- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് എൻബിഎഫ്സിയായ എംപവർ ഇന്ത്യയിൽ നിന്നും 77.6 ലക്ഷം വായ്പ കിട്ടിയതിലും അന്വേഷണം വേണം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജിന്റെ ഉപഹർജി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കോർപറേറ്റ് തട്ടിപ്പിൽ, സി എം ആർ എല്ലിനെ കൂടാതെ മറ്റുകമ്പനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം. എക്‌സാലോജിക്കിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി ഈടില്ലാത്ത കോർപറേറ്റ് വായ്പകൾ ലഭിച്ചിട്ടുണ്ട്. ഈ വായ്പകൾ ലഭിച്ചതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ജനപക്ഷം പാർട്ടി നേതാവും, കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സി എം ആർ എൽ ഉടമകൾ ഡയറക്ടർമാരായ എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എക്‌സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ വായ്പ ലഭിച്ചത്.
സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനത്തിന് വീണയ്ക്കും കമ്പനിക്കും ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ വായ്പയായും നൽകിയത്. എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം ഈടില്ലാത്ത വായ്പയായി പണം നൽകിയത്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് എക്‌സാലോജിക് വിവാദത്തിൽ പെട്ടത്. ഈ സംഭവം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉപഹർജിയായാണ് 77.6 ലക്ഷം കടം സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
എംപവർ ഇന്ത്യ സിഎംആർഎല്ലുമായി ബന്ധമുള്ള കമ്പനിയാണെന്ന് ഹർജിയിൽ പറയുന്നു. ആദായ നികുതി പ്രശ്‌നങ്ങൾ വന്നപ്പോൾ ഈ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം മന: പൂർവം പേരിൽ മാറ്റം വരുത്തിയെന്നും ഇടപാടുകൾ തിരിച്ചറിയാതിരിക്കാനാണ് ഇതെന്നും ആരോപണമുണ്ട്. പിന്നീട് എംപവർ ഇന്ത്യ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, ആർബിഐ നൽകിയ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിത്തിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഷോൺ ജോൺജിന്റെ ഉപഹർജി. ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്നാണ് ഉത്തരവ്. ഇതിനെതിരെയാണ് ഷോണിന്റെ ഹർജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവിൽ ആർ.ഒ.സി. ഉത്തരവിട്ടത്. എന്നാൽ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം.
ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ് ഹർജിയിലെ ആവശ്യം. ഷോണിന്റെ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിച്ചാൽ ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അന്വേഷണത്തിൽ പങ്കാളിത്തമുണ്ടാകുമെന്നും ഷോൺ ജോർജ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ