മലപ്പുറം: എടവണ്ണ ചെമ്പകുത്തിൽ വെടിയേറ്റുമരിച്ച റിദാൻ ബാസിന്റെ മൊബൈൽ ഫോൺ പുഴയിൽനിന്നും മുങ്ങിയെടുത്തു. റിദാനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഫോണുമായി മടങ്ങുന്നതിനിടെ എടവണ്ണ സീതിഹാജി പാലത്തിന് മുകളിൽ നിന്ന് ഫോൺ താൻ പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന മുഖ്യപ്രതി എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാന്റെ (30) മൊഴി പ്രകാരം പൊലീസ് എമർജൻസി റസ്‌ക്യൂഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തിയ തിരിച്ചിലിനൊടുവിലാണു സീതിഹാജി പാലത്തിനു താഴെ പുഴയിൽനിന്നും ഫോൺ മുങ്ങിയെടുത്തത്. ഇതിനു പുറമെ മറ്റൊരു ഫോൺകൂടി പ്രതി ഇവിടേക്കു കളഞ്ഞിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഈ ഫോണിനുവേണ്ടിയുള്ള തിരിച്ചിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേ സമയം യുവാവ് കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ വാങ്ങിയത് ഡൽഹിയിൽ നിന്നാണെന്നും ഇറ്റാലിയൻ നിർമ്മിത പിസ്റ്റളാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. മുഖ്യപ്രതിക്കു പുറമെ അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നുപേരും സഹായങ്ങൾ നൽകിയവരാണ്. ഷാനോടൊപ്പം പിസ്റ്റൾ വാങ്ങാൻ പോയതിനാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ബൈത്തുൾ അജ്ന ഹൗസിൽ അഫ്നാസ് (29), സാമ്പത്തിക സഹായം നൽകിയ എടവണ്ണ മുണ്ടേങ്ങര മഞ്ഞളാംപറമ്പൻ റഹ്‌മാൻ ഇബ്നു ഹൗഫ് (29), തിരുവാലി സ്വദേശി പുളിയക്കോടൻ അനസ് (31) എന്നിവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.. കൊല്ലപ്പെട്ട റിദാൻ ബാസിലിനോടൊപ്പം നേരത്തെ എം.ഡി.എം.എ കടത്ത് കേസിൽ അറസ്റ്റിലായിരുന്ന സുഹൃത്ത് ഷമീമിനെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.

ഷമീമിന്റെ ഭാര്യ ആത്മഹത്യചെയ്ത കേസിൽ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ഷമീം ജാമ്യത്തിലിറങ്ങിയിരുന്നത് അടുത്തിടെയാണ്. ഷമീമാണു തന്നെ എം.ഡി.എം.എ കേസിൽ കുടുക്കിയതെന്നു റിദാൻ തന്നെ അടുപ്പക്കാരോടു പറഞ്ഞിരുന്നു. തന്റെയും സഹോദരന്റെയും ചില മദ്യ, മയക്കുമരുന്ന് ഇടപ്പാടുകൾ റിദാൻ ബാസിൽ ഒറ്റികൊടുത്തുവെന്ന മുഹമ്മദ് ഷാന്റെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

നിലവിൽ അറസ്റ്റിലായ കൂട്ടുപ്രതികളായ മൂന്നു പേർക്കും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും മുഖ്യ പ്രതി കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ ഇവരുടെ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ഒന്നര വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് പറയുന്നത്. മുഹമ്മദ് ഷാനും അഫ്നാസും ചേർന്നാണ് ഡൽഹിയിൽ നിന്ന് പിസ്റ്റൾ വാങ്ങിയതെന്നാണ് കരുതുന്നത്.ഹൗഫും അനസും ഇവർക്ക് സാഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ബഹ്റിനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തിയതിന് 2021 ൽ ഷാൻ ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. വ്യാജമദ്യം കൈവശം വെച്ചതിന് അഫ്നാസ് ഈ സമയം അവിടെ ജയിൽ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഷാൻ അഫ്നാസിനെ പരിചയപ്പെടുന്നത്.പ്രതിയുടെ ജ്യേഷ്ടൻ നിസ്സാമിന്റെ അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് അറസ്റ്റിലായ അനസ്. പൊലീസുകാരെ ആക്രമിച്ചതുൾപ്പടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.സംഭവം പുറത്ത് വന്ന മുതൽ അനസ് പൊലീസ് നീരിക്ഷണത്തിലായിരുന്നു. മൂന്ന് ദിവസങ്ങളിലായി പൊലീസ് വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണ്ണകടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഷാന്റെ ബന്ധുവാണ് ഹൗഫ്. പ്രതി ഷാനും അഫ്നാസും ഒരുമിച്ചു പോയാണ് പിസ്റ്റൾ വാങ്ങിയത്. ഏപ്രിൽ 22 ന് രാവിലെ എട്ട് മണിയോടെ വീടിന് സമീപത്തെ മലയിലാണ് റിദാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21ന് രാത്രി ഒമ്പത് മണിയോടെയാണ് മുഹമ്മദ് ഷാൻ സ്‌കൂട്ടറിലെത്തി റിദാനെ സ്ഥലത്ത് എത്തിച്ചത്. വാടകയ്ക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംസാരിക്കാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. കുന്നിൻ മുകളിൽ നിന്ന് റിദാൻ ഭാര്യയുടെ ഫോണിൽ വിളിച്ച് രാത്രി 10.30ന് വീട്ടിലെത്തുമെന്ന് അറിയിച്ചു. തുടർന്ന് പ്രതി റിദാനോട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും റിദാനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഏഴ് റൗണ്ട് വെടിയുതിർത്തെങ്കിലും മൂന്ന് തവണ മാത്രമാണ് ശരീരത്തിൽ തറച്ചത്.. റിദാൻ നിലത്ത് വീണു മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം പ്രതി റിദാന്റെ ഫോണുമായി മടങ്ങി സീതിഹാജി പാലത്തിന് മുകളിൽ നിന്ന് ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടെ റിദാന്റെ ഭാര്യയെ വിളിച്ച് താൻ അവിടെ നിന്ന് പോയിട്ടുണ്ടെന്നും റിദാൻ അവിടെ ഉണ്ടെന്നും പറഞ്ഞു. ഭാര്യ റിദാനെ ഫോണിൽ പലതവണ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. മുഹമ്മദ് ഷാനോട് അന്വേഷിച്ചപ്പോൾ തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. റിദാൻ മരിച്ച സ്ഥലത്ത് സംശയം തോന്നാതിരിക്കാൻ പ്രതികളും എത്തിയിരുന്നു.

തന്റെയും സഹോദരന്റെയും ചില ഇടപ്പാടുകൾ റിദാൻ ബാസിൽ ഒറ്റികൊടുത്തുവെന്ന മുഹമ്മദ് ഷാന്റെ സംശയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ഉള്ളിലെ പക പുറത്ത് കാണിക്കാതെ പുറമെ സ്നേഹം നടിച്ചാണ് റിദാൻ ബാസിലിനെ മുഹമ്മദ് ഷാൻ വകവരുത്തിയത്.