന്നെ ദിവസം ഭാസുരാംഗനുമായി ഏറ്റവും അടുപ്പവും വിശ്വസ്തനുമായ ഒരു ഓട്ടോ ഡ്രൈവറും കുടുംബവും മൂന്നാറിൽ എത്തിയിരുന്നു. ഭാസുരാംഗന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ് ഈ ഓട്ടോ ഡ്രൈവർ. അതേസമയം ജി എമ്മിന്റെ പേരിൽ ബാങ്കിലുള്ള നിക്ഷേപവും ബിനാമി പണമാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു.
അതേസമയം കണ്ടല ബാങ്കിലെ മുൻ ബോർഡ് അംഗവും മാറുനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സുരേഷ് കുമാറിന്റെ പേരിൽ കോടികളുടെ വസ്തു വകകൾ ഉള്ളതായി കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇയാൾക്ക് ഇ ഡി നോട്ടീസ് നൽകിയത് എന്നാണ് അറിയുന്നത്. കണ്ടല ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയതിനുശേഷം പുതിയ ഭരണസമിതി അധികാരത്തിൽ വന്നിരുന്നു. ഇതിൽ ഒരു ബോർഡ് അംഗം മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ട് സുരേഷ്‌കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു വസ്തു തന്നെ പണയപ്പെടുത്തി ലക്ഷങ്ങൾ ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. അതേസമയം ഇയാളുടെയും ഭാര്യയുടെയും അമ്മയുടെയും പേരിൽ എം ഡി എസ് ചിട്ടി ഉൾപ്പെടെ 85 ലക്ഷത്തോളം രൂപയാണ് കണ്ടല സഹകരണ ബാങ്കിൽ കുടിശ്ശികയുള്ളത്. ഭരണസമിതി അംഗമാകാൻ 45 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പുതുക്കി വച്ച് ബാധ്യത തീർത്ത ശേഷമാണ് ഇദ്ദേഹം ഭരണസമിതി അംഗമായത്. എന്നാൽ ഇ ഡി അന്വേഷണം തുടങ്ങിയതോടെ സുരേഷ് കുമാർ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും മിൽമ അഡ്‌മിനിസ്‌ട്രേറ്റർ കമ്മിറ്റി അംഗവുമായ ഭാസുരാംഗന്റെ ബിനാമിയാണ് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
അതേസമയം ഇപ്പോൾ സുരേഷിന്റെ പേരിൽ ചീനിവിളയിൽ വെള്ളൂർ കോണത്തുള്ള അഞ്ച് സെന്റ് ഭൂമി ആകെ ഒന്നരലക്ഷം രൂപ പ്രമാണത്തിൽ കാണിച്ച് പന്ത്രണ്ടായിരത്തോളം രൂപ മാത്രം കരം അടച്ച് വസ്തു വാങ്ങിയ വനിതയായ ഉടമ 26 ലക്ഷത്തോളം രൂപയാണ് കണ്ടല സഹകരണ ബാങ്കിൽ സുരേഷിന്റെ ബാധ്യത തീർക്കാനായി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ഇത് വസ്തുവിന്റെ യഥാർത്ഥ വാണിജ്യ വിലയാണ് എന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ആറ് ലക്ഷം രൂപ പണമായും സുരേഷ് കണ്ടല ബാങ്കിൽ അടച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി തന്നെ വൻ തുക കരം ഇനത്തിൽ തന്നെ തട്ടിപ്പ് നടത്തിയെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ഊരുട്ടമ്പലം സബ് രജിസ്റ്റർ ഓഫീസിൽ 1506 ഡോക്യുമെന്റ് പ്രകാരം നടന്ന രജിസ്‌ട്രേഷനിൽ ആണ് ക്രമക്കേട് നടന്നിട്ടുള്ളത്.
പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന സുരേഷിന് ഇപ്പോൾ കോടികളുടെ ആസ്തിയാണുള്ളത്. കൂലി പണിക്കാരനായും, ബാലരാമപുരം ബാങ്കിൽ കളക്ഷൻ ഏജന്റായും ഉപജീവന മാർഗം കണ്ടെത്തിയ സുരേഷ് കുമാർ മാറനല്ലൂർ പഞ്ചായത്തിൽ വാർഡ് അംഗമായും, വൈസ് പ്രസിഡന്റായും ഒടുവിലിപ്പോൾ പഞ്ചായത്ത് പ്രസിഡന്റായി മാറുകയും ചെയ്തു. പഞ്ചായത്ത് ഓണറേറിയം മാത്രം പറ്റി ഒൻപത് വർഷം കൊണ്ട് ഏക്കർ കണക്കിന് ഭൂമിയുടെയും, കെട്ടിടങ്ങളുടെയും അഞ്ചേക്കറോളം വരുന്ന ഫാമിന്റെയും ഉടമയായി ഇയാൾ വളർന്നു.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്തെ കോടി വിലയുള്ള കെട്ടിടവും, കാട്ടാക്കട പഞ്ചായത്തിൽ വിവിധ ഇടങ്ങളിലും പരുത്തിപ്പള്ളി, കോട്ടക്കുഴി തുടങ്ങി വിവിധ ഇടങ്ങളിലും ഇദ്ദേഹത്തിന് ലക്ഷങ്ങളുടെ ഭൂമിയും വസ്തുവക്കളുമാണ് ഉള്ളത്. കൂടാതെ അഞ്ച് ഏക്കറോളം ഭൂമിയിൽ ലക്ഷങ്ങൾ മുടക്കി ഫാമും ഒടുവിൽ ഇപ്പോൾ കോട്ടൂരിൽ വിനോദ സഞ്ചാര മേഖലയിൽ തന്നെ സ്വകാര്യ വ്യക്തിയിൽ നിന്നും അഞ്ചേക്കറോളം ഭൂമി പാട്ടത്തിന് എടുത്തു മറ്റൊരാളുമായി ചേർന്ന് ഫാം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതിനിടെ കണ്ടല ക്ഷീര യൂണിറ്റിന് സമീപം രണ്ട് വീടും പുരയിടവും സുരേഷിന് ഉണ്ടായിരുന്നതും വിൽപ്പന നടത്തി. ഈ പണവും എവിടെ നിന്നാണ് എന്നോ വിറ്റു കിട്ടിയ പണം എവിടേക്ക് മാറ്റി എന്നോ വ്യക്തമല്ല.
കാട്ടാക്കട താലുക്കിലെ ഒരു പെട്രോൾ ബങ്കിൽ നിക്ഷേപവും ഇദ്ദേഹത്തിന്റേതായി ഉണ്ടെന്നാണ് വിവരം. കൂടാതെ ഇയാളുടെ തന്നെ ബിനാമികളും പലയിടത്തും വസ്തുവകകൾ വാങ്ങി കൂട്ടിയിട്ടുണ്ട്. എന്നാൽ ഇതിലെല്ലാം ഒരു പങ്ക് ഭാസുരാംഗന്റേത് കൂടിയാണെന്ന് പറയുന്നതിൽ ഇരുവരുടെയും ബന്ധം അറിയുന്നവർക്ക് അതിശയോക്തി ആകില്ല. അതേസമയം കഴിഞ്ഞ ദിവസം സുരേഷിന്റെ ഭാര്യ വിവിധ ബാങ്കുകളുടെ സ്റ്റേറ്റ്‌മെന്റ് ശേഖരിച്ചു ഫയലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇത് ഇ ഡിക്ക് മുന്നിൽ ഹാജരാക്കാൻ ആണെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ