- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ, കൂടുതൽ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ അദ്ധ്യാപകർ രംഗത്തെത്തി. കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയുടെ പീഡനത്തെതുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നുവെന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞു. ചൈൽഡ് ലൈനിനെ രണ്ട് വട്ടം വിവരം അറിയിച്ചിരുന്നുവെന്നും അദ്ധ്യാപകൻ പറഞ്ഞു.
'പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിൽ നിനന്ന കുട്ടിയായിരുന്നു. സ്വഭാവ രീതികളിൽ ചില മാറ്റങ്ങൾ ഉണ്ടായെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അവളോട് സംസാരിക്കുന്നത്. ആ സമയത്ത് അവൾ താൻ അനുഭവിച്ച ചില ദുരനുഭവങ്ങൾ പറഞ്ഞു. ഇത് ഗൗരവമുള്ള വിഷയമാണെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നും എല്ലാ പരിരക്ഷയും നിനക്കുണ്ടാകുമെന്ന് അവളോട് പറഞ്ഞു. പിറ്റേദിവസം കൗൺസിലിങ് നടത്തിയ മാഡം എല്ലാം എഴുതി വാങ്ങി. ഈ വിവരങ്ങൾ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും പ്രയാസത്തിലേക്ക് പോയി.
ടിസി വാങ്ങി. പക്ഷേ ട്യൂഷന് പോകുന്നുണ്ട്. പഠനം തുടരുന്നുണ്ട്. സ്‌കൂളിൽ നിന്ന് മാറി നിൽക്കുന്നെന്ന് മാത്രമേയുള്ളൂ. അങ്ങനെ കുറച്ച് സമാധാനമായ സമയത്താണ് കേസ് വീണ്ടും ഓപ്പൺ ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ ഒരു നടപടിയെടുത്താൽ എനിക്ക് സമാധാനം കിട്ടുമായിരിക്കുമെന്ന് ഇടയ്ക്കിടെ പറയാറുണ്ട്.'- അദ്ധ്യാപകൻ ഒരു മാധ്യമത്തോട് പറഞ്ഞു. കുട്ടി വളരെ നിർബന്ധം പിടിച്ചപ്പോഴാണ് ടിസി കൊടുത്തതെന്ന് അദ്ധ്യാപകർ പറയുന്നു. പതിനേഴുകാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.
വിവരങ്ങൾ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസിൽ വീണ്ടും അന്വേഷണം നടത്തിയെങ്കിലും കരാട്ടെ മാസ്റ്റർക്കെതിരെ നടപടി വൈകുന്നതിൽ പെൺകുട്ടിയെ വിഷമിപ്പിച്ചിരുന്നു. കേസിൽ തുടർ നടപടികളുണ്ടാകാതിരുന്നത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും കൊലപാതകമാണെന്ന് തന്നെയാണ് സംശയമെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അദ്ധ്യാപകർ പറഞ്ഞു.
ഇതിനിടെ, വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ വാഴക്കാട് സിഐയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി
കരാട്ടെ അദ്ധ്യാപകൻ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു.
8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധീഖ് അലി റിമാൻഡിലാണ്. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അദ്ധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്.
വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്. കൊലപാതകം സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. മൃതദേഹത്തിൽ മേൽവസ്ത്രം ഇല്ലാതിരുന്നതിലും പെൺകുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ചു. പിന്നീട് മേൽവസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽവിദഗ്ദ്ധർ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കിടന്നതിന് സമീപത്തുനിന്നാണ് വസ്ത്രങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി പ്രതികരിച്ചു.
നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയും രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പുഴയിൽ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.