മുംബൈ: അപൂർവയിനത്തിൽ പെട്ട 11 പാമ്പുകളെ ബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് ഡിആർഐയുടെ മുംബൈ സോണൽ യൂണിറ്റാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പാമ്പുകളെ കണ്ടെത്തിയത്.

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് ഡിസംബർ 20 ന് വന്ന യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് അപൂർവയിനം പാമ്പുകളെ ഒളിപ്പിച്ചത് പിടികൂടിയത്. വിവിധ വർണങ്ങളിലുള്ള പെരുമ്പാമ്പ് വർഗത്തിൽപെട്ട പാമ്പുകളെ ബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 9 ബോൾ പൈത്തൺ, 2 കോൺ സ്‌നേക്‌സ് എന്നിവയെയാണ് ഒളിപ്പിച്ചിരുന്നത്.

1962 ലെ കസ്റ്റംസ് നിയമപ്രകാരമായിരുന്നു പിടിച്ചെടുക്കൽ. വന്യജീവികൾക്കെതിരായ കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയുടെ നവി മുംബൈ ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്ത പാമ്പുകൾ ഏതൊക്കെ വിഭാഗത്തിൽ പെടുന്നവയെന്ന് തിരിച്ചറിഞ്ഞത്. ഇറക്കുമതി നയം ലംഘിച്ച് കടത്തി കൊണ്ടുവന്ന പാമ്പുകൾ ഒന്നും തദ്ദേശീയ ഉരഗ വിഭാഗത്തിൽ പെടുന്നവയല്ല. പാമ്പുകളെ ബാങ്കോക്കിലേക്ക് തന്നെ മടക്കി അയയ്ക്കാൻ ഡബ്ല്യു സി സി ബി ഉത്തരവിട്ടു.

പാമ്പുകളെ സ്‌പൈസ് ജെറ്റ് എയർലൈൻസിന് കൈമാറി. പാമ്പുകളെ കൊണ്ടുവന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.