- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം കിട്ടാത്ത മറ്റൊരു പ്രത്യേക വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ തെളിവുണ്ടെന്ന് ഇര; എൽദോസിനെതിരായ അതീവ ഗുരുതര ഡിജിറ്റൽ തെളിവുകൾ അന്വേഷണത്തിൽ നിർണ്ണായകമാകും; ജില്ലാ ക്രൈംബ്രാഞ്ചിന് എല്ലാം കൈമാറുമെന്ന് സൂചന നൽകി അദ്ധ്യാപിക; പെരുമ്പാവൂർ എംഎൽഎയെ അഴിയെണ്ണിക്കാൻ ഉറച്ച് യുവതി; കോവളം കേസ് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ അതീവ ഗുരുതര സ്വഭാവത്തിലുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരിയായ യുവതിയുടെ കൈവശമുണ്ടെന്ന് വിവരം. ഇന്നലെ പത്രസമ്മേളനത്തിനെത്തിയ യുവതി അടുപ്പമുള്ള മാധ്യമപ്രവർത്തകരുമായി ഈ വിവരം പങ്കുവച്ചു. ജാമ്യം കിട്ടാത്ത മറ്റൊരു പ്രത്യേക വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ തെളിവുകളാണ് അവരുടെ പക്കലുള്ളതെന്നാണ് സൂചന. എംഎൽഎയുടെ ഫോണിൽ നിന്നാണ് അവർ ഇത് കൈക്കലാക്കിയതെന്നും അറിയുന്നു. ഒത്തുതീർപ്പുകൾ ഉണ്ടായില്ലെങ്കിൽ എൽദോസിനെതിരായ തെളിവുകൾ യുവതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
കേസൊതുക്കാൻ തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരിയായ അദ്ധ്യാപിക വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മജിസ്ട്റേറ്റ് മുമ്പാകെയും പൊലീസിലും നൽകിയ പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നെന്നാണ് അവർ പറയുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ കോവളം സിഐയും ചില കോൺഗ്രസ് നേതാക്കളും എൽദോസിന്റെ സുഹൃത്തുക്കളും തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന അവരുടെ വെളിപ്പെടുത്തലിൽ ഉടനടി നടപടിയായിട്ടുണ്ട്. കോവളം സിഐയെ സ്ഥലംമാറ്റി ഡിജിപി ഉത്തരവിറക്കി.
ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസും പറഞ്ഞെന്ന വെളിപ്പെടുത്തലിൽ പുതിയ കേസിന് സാദ്ധ്യതയുണ്ട്. എൽദോസുമായി 10 വർഷത്തെ പരിചയം ഉണ്ട് . ആദ്യം എംഎൽഎ ആയപ്പോൾ പേഴ്സണൽ സ്റ്റാഫ് വഴിയാണ് പരിചയം തുടങ്ങിയത് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് കൂടുതൽ അടുപ്പത്തിലായത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. സ്റ്റെപംബർ 14 ന് തന്നെ നിർബ്ബന്ധിച്ച് കോവളം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പരസ്പരം ഉള്ള തർക്കം തീർക്കാനെന്ന മട്ടിലാണ് കൊണ്ടുപോയതങ്കിലും അവിടെ വച്ച് ശാരീരികമായി ഉപദ്രവിച്ചു. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി.എയും സുഹൃത്ത് ജിഷ്ണുവും ഒപ്പം ഉണ്ടായിരുന്നു. മർദ്ദനം കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. താൻ ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ തടിതപ്പിയത്. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.ശല്യം തുടർന്നതോടെയാണ് സ്റ്റെപംബർ 28 ന് വനിതാ സെല്ലിൽ പരാതി നൽകിയത്. എന്നാൽ പ്രതിസ്ഥാനത്ത് എംഎൽഎ ആയതിനാൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു.
എൽദോസ് കുന്നപ്പിള്ളി കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. കേസ് ഒത്തു തീർപ്പാക്കാൻ വാഗ്ദാനം ചെയ്ത 30 ലക്ഷം രൂപ തനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിനിയും മുൻ വാർഡ് മെമ്പറും ആയ സ്ത്രി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. എന്നാൽ കോൺഗ്രസിലെ എംഎൽഎമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി .
കോവളം സ്റ്റേഷനിലേക്ക് സെപ്റ്റംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച് .ഒ തയ്യാറായില്ല. എംഎൽഎയെ കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് ഏഴാം തീയതിയും എട്ടാം തീയതിയും ചെന്നെങ്കിലും മൊഴി എടുത്തില്ല. സിഐ ഒത്തു തീർപ്പിനുള്ള ശ്രമങ്ങളാണ് നടത്തിയത്. കോവളം സിഐ മനഃപൂർവം കേസ് രജിസ്റ്റർ ചെയ്യാൻ താമസിപ്പിക്കുകയായിരുന്നു. സിഐ ഒത്തുതീർപ്പിന് ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോവളം എസ്.എച്ച്.ഒയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. നെയ്യാർ ഡാം സ്റ്റേഷൻ എസ്.എച്ച്.ഒ ബിജോയ് എസിനെയാണ് കോവളത്ത് സ്ഥലം മാറ്റി നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്.
അതിനിടെ, യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ ക്രൈം ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോവളംപൊലീസിൽ യുവതി സമർപ്പിച്ച പരാതിയും ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമവിവരറിപ്പോർട്ടും മൊഴികളും അടങ്ങിയ കേസ് ഫയൽ ഇന്നലെ രാവിലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറേറ്റിലെ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന് കൈമാറി. അസി. കമ്മിഷണർ മറ്റൊരു കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി പാലക്കാട് കോടതിയിലായിരുന്നതിനാൽ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ എസ്ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസിന്റെ സഹായത്തോടെ യുവതിയുടെ താമസസ്ഥലത്തെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.
കോവളം പൊലീസിൽ ഉന്നയിച്ച പരാതിയിലും പ്രഥമവിവരറിപ്പോർട്ടിൽ രേഖപ്പെടുത്തിയ മൊഴിയിലും വെളിപ്പെടുത്തിയതിലും ഗുരുതരമായ ആരോപണങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തോട് യുവതി വെളിപ്പെടുത്തിയതായാണ് സൂചന. എന്നാൽ യുവതിയുടെ മൊഴിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. എൽദോസുമായുള്ള സൗഹൃദവും സഹവാസവും യാത്രകളുമുൾപ്പെടെ പലവിവരങ്ങളുംപുതിയ മൊഴിയിലുണ്ട്. കോവളം പൊലീസിൽ നൽകിയ മൊഴിയിൽ എംഎൽഎ പ്രൈവറ്റ് സെക്രട്ടറിയുടെ സഹായത്തോടെ കാറിൽ തട്ടിക്കൊണ്ടപോകുകയും മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് വെളിപ്പെടുത്തിയിരുന്നതെങ്കിൽ ചില സ്വകാര്യവിവരങ്ങളും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് സൂചന.
കഴിഞ്ഞദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി മറ്റൊരു പുരുഷ സുഹൃത്ത് വഞ്ചിയൂർ പൊലീസിൽ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത മാന്മിസിങ് കേസിൽ യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി മജിസ്ട്രേറ്റിന് മുമ്പാകെ മിസിംഗുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ മിസിങ് സംബന്ധമായല്ലാത്ത മറ്റ് ചില വിവരങ്ങളും സൂചിപ്പിച്ചതായി വിവരങ്ങൾ പുറത്തുവന്നതോടെ ഈ മൊഴിയുടെ പകർപ്പിനായി ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം വഞ്ചിയൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ മൊഴിയുടെ പകർപ്പ് കൈപ്പറ്റി വിവരങ്ങൾ പരിശോധിക്കുകയും യുവതി. ഉന്നയിച്ച ആരോപണങ്ങളിൽ മൊബൈൽഫോൺ കോളുകളും ടവർ ലൊക്കേഷനുകളും ഉൾപ്പെടെ മറ്റ് ചില തെളിവുകൾ കൂടി പരിശോധിച്ചശേഷം സ്പീക്കറുടെ അനുമതിയോടെ എംഎൽഎയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തീരുമാനം.
കൂടാതെ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ഇന്ന് തിരികെയെത്തിയാലുടൻ യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയോ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തേക്കും. സ്ത്രീത്വത്തെ അപമാനിച്ചതായി യുവതി കോവളം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ മജിസ്ട്രറേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രറേറ്റിന് അപേക്ഷ നൽകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്