കൊച്ചി: ലക്ഷക്കണക്കിനു രൂപ കടലാസുകമ്പനികളിലേക്ക് നിക്ഷേപിച്ച വൈപ്പിൻ സ്വദേശി റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി. അന്വേഷണസംഘം ഞെട്ടി. വലിയവീട് പ്രതീക്ഷിച്ചുചെന്ന സംഘം കണ്ടത് ജീർണാവസ്ഥയിലുള്ള പഴയൊരു വീട്. റാഫേലിന് മുപ്പതുവയസ്സേയുള്ളൂ എന്നതും അമ്പരപ്പിച്ചു. ഓൺലൈൻ വായ്പ-ഗെയിം-ബെറ്റിങ് ആപ്പ് കമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി റാഫേലിനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. വമ്പൻ തട്ടിപ്പു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായ കാര്യം.

മുംബൈയിൽനിന്ന് എൻ.ഐ.യു.എം. കമ്പനിയുടെ ഡയറക്ടർമാരും കൊച്ചി ഓഫീസിലെത്തി മൊഴിനൽകി. കേരള-ഹരിയാണ പൊലീസ് രജിസ്റ്റർചെയ്ത വിവിധ തട്ടിപ്പുകേസുകളുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആപ്പ് കമ്പനികൾക്കെതിരേ ഇ.ഡി. അന്വേഷണം നടത്തുന്നത്. സിങ്കപ്പൂർ ആസ്ഥാനമായ എൻ.ഐ.യു.എം. കമ്പനിയുടെ ഇന്ത്യൻ ശാഖയായ മുംബൈയിലെ എൻ.ഐ.യു.എം. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുംബൈയിലെ ഡയറക്ടർമാരുടെ വീടുകൾ, എക്‌സോഡ്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിങ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ടിറനസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചർ വിഷൻ മീഡിയ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, അപ്രികിവി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മുംബൈ, ചെന്നൈ ആസ്ഥാനമായ കമ്പനികളിൽ റെയ്ഡ് നടന്നു.

ഈ കമ്പനികൾ കേരളത്തിലെ വിവിധ ബാങ്കുകളിൽ വ്യാജപേരുകളിൽ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ ലഭിക്കുന്ന പണം നിക്ഷേപിച്ചിരുന്നു. ഈ പണം ചെന്നൈ, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കടലാസുകമ്പനികളിലേക്ക് മാറ്റും. ഇവിടെനിന്ന് ക്രിപ്‌റ്റോ കറൻസി, വ്യാജ സോഫ്‌റ്റ്‌വേർ ഇറക്കുമതി ഇൻവോയ്‌സ് എന്നിവയിലൂടെ വിദേശത്തെ ബാങ്കുകളിലേക്ക് കടത്തുന്നതാണ് രീതി.

ഇന്ത്യയിലെ കടലാസുകമ്പനികൾക്കായി സിങ്കപ്പൂരിലെ കടലാസുകമ്പനികൾ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ഇൻവോയ്‌സുകൾ തയ്യാറാക്കും. ഈ ഇൻവോയ്‌സുകൾ എൻ.ഐ.യു.എം. സിങ്കപ്പൂർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്ലോബൽ ഫോറക്സ് സെറ്റിൽമെന്റ് പ്ലാറ്റ്‌ഫോമിലേക്ക് കൈമാറും. ഇത് ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറുകയും പണം ഇതേ പ്ലാറ്റ് ഫോമിലൂടെ ഇന്ത്യക്കുപുറത്തേക്ക് കടത്തുകയുംചെയ്യും.

ഇൻവോയ്‌സ് അല്ലാതെ മറ്റുവിവരങ്ങളൊന്നും കൈമാറാത്തതിനാൽ ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും എളുപ്പത്തിൽ ഈ തട്ടിപ്പുകണ്ടെത്താൻ കഴിയുമായിരുന്നില്ല, എൻ.ഐ.യു.എമ്മിന്റേതായി കണ്ടെത്തിയ 123 കോടിയാണ് മരവിപ്പിച്ചിരിക്കുന്നത്.