കൊച്ചി: വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് സജീവൻ നുണ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് രമ്യയുടെ സഹോദരൻ രത് ലാൽ പറഞ്ഞു. അതേസമയം അമ്മ മറ്റൊരാളുടെ കൂടെ പോയെന്ന് പറഞ്ഞാണ് മക്കളെ വിശ്വസിപ്പിച്ചത്. ഇക്കാര്യം പുറത്തറിഞ്ഞാൽ നാണക്കേടാണെന്നും അതിനാൽ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് എല്ലാവരോടും പറയണമെന്നും സജീവൻ കുട്ടികളെ പഠിപ്പിച്ചു. കുട്ടികളുടെ സംസാരത്തിൽ പിന്നീട് സംശയം തോന്നിയതോടെ പരാതി നൽകുകയായിരുന്നെന്നും രത് ലാൽ പറഞ്ഞു.

അതേസമയം, സജീവൻ ഭാര്യ രമ്യ(32) /യെ കൊലപ്പെടുത്തിയത് സംശയരോഗത്തെ തുടർന്നെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ, സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയിരുന്ന ഭാര്യയുമായി ഫോൺ വിളിയെ ചൊല്ലി തർക്കമുണ്ടായെന്നും കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും സജീവൻ പൊലീസിന് മൊഴി നൽകി.

കൊലപാതകം നടന്നിട്ട് ഒരുവർഷം രണ്ടുമാസവുമായി. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊല നടത്തിയത്. രാത്രി 10 വരെ കാത്തിരുന്ന ശേഷം മുറ്റത്ത് കുഴിച്ചിടുകയായിരുന്നു. കൊലപാതകം നടന്ന ശേഷം 6 മാസത്തിന് ശേഷം ഭർത്താവ് നൽകിയ പരാതിയിലാണ് ഞാറയ്ക്കൽ പൊലീസ് സംഭവത്തിൽ കേസെടുത്തത്.

ഭാര്യയെ കാണാനില്ലന്നും പറഞ്ഞാണ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അമ്മയില്ലാത്ത മക്കളെ നോക്കിക്കഴിയുന്ന, ഉത്തരവാദിത്വമുള്ള പിതാവ് എന്ന രീതിയിലാണ് പൊലീസിന്റെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. സംശയം ഉണ്ടായിരുന്നെങ്കിലും, സ്ഥിതി ഇതായിരുന്നതിനാൽ പൊലീസ് കാര്യമായ ചോദ്യം ചെയ്യലിന് തയ്യാറായില്ല. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി, മുറ്റം കുഴിച്ച് അസ്ഥികൂടം കണ്ടെത്തി.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രമ്യയ്ക്ക് അവിടെ നിന്ന് ജീവനക്കാരുടെയും മറ്റും കോളുകൾ വന്നിരുന്നു. ഇതിനൊപ്പം ഭാര്യ പലരോടും ചാറ്റ് ചെയ്യുന്നതായും സജീവൻ സംശയിച്ചു. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇലന്തൂർ നരബലി കേസിനെ തുടർന്ന്, കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ കൊലപാതകം കൂടി പുറത്തുവന്നു. തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയും പരസ്യവും നൽകിയ ഭർത്താവ് തന്നെയാണ് കുറ്റവാളിയെന്ന് ഇന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇന്നലെയും ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാൾ സമ്മതിച്ചിരുന്നില്ല.

വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. 2021 ഓഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി സജീവന് പുറമേ രമ്യയുടെ കുടുംബവും പൊലീസിൽ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നൽകിയിരുന്നു. നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.

രമ്യയും ഭർത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. നാട്ടുകാരും അയൽക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോൾ ജോലിയിലാണെന്നും പുറത്താണെന്നും ആണ് സജീവൻ നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു. എന്നാൽ, മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്. കൊലപാതകം എന്നു നടന്നു എന്നതിൽ വ്യക്തതയില്ല. ഭാര്യയെ കാണാനില്ലെന്ന തരത്തിൽ സജീവൻ പെരുമാറിയിരുന്നതുകൊണ്ട് തന്നെ കൊലപാതകം എന്ന് നാട്ടുകാർക്ക് തരിമ്പും സംശയം തോന്നിയതുമില്ല