കൊച്ചി: മുന്മുഖ്യമന്ത്രി ഇ.കെ. നായനാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ ആറു പ്രതികളെ എറണാകുളം സിബിഐ കോടതി കുറ്റവിമുക്തരാക്കുമ്പോൾ തെളിയുന്നത് അന്വേഷണത്തിലെ വീഴ്ച. കെ.പി. സാബിർ, ഹമീദ്, കെ.വി. താജുദ്ദീൻ, ബോംബ് ഇസ്മയിൽ എന്ന ഇസ്മയിൽ, മസൂദ് എന്നിവരാണ് മറ്റു പ്രതികൾ.പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് 1999ൽ പ്രതികൾ നായനാരെ വധിക്കാൻ കണ്ണൂരിലെ പള്ളിക്കുന്നിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ചിന്റെ കണ്ണൂർ യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തടിയന്റവിട നസീറിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങി. നസീർ അപ്പോൾ ഐഎസ്എസ്, എൻഡിഎഫ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. നസീറിനെ നിരീക്ഷിക്കാതെ വന്നതോടെ കോഴിക്കോട് ജൂവലറി കവർച്ചയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസും കളമശ്ശേരി ബസ് കത്തിക്കലും ഒക്കെ സനീറിന്റെ നേതൃത്വത്തിൽ ഉണ്ടായി. 2009 നവംബറിൽ മേഘാലയ അതിർത്തിയിൽ ബംഗ്ലാദേശി പൊലീസ് പിടികൂടുമ്പോൾ നസീർ ആഗോള ഭീകരനായി മാറിയിരുന്നു. നായനാർക്കെതിരായ വധ ഗൂഢാലോചനയ്ക്ക് ശേഷം നസീറിനെ തളയ്ക്കുന്നതിൽ പൊലീസിന് വലിയ വീഴ്ച വന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയേക്കും.

അങ്ങനെ നസീർ കൊടും ക്രിമിനലായി. ഈ ആദ്യ കേസിലാണ് നസീറിനെ കോടതി വെറുതെ വിട്ടത്. സുബൈറും ഷിഹാബും ഒളിവിൽ പോയതിനാൽ മറ്റു പ്രതികളാണ് വിചാരണ നേരിട്ടത്. സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് സിബിഐ കോടതി ജഡ്ജി കെ. കമനീസ് വിലയിരുത്തി. കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ വിചാരണ നേരിട്ടിരുന്ന മദനിയെ മോചിപ്പിക്കാൻ സംസ്ഥാനത്തുടനീളം ഭീതി പടർത്തുന്ന തരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടെന്നും കുറ്റപത്രം ആരോപിച്ചിരുന്നു. ഇതെല്ലാം കോടതി തള്ളി. പൊലീസിന് വലിയ വീഴ്ച അന്വേഷണത്തിലുണ്ടായെന്നാണ് വിലയിരുത്തൽ.

കള്ളനോട്ടു കേസിൽ അറസ്റ്റിലായ ഇസ്മയിൽ നടത്തിയ കുറ്റസമ്മതത്തെത്തുടർന്നാണ് ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കള്ളനോട്ടു കേസിൽ ഇസ്മയിലിനെ കുറ്റവിമുക്തനാക്കിയിരുന്നു. തടിയന്റവിട നസീർ ഇപ്പോൾ ബംഗളൂരു സ്‌ഫോടനക്കേസിൽ ജയിലിലാണ്. 2008 ഒക്ടോബറിൽ കാശ്മീരിൽ നാല് മലയാളി യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ നസീർ പ്രതിയാണ്. നായനാർ വധശ്രമക്കേസ് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചിരുന്നു. അതുകൊണ്ട് തന്നെ സിപിഎം തുടർഭരണകാലത്ത് കോടതി നസീറിനെ വെറുതെ വിടുന്നത് പിണറായി സർക്കാരിനും ക്ഷീണമാണ്. അതിനാൽ അപ്പീൽ സാധ്യത ഏറെയാണ്.

നായനാർ വധശ്രമക്കേസിൽ നസീറിനെ ജയിലിൽ തളച്ചിരുന്നുവെങ്കിൽ കേരളത്തിൽ തീവ്രവാദം എത്തിച്ച കൊടുംഭീകരൻ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ കേരളാ പൊലീസിന്റെ ഈ വീഴ്ചയാണ് കേരളത്തിലെ തീവ്രവാദ പ്രവർത്തനത്തിന് ആദ്യമായൊരു നേതാവിനെ നൽകിയത്. തടിയന്റവിട നസീർ പ്രതിയായ നായനാർ വധശ്രമക്കേസ് പിൻവലിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിച്ചതിന്റെ തെളിവും പുറത്തു വന്നിരുന്നു. നായനാർ വധശ്രമക്കേസ് പിൻവലിക്കാൻ ശ്രമിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയതോടെ തുടർ നടപടി നിർത്തിവയ്ക്കുകയായിരുന്നു. യുഡിഎഫ് സർക്കാരാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന വസ്തുത ശരിയല്ല. 1999 നവംബർ 20ന് എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ കേസ് ക്രൈംബ്രാഞ്ചിന് നൽകി ഉത്തരവിട്ടിരുന്നെന്നും കോടിയേരി കൂട്ടിച്ചേർത്തിരുന്നു.

1999 സെപ്റ്റംബർ 12ന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത ഒരുകള്ളനോട്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് നായനാരെ വധിക്കാൻ ഗൂഢാലോചന നടന്ന വിവരം വെളിവായത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് ആറു പേരെ അറസ്റ്റ് ചെയ്തു. തുടർന്നാണ് കശ്മീർ സംഭവത്തിൽ പങ്കാളികളായവർക്ക് നായനാർ വധശ്രമക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത് 2008 ഒക്ടോബറിലാണ്. ഈ ടീമിന്റെ സഹായത്തോടെ നായനാർ വധശ്രമക്കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയാണ് കുറ്റപത്രം നൽകിയത്.

തീവ്രവാദപ്രവർത്തനത്തിന് ഡൽഹിയിൽ പിടിയിലായ അബ്ദുൾഹമീദ് എന്ന അമീറലി പൊലീസിന് നൽകിയ മൊഴിയിലും രാഷ്ട്രീയ ഗൂഢാലോചന വ്യക്തമായിരുന്നു. നായനാർ വധശ്രമക്കേസിലും പ്രതിയാണ് അമീറലി. ഭീകരപ്രവർത്തനത്തിന് കശ്മീരിലേക്ക് അഞ്ച് മലയാളികളെ കടത്തിയ കേസിലാണ് അബ്ദുൾഹമീദെന്ന അമീറലി പിടിയിലായത്. തീവ്രവാദപ്രവർത്തനങ്ങൾ അന്വേഷിക്കാൻ കേരള പൊലീസ് നിയോഗിച്ച പ്രത്യേകസംഘം അമീറലിയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴിയിലാണ് നേതാക്കളുടെയും പങ്ക് പറഞ്ഞിട്ടുള്ളത്.