കൊച്ചി: റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്.റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിനുള്ള കേസിലാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഫെമ ലംഘനം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് നടപടി.

ചാനലിനെതിരെ ഇഡി നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് അന്വേഷണമെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ് വ്യക്തമാക്കിയിരുന്നു. റോജി അഗസ്റ്റിയൻ, ജോസുകുട്ടി അഗസ്റ്റിയൻ, ആന്റോ അഗസ്റ്റിയൻ എന്നിവരാണ് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ. ഇവർ ഉടമകളായ മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും ഇഡി അന്വേഷണ പരിധിയിൽ ഉണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നു നികേഷിനെ ഇഡി ചോദ്യം ചെയ്തത്.

എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് റിപ്പോർട്ടർ ചാനൽ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടന്നുവരുന്നതെന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യസഹമന്ത്രി റാവു ഇന്ദർജിത് സിങ് കെ സുധാകരൻ എംപിക്ക് നൽകിയ മറുപടിയിൽ നേരത്തെ അറിയിച്ചിരുന്നു.

റിപ്പോർട്ടർ ചാനലിന്റെ ഓണർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച ആക്ഷേപങ്ങൾക്ക് കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പഴയ റിപ്പോർട്ടർ ചാനലിന്റെ ടെലികാസ്റ്റിങ് ലൈസൻസ് ഇന്ത്യോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോർട്ടർ എന്ന പേരിൽ പുനഃസംപ്രേഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിങ് ലൈസൻസ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ പുതിയ ഉടമസ്ഥരോട് കോർപറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതിയിൽ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയവും കണ്ടെത്തിയിട്ടുണ്ട്. ടെലികാസ്റ്റിങ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോർട്ടർ കമ്പനിയിലെ അധികൃതർ നൽകിയിട്ടില്ലെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നത്.