തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ നിർണായക തെളിവുകൾ പുറത്തുവരുമ്പോൾ സിബിഐയോ ഇഡിയോ അന്വേഷണത്തിന് എത്തുമെന്ന നിഗമനത്തിൽ സിപിഎം. അതിനിടെ വിഷയം രാഷ്ട്രീയ ചർച്ചയാക്കാൻ കോൺഗ്രസും തീരുമാനിച്ചു. ബിജെപിയും വിഷയം ചർച്ചയാക്കും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം എക്‌സാലോജിക്കായി മാറും. എക്‌സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് വീണക്കെതിരെയുള്ള കണ്ടെത്തൽ. രജിസ്റ്റർ ഓഫ് കമ്പനീസാണ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സിപിഎം ഇതുവരെ തീർത്ത പ്രതിരോധമെല്ലാം ഈ വിഷയത്തിൽ പാളുകയാണ്.

കമ്പനി നൽകിയ അപേക്ഷയിലും സത്യാവാങ്മൂലത്തിലുമാണ് വീണ ക്രമക്കേട് കാണിച്ചത്. ഇത് സംബന്ധിച്ച് ആർഒസി റിപ്പോർട്ടിൽ മരവിപ്പിക്കലുമായി ബന്ധപ്പെട്ട രേഖകളിൽ ക്രമക്കേടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. എക്‌സാലോജിക്ക് മരവിപ്പിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് വീണ അപേക്ഷയും സത്യവാങ്മൂലവും സമർപ്പിച്ചത്. രണ്ട് വർഷത്തോളം ഒരു ഇടപാടുകളും നടത്താത്ത കമ്പനികൾക്ക് മാത്രമേ മരവിപ്പിക്കലിന് അപേക്ഷ നൽകാൻ സാധിക്കുകയുള്ളൂ. ഇത് മറച്ചുവച്ചായിരുന്നു 2022-ൽ കമ്പനി അപേക്ഷ നൽകിയിരുന്നതെന്നും ആർഒസി കണ്ടെത്തി. കമ്പനിക്കെതിരെ തർക്കമുള്ള കാര്യവും മറച്ചു വച്ചു. എക്‌സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകൾ ചുമത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാമർശിക്കുന്ന ആരോപണവും ആർ ഒ സിയുടെ റിപ്പോർട്ടിലുള്ളത്.

എക്‌സാലോജിക്കിനെതിരായ ആർ.ഒ.സി റിപോർട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ പ്രതിപക്ഷ നീക്കം തുടങ്ങിയിട്ടുണ്ട്. എക്‌സാലോജിക്, കരുവന്നൂർ കേസുകൾ മുന്നിൽ വെച്ച് സിപിഎമ്മുമായി ധാരണയ്ക്ക് ബിജെപി ശ്രമം നടത്തുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. തൃശൂർ ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾക്ക് സിപിഎം ഈ കേസുകളുടെ പേരിൽ വഴങ്ങുന്നുവെന്ന സംശയം പ്രതിപക്ഷ നേതാവ് തന്നെ ഉന്നയിച്ചത് ഇത് മുന്നിൽ കണ്ടാണ്. കോടതി മേൽനോട്ടത്തിലെ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം. പിണറായിയ്‌ക്കെതിരെ വ്യാപക പ്രചരണം ഈ വിഷയത്തിൽ കോൺഗ്രസ് നടത്തും.

ഈ സംശയ പ്രകടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്നത്. സിപിഎം-ബിജെപി ധാരണയെന്ന പ്രചാരണ ആയുധം പുറത്ത് എടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയായി വിലയിരുത്താം. കള്ളപ്പണം വെളിപ്പിച്ചത് അന്വേഷിക്കേണ്ടത് ഇഡിയും അഴിമതി കേസ് അന്വേഷിക്കേണ്ടത് സിബിഐയാണെന്നും അതിനു തയ്യാറാകാതെ കേന്ദ്ര സർക്കാർ എക്‌സസാലോജിക്കിനെ രക്ഷപ്പെടുത്താൻ വഴിയൊരുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു വാദം. ഒപ്പം സിപിഎം പ്രതിരോധത്തിൽ നിൽക്കുന്ന കരുവന്നൂരിനെ കൂടി ഇതോടൊപ്പം കൂട്ടികെട്ടുകയാണ് പ്രതിപക്ഷം. കൊൽക്കത്ത യാത്ര റദ്ദാക്കി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയ മുഖ്യമന്ത്രിയുടെ നടപടിയും കോൺഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള വിവാദ ഇടപാടുകളിൽ കെഎസ്‌ഐഡിസി നേരിട്ടു കക്ഷിയെന്ന് ആർഒസി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിഎംആർഎലിൽ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്‌ഐഡിസിക്ക് തീർച്ചയായും സിഎംആർഎലിന്റെ ഇടപാടുകളെ നിയന്ത്രിക്കാൻ കഴിയുമെന്നു റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ വ്യവസായ നയം നടപ്പാക്കുന്ന ഏജൻസി കൂടിയാണ് കെഎസ്‌ഐഡിസി എന്നതും ആർഒസി ഓർമിപ്പിക്കുന്നു.

സിഎംആർഎലിൽ കെഎസ്‌ഐഡിസിക്കു പ്രത്യേക താൽപര്യമില്ലെന്നു സ്ഥാപിക്കുന്നതിന്, സിഎംആർഎൽ ഉൾപ്പെടെ 40 കമ്പനികളിൽ കെഎസ്‌ഐഡിസി നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആർഒസി മുൻപാകെ വീണ വാദിച്ചത്. എന്നാൽ, മറ്റു കമ്പനികളെക്കുറിച്ച് വീണയുടെ മറുപടിയിൽ പരാമർശിച്ചിട്ടില്ല. കെഎസ്‌ഐഡിസി വഴിയും ഈ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. എക്‌സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.

മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത എക്‌സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ സാധിക്കുക. ഇത് മറച്ചുവച്ചാണ് 2022 ൽ കമ്പനി അപേക്ഷ നൽകിയത്. 2021ൽ മെയ് മാസത്തിൽ എക്‌സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർഒസി പരിശോധനയിൽ കണ്ടെത്തി. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്‌സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്‌സാലോജിക്ക് മറച്ചുവച്ചു.

ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്‌സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച് വച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്‌സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറിൽ കമ്പനി മരവിപ്പിച്ചതിന് ശേഷം സമർപ്പിക്കേണ്ട ങടഇ3 രേഖ ഹാജരാക്കിയതുമില്ല. രേഖകൾ കെട്ടിച്ചമതിനും വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചതിനും, എ്‌സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകൾ ചുമത്തണമെന്നാണ് റിപ്പോർട്ട്.

വീണ വിജയന്റെയും കമ്പനിയുടെയും രേഖകൾ സാക്ഷ്യപ്പെടുത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗഗാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. വീണ നടത്തിയ ക്രമക്കേടുകൾ പിഴശിക്ഷയിൽ ഒതുക്കാവുന്നതല്ലെന്നും പോസിക്യൂട്ട് നപടികൾ വേണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. രേഖകളിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനി മരവിപ്പിച്ച നടപടി പിൻവലിക്കാമെന്നും നിർദ്ദേശമുണ്ട്.