- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച ആ യുവാവല്ല ട്രെയിനിന് തീയിട്ടത്; ദൃശ്യങ്ങളിൽ കാണുന്നത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയെ; രേഖാ ചിത്രത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യവും ഇല്ല; എലത്തൂർ സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ സഹായിക്കില്ല; ആക്രമണം ആസൂത്രിതമെന്ന് തെളിഞ്ഞാൽ, എൻഐഎ അന്വേഷണം ഏറ്റെടുക്കും
കോഴിക്കോട്: ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് തീയിട്ട സംഭവത്തിൽ, പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ള ആൾ അക്രമിയല്ലെന്ന് സൂചന. ദൃശ്യങ്ങളിൽ കാണുന്നത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയെയാണ്. യഥാർത്ഥ അക്രമിയുടെ കാലിന് പൊള്ളലേറ്റിരുന്നു. എന്നാൽ സി.സി.ടി.വിയിൽ കാണുന്ന വിദ്യാർത്ഥി പൊള്ളലേറ്റ രീതിയിലല്ല നടന്നിരുന്നത്. രേഖാചിത്രത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യം ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന് ഏകദേശം രണ്ട മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗും ഫോണും കൈവശമുണ്ടായിരുന്ന ഇയാളെ മറ്റൊരാൾ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പൊലീസ് സന്നാഹവും ആൾക്കൂട്ടവും ഉള്ള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നിൽക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അനേ്വേഷണം പൊലീസ് അവസാനിപ്പിച്ചെന്നാണ് സൂചന.
ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ റെയിൽവേ പൊലീസ് ഇയാളായിരിക്കാം പ്രതിയെന്ന് സംശയിച്ചിരുന്നു. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന്ന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺ വിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് റെയിൽവെ പൊലീസിന് സംശയത്തിനിടയാക്കിയിരുന്നു. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴിയും നൽകിയിരുന്നു.
അതിനിടെ അക്രമിയെ കുറിച്ച് നിർണായക വിവരങ്ങൾ ട്രെയിനിലുണ്ടായിരുന്ന റാസിഖ് പങ്കുവെച്ചു.പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു.പെട്രോൾ പോലുള്ള ദ്രാവകം എല്ലാവരുടെയും ദേഹത്ത് തെളിച്ചു.ഇയാള് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട് ആയിരുന്നു.ഏകദേശം 150 cm ഉയരം ഉണ്ട്.ആരോഗ്യമുള്ള ശരീരം.ഇറക്കം കൂടിയ ഷർട്ട് ആണ് ധരിച്ചിരുന്നത്.പൊലീസ് വിശദമായ മൊഴി എടുത്തു.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് ആക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന.ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു.
ജില്ലയിലെ മുഴുവൻ സിഐ മാരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി, അന്വേഷണം വിപുലപ്പെടുത്തി. ഷാഡോ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. ആശുപത്രികൾ ലോഡ്ജുകൾ ഹോട്ടൽ മുറികൾ തുടങ്ങി വ്യാപക പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി
സംഭവത്തിന്റെ വിശദാംശങ്ങൾ കേരളത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടും. ആക്രമണം ആസൂത്രമാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ സംഭവത്തിൽ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ