തിരുവനന്തപുരം: ഇ.പി. ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്‌ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്യൂ. സംസ്ഥാന പൊലീസ് മേധാവിക്കാണ് ജയരാജൻ പരാതി നൽകിയത്. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ജയരാജന്റെ ആവശ്യം. കേസിൽ ശോഭാ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും.

ശോഭാ സുരേന്ദ്രൻ, കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ ഇ.പി. ജയരാജൻ കഴിഞ്ഞദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. മൂവരും അപവാദപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിൽ കൂടി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമനടപടിയെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസിലും പരാതി നൽകുന്നത്. ടിപി നന്ദകുമാറിനെതിരെ ശോഭയു ശോഭയ്‌ക്കെതിരെ നന്ദകുമാറും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ അന്വേഷണം നടത്തൂ. നിയമോപദേശവും പൊലീസ് തേടിയേക്കും.

തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരമാണ് ഇ.പി. ജയരാജൻ നിയമനടപടികൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമാണ് പൊലീസ് പരാതിയും. ഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച്ചയിൽ ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

ശോഭാ സുരേന്ദ്രനാണ് നേരത്തെ ജാവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച ചർച്ചയാക്കിയത്. പിന്നാലെ തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്കർ ഇ പി ജയരാജനെ കണ്ടുവെന്ന് ടി ജി നന്ദകുമാറും വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ജയരാജനോട് പറഞ്ഞിരുന്നുവെന്നും പകരം ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.

എന്നാൽ ജയരാജൻ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു.