തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഡോക്ടറെ, തിരുവനന്തപുരം മലയൻകീഴ് സിഐ രാത്രിയിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ സംശയമുന്നയിച്ച് സുപ്രീംകോടതി. 2019ൽ നടന്ന പീഡനത്തിൽ പരാതി നൽകാൻ മൂന്നുവർഷം വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. പരാതി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും, കോടതി സിഐയുടെ മുൻകൂർ ജാമ്യം റദ്ദാക്കിയില്ല. ഈ കേസ് തനിക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയും.

മലയിൻകീഴ് എസ്.എച്ച്.ഒ ആയിരുന്ന എ.വി. സൈജുവിനാണ് കോടതി ഉത്തരവ് തുണയായത്. മലയൻകീഴിൽ നിന്ന് മാറ്റിയ സൈജുവിനെ മുല്ലപ്പെരിയാറിൽ എസ്.എച്ച്.ഒ ആയി നിയമിച്ചിരുന്നു. പീഡനപരാതി നൽകാൻ വൈകിയതിനെത്തുടർന്നുള്ള കോടതി ഉത്തരവ് എൽദോസ് കുന്നപ്പിള്ളി കോടതിയിൽ ചൂണ്ടിക്കാട്ടും. പത്തുവർഷമായി എൽദോസുമായി സൗഹൃദമുണ്ടെന്നും ആദ്യം എംഎ‍ൽഎ ആയപ്പോൾ പേഴ്‌സണൽ സ്റ്റാഫ് വഴിയാണ് പരിചയം തുടങ്ങിയതെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. ഡോക്ടറുടെ കേസിലെ വിധി തനിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യത്തിന് എംഎ‍ൽഎ ശ്രമം തുടങ്ങിയിട്ടുണ്ട്.

അതിനിടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് കെപിസിസിയുടെ മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. ഈ മാസം ഇരുപതിനകം വിശദീകരണം നൽകണമെന്ന് കെപിസിസി അറിയിച്ചു. പൊതുപ്രവർത്തകന്റെ പേരിൽ കേൾക്കാൻ പാടില്ലാത്ത ഗുരുതര ആരോപണമാണ് ഉണ്ടായത്. വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെന്നും കെപിസിസി അറിയിച്ചു. എൽദോസുമായി പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞു. എൽദോസിനെ സസ്‌പെൻഡ് ചെയ്യുന്ന കാര്യം കെപിസിസി ആലോചിക്കുമ്പോൾ, പൊലീസ് നടപടി ഉറപ്പാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. എംഎൽഎയുടെ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കാൻ പൊലീസ് സ്പീക്കറുടെ അനുമതി തേടി.

വിശദീകരണം തേടി ഇമെയിലിൽ കെപിസിസി അയച്ച കത്തിന് പോലും എൽദോസ് മറുപടി നൽകിയിട്ടില്ല. എന്നാൽ മറുപടിക്കായി അനന്തമായി കാത്തു നിൽക്കില്ലെന്നും നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ കെപിസിസി അംഗമായ എൽദോസ് പാർട്ടിയിൽ ചുമതലകൾ ഒന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യുന്ന കാര്യമാണ് ആലോചനയിൽ. അതേസമയം, എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് പൊലീസ്. ഇതിനിടെയാണ് കോടതിയിൽ ജാമ്യ സാധ്യതകൾ കുന്നപ്പിള്ളി തേടുന്നത്.

2011മുതൽ 2018വരെ അബുദാബിയിൽ ഡെന്റിസ്റ്റായിരുന്ന തിരുവനന്തപുരത്തെ വനിതാ ഡോക്ടറെ സിഐ പീഡിപ്പിച്ചെന്നാണ് കേസ്. മലയൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. വിളപ്പിലിലെ കടമുറികൾ ഒഴിപ്പിക്കുന്നതിന് 2019ആഗസ്റ്റിൽ മലയൻകീഴ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് അന്ന് എസ്‌ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്. പരാതി പരിഹരിച്ച സൈജു, ഡോക്ടറുടെ മൊബൈൽഫോൺ വാങ്ങി സൗഹൃദമുണ്ടാക്കി.

പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019ഒക്ടോബറിൽ രാത്രിയിൽ വീട്ടിലെത്തി, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡനത്തിനിരയാക്കി. പുറത്തുപറയരുതെന്ന് കാലുപിടിച്ചു. ഭാര്യയുമായി നിലവിൽ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് നിരന്തരം വീട്ടിലെത്തി നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്തി. വിവരമറിഞ്ഞ് ഭർത്താവ് ഡോക്ടറെ ഉപേക്ഷിച്ചു.

ഡോക്ടറുടെ പേരിൽ കൊല്ലത്തെ ബാങ്കിലെ 12ലക്ഷം സ്ഥിരനിക്ഷേപം നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചൽ ഫാർമേഴ്‌സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്ക്കുകയും ചെയ്തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ജനുവരി 28ന് വീണ്ടും വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ചു.

പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് രക്തസമ്മർദ്ദം വർദ്ധിച്ച് താൻ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ പത്തുവർഷമായെങ്കിലും കുട്ടികളില്ലാത്തതിന്റെ ചികിത്സയ്ക്കായാണ് ഡോക്ടർ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മാതാപിതാക്കൾ മരിച്ച തന്നെ ഭർത്താവും ഉപേക്ഷിച്ചെന്നും സിഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റാണ് സിഐ. ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി മൊഴി നൽകി. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ, ഏറിയാൽ രണ്ടുമാസത്തെ സസ്‌പെൻഷനു ശേഷം തിരിച്ചെത്തുമെന്ന് സിഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയിട്ടുണ്ട്. എൽ.എൽ.ബിക്ക് പഠിക്കുന്ന സിഐ ഫീസടയ്ക്കാനും അരലക്ഷം വാങ്ങി. ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനും പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു.