- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽക്കരി കുംഭകോണത്തിൽ ഛത്തീസ്ഗഡിൽ ഇഡി റെയ്ഡ്; കോൺഗ്രസ് ട്രഷറർ അടക്കം പത്തിലേറെ നേതാക്കളുടെ ഓഫീസുകളിൽ പരിശോധന; കോൺഗ്രസ് പ്ലീനറി സമ്മേളനം ഒരുക്കങ്ങൾ നടക്കവേയുള്ള ഇഡിയെത്തി; അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ചത്തീസ്ഗഡിൽ എൻഫോഴ്സ്മെന്റ് നടപടി. ഛത്തീസ്ഗഢിലെ 14 സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ പരിശോധന ആരംഭിച്ചു. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിൽ ചിലത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായും സംസ്ഥാന പാർട്ടി ട്രഷറർ ഉൾപ്പെടെയുള്ള ഭാരവാഹികളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ പരിശോധന നടത്തുന്നതിൽ രാഷ്ട്രീയമുണ്ടെന്നണ് കോൺഗ്രസ് വ്യക്തമക്കിയത്. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എംഎൽഎമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോൺഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുൻപ് നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അപലപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകൾ കൊണ്ട് കോൺഗ്രസിന്റെ ആത്മവീര്യത്തെ തകർക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബിജെപിയെ പരിഭ്രാന്തരാക്കി.
ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് റെയ്ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് ജയറാം രമേശും കുറ്റപ്പെടുത്തി. കോൺഗ്രസിനെ തകർക്കാനാകില്ല. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊർജം നൽകുന്നതാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24 മുതൽ 26 വരെ സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് റെയ്ഡുകൾ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായികളായ എംഎൽഎമാരുടെയും ഭാരവാഹികളുടേയും സ്ഥലങ്ങൾ റെയ്ഡിൽ ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. നിലവിലെ സർക്കാരിന്റെ കാലത്ത് നടന്ന കൽക്കരി കുംഭകോണത്തിന്റെ ഗുണഭോക്താക്കളായവരെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.
ഇതേ കേസുമായി ബന്ധപ്പെട്ട് മുൻപ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം റെയ്ഡ് നടന്നിരുന്നു. ആ പരിശോധനയിൽ സമീർ വിഷ്ണോയ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപയും നാല് കിലോ സ്വർണവും കണ്ടെത്തിയിരുന്നു.
മറുനാടന് ഡെസ്ക്