- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകയില ഉപയോഗം കുറയ്ക്കണം, കാശ് കുറച്ച് ചെലവാക്കണം, ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ; ഇംഗ്ലീഷിൽ എസ് എന്ന് പല ആകൃതിയിൽ എഴുത്തുകൾ; ബാഗിൽ നിന്ന് കിട്ടിയ നോട്ടുപുസ്തകത്തിൽ വിചിത്രമായ കുറിപ്പുകൾ; എലത്തൂർ സംഭവത്തിൽ പ്രതി പിടിയിലായെന്ന വാർത്തകൾക്കിടെ ദുരൂഹത കൂട്ടി കുറിപ്പുകൾ
കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിലായെന്ന് വാർത്തകൾ വരുന്നതിനിടെ, ഇയാളുടെ ബാഗിൽ നിന്ന് ലഭിച്ച കുറിപ്പുകൾ ദുരൂഹത കൂട്ടുന്നതാണ്. നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയാണ് പിടിയിലായത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മീഡിയ വൺ ചാനലാണ് പ്രതിയെ പിടികൂടിയെന്ന വാർത്ത പുറത്തുവിട്ടത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് ചാനൽ വാർത്ത.
ഒരു കുപ്പി പെട്രോൾ, നോട്ടുപുസ്തകം, വസ്ത്രങ്ങൾ, കണ്ണട, പേഴ്സ്, ടിഫിൻ ബോക്സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. പുകയില ഉപയോഗം കുറയ്ക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്.
ഇംഗ്ലീഷിൽ 'എസ്' എന്ന് പല ആകൃതിയിൽ എഴുതിയിട്ടുണ്ട്. നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്. അക്രമിക്ക് മറ്റ് പലരുടെയും സഹായം കിട്ടിയോ എന്നും സംശയമുണ്ട്. നോയിഡ എന്ന് എഴുതിയ ഒരു പേജും കണ്ടെത്തി.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയതെന്നണ് പുറത്തുവരുന്ന വിവരം. ഷാറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു.
പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടനാ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ തുടർന്ന് റെയിൽവെ പൊലീസ് പരിശോധന നടത്തി. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദ്ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ