- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ; മറ്റത്തൂർ സ്വദേശി ശ്രീധരൻ നടത്തിയത് വലിയ തട്ടിപ്പ്; നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു; സംസ്ഥാന വ്യാപകമായി പരിശോധനയുമായി എക്സൈസ്
തിരുവനന്തപുരം: ബെനാമി കള്ളുഷാപ്പ് ഇടപാടിൽ എക്സൈസ് പരിശോധന ഊർജ്ജിതമാക്കി. ബെനാമി ഇടപാടിൽ നൂറോളം കള്ളുഷാപ്പുകൾ നടത്തിയ എല്ലാ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്യാൻ എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി. അറുപതിലേറെ കള്ളുഷാപ്പുകളുടെ ലൈസൻസ് ബെനാമി ഇടപാടിന്റെ പേരിൽ റദ്ദാക്കിയിരുന്നു. നാൽപതോളം ഷാപ്പുകളിൽ കൂടി ബെനാമി ഇടപാടു കണ്ടെത്തിയെങ്കിലും ലൈസൻസ് റദ്ദാക്കുന്നതിനു നടപടിയാവുന്നതേയുള്ളൂ.
കേസുകളെല്ലാം ഒരുമിച്ച് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു വിടാനാണു സാധ്യത. ബെനാമി ഇടപാട് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയാൻ സംസ്ഥാനത്തെ മുഴുവൻ കള്ളുഷാപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ പറഞ്ഞു. വാടാനപ്പള്ളിയിൽ കള്ളുഷാപ്പ് നടത്തുന്ന തൃശൂർ മറ്റത്തൂർ സ്വദേശി ശ്രീധരനാണു ബെനാമികളെ ഉപയോഗിച്ചു ഷാപ്പുകൾ നടത്തിവന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
അതേസമയം, ശ്രീധരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 35 ലക്ഷം രൂപ പഞ്ചാബിലെ ഡിസ്റ്റിലറിക്കു നൽകിയതിനെക്കുറിച്ചുള്ള അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. വിഷയം പൊലീസ് അന്വേഷിക്കണമെന്ന് എക്സൈസ് കമ്മിഷണർ ആഭ്യന്തര വകുപ്പിനു കത്തു നൽകിയിരുന്നു. ബെനാമികളെ ഉപയോഗിച്ചു ഷാപ്പ് നടത്തുന്നയാൾ സ്പിരിറ്റ് നിർമ്മാണക്കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറിയതു സ്പിരിറ്റ് കേരളത്തിലെത്തിക്കാനാണെന്ന സംശയത്തിലാണ് എക്സൈസ്.
അതേസമയം ബെനാമി കള്ളുഷാപ്പ് ബെനാമികൾക്ക് മറിച്ചു നൽകിയ സംഭവത്തിൽ തൊഴിലാളി യൂണിയൻ നേതാക്കളുടെയും ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളി നേതാക്കളിൽ നിന്നും സഹായം കിട്ടിയെന്ന സൂചനകൾ ശക്തമാണ്. തൊഴിലാളി യൂണിയനുകൾ നടത്തുന്ന ഷാപ്പുകൾ നിയമവിരുദ്ധമായി തൃശൂർ ചാലക്കുടി സ്വദേശി ശ്രീധരനു നടത്തിപ്പിനായി നൽകിയതിന്റെ രേഖകൾ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നതിനാൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ ആർ.അനന്തകൃഷ്ണൻ ആഭ്യന്തരവകുപ്പിന് കത്തു നൽകിയിരുന്നു. സമാന്തരമായി എക്സൈസും അന്വേഷണം നടത്തും.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 12 റേഞ്ചുകളിലെ കള്ളു ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. ആരോപണം നേരിടുന്ന കള്ളുഷാപ്പുകളുടെ നടത്തിപ്പുകാർക്ക് നോട്ടിസ് നൽകി. മെയ് 17ന് എക്സൈസ് കമ്മിഷണറുടെ ഓഫിസിൽ തെളിവെടുപ്പ് നടക്കും. ലൈസൻസ് റദ്ദു ചെയ്യാതിരിക്കാൻ കാരണം എന്തെങ്കിലുമുണ്ടെങ്കിൽ 17നകം എക്സൈസ് കമ്മിഷണറെ അറിയിക്കണം. ബെനാമിയായി കള്ളുഷാപ്പ് നടത്താൻ തൊഴിലാളി യൂണിയനുകളുടെയും ഉദ്യോഗസ്ഥരുടെയും സഹായം ശ്രീധരനു യഥേഷ്ടം ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.
ഷാപ്പുകൾ ലേലത്തിൽ ഏറ്റെടുക്കാൻ കരാറുകാർ വരാതാകുമ്പോൾ തൊഴിലാളി യൂണിയനുകൾക്കാണ് നൽകുന്നത്. 500 രൂപയാണ് വാർഷിക ഫീസ്. ഇങ്ങനെ എടുത്ത ഷാപ്പുകൾ പിന്നീട് ഉയർന്ന തുകയ്ക്ക് ബെനാമികൾക്ക് കൈമാറാറുണ്ട്. ശ്രീധരനും ഈ രീതിയിലാണ് ഷാപ്പുകൾ സ്വന്തമാക്കിയത്. പഞ്ചാബിലെ ഡിസ്റ്റലറിയിൽനിന്നും സ്പിരിറ്റ് വാങ്ങാൻ ശ്രീധരൻ പണം നൽകിയതിന്റെ തെളിവുകൾ എക്സൈസ് ശേഖരിച്ചിരുന്നു. വീര്യം കൂട്ടി കള്ള് വിൽക്കാനാണ് സ്പിരിറ്റ് എത്തിച്ചിരുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
കള്ളുഷാപ്പുകൾക്ക് പലപ്പോഴും ആവശ്യത്തിന് തെങ്ങുകൾ കിട്ടാറില്ല. പാലക്കാട് ചിറ്റൂരിൽനിന്നാണ് കള്ള് തെക്കൻ കേരളത്തിലേക്കെത്തുന്നത്. കള്ളിൽ കൃത്രിമം കാണിച്ച് വിൽപന നടത്താറുണ്ട്. നിയമങ്ങൾ ലംഘിച്ച് വിവിധ ഷാപ്പുകളിലേക്കുള്ള കള്ള് വിതരണവും നടത്തിപ്പും ശ്രീധരൻ ഏറ്റെടുക്കുകയായിരുന്നു. കള്ള് കൊണ്ടുവരുന്നതിന്റെയും ഷാപ്പ് നടത്തിപ്പിന്റെയും രേഖകൾ പരിശോധിക്കേണ്ടത് എക്സൈസാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി എക്സൈസിന്റെ പരിശോധനയിൽ കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ