- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്തു; ബാങ്കിൽ നടന്നത് തട്ടിപ്പില്ല, ക്രമക്കേട് മാത്രമെന്ന് ഭാസുരാംഗൻ; തെളിയിക്കേണ്ടിടത്ത് തെളിയിക്കുമെന്നും വാദം; കണ്ടലയിൽ ഇഡി കുത്തിത്തുറന്നത് ഉടമയാരെന്നറിയാത്ത ലോക്കർ; സ്വർണനാണയങ്ങളും ആഭരണങ്ങളും കണ്ടെടുത്തു
കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ മുൻ ജില്ല എക്‌സിക്യൂട്ടീവ് അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ഭാസുരാംഗനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാവിലെ 11 ഓടെ എത്തിയ ഭാസുരാംഗനെ മണിക്കൂറുകൾ ചോദ്യം ചെയ്തു.
കണ്ടല ബാങ്കിൽ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേട് മാത്രമാണെന്നും ഇത് തെളിയിക്കേണ്ടിടത്ത് തെളിയിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയ ഭാസുരാംഗൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴി രേഖപ്പെടുത്താനാണ്. സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി 35 മണിക്കൂർ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. ഇവരിൽ പലരും നൽകിയ മൊഴികളും നിർണായകമായി. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം വന്ന ഭാസുരാംഗൻ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഒരുമിച്ചിരുത്തിയും വിവരങ്ങൾ തേടിയിരുന്നു.
അതിനിടെ തട്ടിപ്പിൽ നടപടികൾ കടുപ്പിച്ച് ഇ.ഡി, ബാങ്കിലെ പരിശോധന പൂർത്തിയാക്കി. ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. ബാങ്കിൽനിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പിടിച്ചെടുത്ത അന്വേഷണസംഘം കമ്പ്യൂട്ടർ ഹാർഡ്ഡിസ്‌ക്, സി.പി.യു അടക്കവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഇ.ഡി, അഖിൽജിത്തിന്റെ ആഡംബര കാർ പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെ താക്കോലില്ലാത്തതിനാൽ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് തുറന്നത് ഉടമ ആരെന്നറിയാത്ത ലോക്കർ. ഈ ലോക്കറിൽനിന്ന് സ്വർണാഭരണങ്ങളും സ്വർണനാണയങ്ങളും കണ്ടെടുത്തു. ലോക്കറിന്റെ ഒരു താക്കോൽ ബാങ്ക് അധികൃതരുടെ കൈവശം ഉണ്ടായിരുന്നില്ല. ഈ ലോക്കറിന്റെ ഉടമയാരെന്നും രേഖകളിലില്ല. ഇതോടെയാണ് ലോക്കർ പൊളിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സമീപത്തെ ഒരു വർക്ക്ഷോപ്പിൽനിന്ന് ആളെ എത്തിച്ചാണ് ലോക്കറിന്റെ പൂട്ട് പൊളിച്ചത്. ലോക്കറിലുണ്ടായിരുന്ന സ്വർണം പിടിച്ചെടുത്തു. തൂങ്ങാംപാറ മെയിൻ ബ്രാഞ്ചിലെ ലോക്കറുകളിലൊന്നാണ് പൊളിച്ചത്.
എറണാകുളം ഓഫീസിന്റെ നിയന്ത്രണത്തിലായിരുന്നു ഇ.ഡി.യുടെ പരിശോധന. ലഭിക്കുന്ന രേഖകളും വിവരങ്ങളും അപ്പോൾത്തന്നെ കൊച്ചി ഇ.ഡി. ഓഫീസിലേക്ക് അയച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കർ പൊളിക്കുന്നതടക്കമുള്ള നിർദേശങ്ങൾ നൽകിയത്. ബാങ്ക് മുൻ പ്രസിഡന്റ് ഭാംസുരാംഗന്റെ പേരിലുള്ള ലോക്കറിൽനിന്ന് 16 പവൻ സ്വർണാഭരണങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് ഭാര്യയുടെ ആഭരണങ്ങളാണെന്നാണ് ഭാസുരാംഗൻ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്.
അതേസമയം ജനപ്രതിനിധിയും സിപിഎം. പ്രാദേശിക നേതാവുമായ മുൻ ഭരണസമിതി അംഗം രണ്ടര സെന്റ് വസ്തുവിന്റെ ഈടിൽ കണ്ടല ബാങ്കിൽനിന്നു 45 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. വസ്തുവിന്റെ മൂല്യം വൻതോതിൽ കൂട്ടിക്കാണിച്ചാണ് വായ്പ എടുത്തത്. ബാങ്ക് സാമ്പത്തികത്തകർച്ചയിലേക്കു നീങ്ങിത്തുടങ്ങിയ സമയത്ത് കാട്ടാക്കടയിലെ ഒരു പ്രമുഖ നേതാവ് എൺപത് ലക്ഷം രൂപയോളം പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. ഒരുകോടിക്കുമേൽ നിക്ഷേപമുള്ള ഒട്ടേറെപ്പേരുണ്ട്.
ജീവനക്കാരും ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിട്ടുണ്ട്. ഇതും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇവർക്ക് ശമ്പളം ലഭിച്ചിട്ട് ഒൻപത് മാസത്തോളമായി. ബാങ്ക് ആസ്ഥാനത്തും നാലു ശാഖകളിലുമായി 36 ജീവനക്കാരാണുള്ളത്. അഡ്‌മിനിസ്ട്രേറ്റീവ് ഭരണം വരുന്നതിനു മുൻപുവരെ അടിസ്ഥാനശമ്പള തുക മാത്രം ഇവരുടെ അക്കൗണ്ടുകളിലേക്കു വരവുവയ്ക്കുമായിരുന്നു. എന്നാൽ, പണമില്ലാത്തതിനാൽ എടുക്കാനാവില്ല. ഇപ്പോൾ ഇതും ഇല്ലാത്ത സ്ഥിതിയാണ്.




