- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പേടിഎമ്മിന് എതിരെ ഇഡി അന്വേഷണത്തിലൂടെ ക്യത്യമായ സന്ദേശം
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ഡിജിറ്റൽ പേമെന്റ്സ് പേടിഎം പേമെന്റ്സ് ബാങ്കിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലും പേടിഎം അന്വേഷണത്തെ നേരിടുന്നു. ആരോപണങ്ങൾ വസ്തുതാപരമായി തെറ്റെന്ന് പേടിഎം വാദിക്കുന്നു.
ഇഡി അന്വേഷണം കൂടി നേരിടുന്നതോടെ, പേടിഎം സിഇഒ വിജയ ശേഖർ ശർമയുടെ തലവേദന ഇരട്ടിക്കുകയാണ്. കഴിഞ്ഞ മാസം, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പെയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്കിന്റെ വിലക്ക് വന്നിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വഴി നിക്ഷേപങ്ങൾ, വായ്പാ ഇടപാടുകൾ, ടോപ്പ് അപ്പുകൾ എന്നിവ അനുവദിക്കില്ല. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് വാലറ്റുകൾ, ഫാസ്ടാഗ് എൻ സി എം സി കാർഡുകൾ എന്നിവയ്ക്കും വിലക്കുണ്ട്. ഫെബ്രുവരി 29 ന് ശേഷമാണ് ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവിങ്സ്-കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക നിശ്ചിത പരിധി വരെ തടസ്സമില്ലാതെ വിനിയോഗിക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.
ആർബിഐ ചട്ടങ്ങളും, നിർദ്ദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് സമഗ്രമായ ഓഡിറ്റിന് ശേഷമാണ് കടുത്ത നടപടി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും, പേടിഎം പേമെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെയും(പിപിബിഎൽ) നോഡൽ അക്കൗണ്ടുകളും കേന്ദ്ര ബാങ്ക് റദ്ദാക്കി.
പേടിഎമ്മിന്റെ ബാങ്കിങ് ഓപ്പറേഷൻസിനെതിരെയാണ് ആർബിഐ നടപടി. അതായാത് ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കുമായി തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നിടത്തോളം കാലം യുപിഐ അടക്കം ഡിജിറ്റൽ ഇടപാടുകൾ തുടരാമെന്ന് അർഥം. എൻസിഎംസി( നാഷണൽ കോമൺ മൊബിലിറ്റി) കാർഡുകൾ നിലവിലുള്ള ബാലൻസ് തീരും വരെ നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം.
പേടിഎം ബാങ്ക് എങ്ങനെ ആബിഐ റഡാറിന് കീഴിലായി?
ശരിയായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചതാണ് പ്രധാന കാരണം. കൃത്യമായ കെ വൈ സി സമർപ്പിക്കാതെ കോടികളുടെ ഇടപാട് ഈ അക്കൗണ്ടുകളിൽ പേടിഎം വഴി നടന്നതായി കണ്ടെത്തി. അതാണ് കള്ളപ്പണ തട്ടിപ്പെന്ന സംശയം ഉയരാൻ കാരണം. 1000 ത്തിലേറെ ഉപയോക്താക്കൾ ഒരേ പാൻ നമ്പർ തങ്ങളുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായി ആർബിഐയും, എക്സ്റ്റേണൽ ഓഡിറ്റർമാരും കണ്ടെത്തി.
പേടിഎം ഓഹരി വിലയിടിഞ്ഞു
ജനുവരി 31 ന് ശേഷം പേടിഎം ഓഹരിമൂല്യത്തിൽ 60 ശതമാനത്തിലേറെ ഇടിവ് വന്നു.
കേന്ദ്രസർക്കാരിനെ സമീപിച്ച് വിജയ ശേഖർ ശർമ
വിജയ് ശേഖർ ശർമ ധനമന്ത്രി നിർമല സീതാരാമനെ നേരിട്ട് കണ്ട് നിയന്ത്രണങ്ങൾ നീക്കണമെന്നും സാധാരണഗതിയിൽ സേവനങ്ങൾ നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിർമല സീതാരാമനെ കണ്ടപ്പോൾ, കേന്ദ്രസർക്കാർ ഇടപെടില്ലെന്ന സന്ദേശമാണ് ശർമയ്ക്ക് നൽകിയത്. ആർബിഐയോട് സഹകരിക്കാനും ചട്ടങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.
ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2023-ന്റെ തുടക്കം മുതൽ ആർബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേർക്കരുതെന്ന് 2022-ൽ ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാൻ കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിന്റേയും പുറത്തുനിന്നുള്ള ഓഡിറ്റർമാരുടെ തുടർച്ചയായുള്ള പരാതികളും അടിസ്ഥാനത്തിലാണ് പേടിഎമ്മിന് എതിരെ നടപടിയെന്ന് ആർബിഐ വ്യക്തമാക്കുന്നു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒരു അക്കൗണ്ടിന് 2,00,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ പാടില്ലാത്ത ലൈസൻസാണ് ആർബിഐ പേടിഎമ്മിന് നൽകിയിട്ടുള്ളത്. ചൈനീസ് വ്യവസായി ജാക് മാ സ്ഥാപിച്ച ആൻഡ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനും പേടിഎമ്മിനെതിരെ വിമർശനം ശക്തമായിരിന്നു. കഴിഞ്ഞവർഷം, ആൻഡ് ഗ്രൂപ്പിൽനിന്ന് പേടിഎം ഓഹരികൾ പിൻവലിച്ചിരുന്നു.
റിസ്ക് മാനേജ്മെന്റിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. വായ്പകളുടെ കുതിച്ചു ചാട്ടം തടയാനുള്ള മാനദണ്ഡങ്ങളില്ലാതെയാണ് ചില ബാങ്കുകളും ബാങ്കിങ് ഇതര സ്ഥപനങ്ങളും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎമ്മിന് എതിരെ ആർബിഐ നടപടിയെടുത്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായൊക്കെ നേരിട്ട് ബന്ധമുള്ളവരാണ് പേടിഎമ്മുകാർ. പക്ഷേ ഒരു രാഷ്ട്രീയ സംരക്ഷണവും അവർക്ക് കിട്ടിയില്ല. ഇതിലുടെ കൃത്യമായ ഒരു സന്ദേശം നൽകാൻ മോദി സർക്കാർ ശ്രമിക്കുന്നതായും ദേശീയ മാധ്യമങ്ങൾ എഴുതുന്നുണ്ട്. പേടിഎമ്മിന്റെ മേലുള്ള നിയന്ത്രണങ്ങൾ നീക്കില്ലെന്ന് ശക്തികാന്ത് ദാസ് തിങ്കളാഴ്ച വ്യക്തമാക്കുകയും ചെയ്തു.
പേടിഎം സിഇഒ പറഞ്ഞതും ചെയ്തതും
ആർബിഐ ചട്ടങ്ങൾ പാലിക്കാൻ സെബി മുൻ ചെയർമാൻ എം ദാമോദരന്റെ നേതൃത്വത്തിൽ, ഉപദേശക സമിതി രൂപീകരിച്ചു. ഉപഭോക്താക്കളുടെ പണം സുരക്ഷിതമെന്ന ഉറപ്പ് നൽകി. ആപ്പ് സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ശർമ ഉറപ്പു നൽകി.
ആരാണ് പേടിഎമ്മിന് പിന്നിൽ?
ഇന്ത്യകണ്ട എറ്റവും മികച്ച ടെക്നോക്രാറ്റ് എന്ന് ഫോർബ്സ് മാഗസിൻ വിശേഷിപ്പിച്ച വിജയ് ശേഖർ ശർമയാണ് പേടിഎമ്മിന്റെ ഉപജ്ഞാതാവ്. 1997ൽ സ്ഥാപിതമായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെയും, 2010-ൽ ആരംഭിച്ച ഉപഭോക്തൃ ബ്രാൻഡായ പേടിഎമ്മിന്റെയും സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. ഫോർബ്സ് മാഗസിന്റെ കണക്ക് പ്രകാരം 2022 സെപ്റ്റംബർ വരെ, 1.1 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
യുപിയിലെ അലിഗഡിൽ 1078ൽ ജയിച്ച ഇദ്ദേഹം, ചെറുപ്പത്തിൽ തന്നെ ടെക്ക്നോളജിയിൽ തിളങ്ങിയിരുന്നു. 1997ൽ, കോളേജിൽ പഠിക്കുമ്പോൾ അവൻ തുടങ്ങിയ ഇന്ത്യാ സൈറ്റ്നെറ്റ് എന്ന വെബ്സൈറ്റ്, രണ്ട് വർഷത്തിന് ശേഷം ഒരു മില്യൺ യുഎസ് ഡോളറിനാണ് വിറ്റത്. മൂന്ന് വർഷത്തിന് ശേഷം, 2000-ൽ, വാർത്തകൾ, ക്രിക്കറ്റ് സ്കോറുകൾ, റിങ്ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മൊബൈൽ ഉള്ളടക്കം നൽകുന്ന വൺ 97 കമ്മ്യൂണിക്കേഷൻസ് അദ്ദേഹം ആരംഭിച്ചു. 2010 ൽ പേടിഎം തുടങ്ങി.
പക്ഷേ പേടിഎമ്മിന്റെ ശരിക്കുള്ള വളർച്ച നോട്ട് നിരോധന സമയത്തായിരുന്നു. 2016 നവംബർ 9, നോട്ട് നിരോധന വാർത്തയ്ക്കൊപ്പം ഇന്ത്യയിലെ പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു പരസ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്തുവച്ച്, നോട്ട് നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വകാര്യ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയുടെ പരസ്യം. 'ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ" എന്നായിരുന്നു പരസ്യവാചകങ്ങൾ. 'ഇനി എടിഎം ഇല്ല, പേടിഎം ചെയ്യൂ" എന്നും പരസ്യവാചകത്തിലുണ്ടായിരുന്നു.
നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായവരുടെ പട്ടികയിൽ പ്രമുഖനാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ എന്നതിൽ തകർക്കമില്ല. നോട്ട്നിരോധനം പേടിഎം അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കൾക്ക് വേണ്ടിയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കമായിരുന്നു എന്ന പ്രതിപക്ഷ വിമർശനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് പേടിഎമ്മിന്റെ വളർച്ച. വിജയ് ശേഖർ ശർമ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ പോസ്റ്റർ ബോയി ആയി മാറി. 2010-ൽ ആരംഭിച്ച കമ്പനിക്ക് മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ജീവൻ വെച്ചത്. അതേ മോദിയുടെ കാലത്തുതന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിനെതിരെ നടപടി എടുക്കുന്നതും.