തൊടുപുഴ: നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പലതവണയായി മുക്കുപണ്ടം പണയപ്പെടുത്തി ഏഴര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾക്കെതിരെ കേസെടുത്തു. ഭർത്താവ് അറസ്റ്റിൽ. ഭാര്യ വിദേശത്തേയ്ക്ക് കടന്നെന്നും പൊലീസ്. ഉടുമ്പന്നൂർ ഇടമറുക് ലബ്ബാവീട്ടിൽ അബ്ദുസലാം (28) ഭാര്യ ആൻസി (24) എന്നിവരെ പ്രതി ചേർത്ത് തൊടുപുഴ പൊലീസാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.

അബ്ദുൾ സലാമിനെ ഡിവൈ.എസ്‌പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റുചെയ്തു.ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ അൻസി വിദേശത്തേയ്ക്ക് കടന്നെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ആൻസിയാണ് കേസിലെ ഒന്നാം പ്രതി. ആൻസിയുടെ പേരിലാണ് കൂടുതൽ മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുള്ളത്. ആൻസി കഴിഞ്ഞ മാസം വിദേശത്തേക്ക് പോയതായും ബഹറിനിൽ ആക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണെന്നുമാണ് പൊലീസിൽ ഭർത്താവ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇരുവരും ചേർന്ന് 183 ഗ്രാം മുക്കപണ്ടം പണയപ്പെടുത്തി 7.51 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി. 2022 നവംബർ 11 മുതൽ 2023 ജനവുവരി 16 വരെ ഏഴുതവണ മുക്കുപണ്ടം പണയപ്പെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം സമാനരീതിയിൽ 3.5 ഗ്രാം തൂക്കം വരുന്ന പൊട്ടിയ ഒരു ചെയിൽ പണയം വെക്കാനായി അബ്ദുൾസലാം സ്ഥാപനത്തിലെത്തി. ഈ അവസരത്തിൽ സ്വർണം പരിശോധിച്ച ജീവനക്കാരന് സംശയം തോന്നുകയും സമീപത്തെ ജൂവലറിയിലെത്തിച്ച് പരിശോധന നടത്തുകയുമായിരുന്നു.

ഇതോടെയാണ് ആഭരണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാളും ഭാര്യയും പണയം വെച്ചിരുന്ന മുഴുവൻ ഉരുപ്പടികളും പരിശോധിച്ചു. ഇതോടെയാണ് മുഴുവൻ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഇതേ തുടർന്ന് പണം തിരികെ വേണമെന്ന് സ്ഥാപന ഉടമ അബ്ദുസലാമിനോട് ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.

തുടർന്ന് സ്ഥാപന ഉടമ ഡിവൈ.എസ്‌പി എം.ആർ.മധുബാബുവിന് പരാതി നൽകി.ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കാറുമായി അബ്ദുൾ സലാം തൊടുപുയിലെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ ധനകാര്യ സ്ഥാപന ഉടമ കാർ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന സുഹൃത്ത് ഇത് തന്റെ കാറാണെന്നും വിട്ട് തരണമെന്നും ധനകാര്യ സ്ഥാപന ഉടമയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമ തയ്യാറായില്ല.

ഇതേ തുടർന്ന് കാറിന്റെ ഉടമ ഡിവൈ.എസ്‌പിക്ക് പരാതി നൽകി. ഇതെത്തുടർന്നുള്ള അന്വേഷണത്തിലാണ്് മുക്കുപണ്ടം പണയം വച്ച കേസിൽ അബ്ദുസലാം അറസ്റ്റിലാവുന്നത്.മടക്കത്താനം മാട്ടുപാറയിൽ വാടക വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൈനാപ്പിൾ കർഷകനാണ് അബ്ദുലസാമെന്ന് പൊലീസ് പറഞ്ഞു. ഇയാളും ഭാര്യയും ചേർന്ന് മറ്റെവിടെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ്ബ്ദുൾ സലാമിനെ റിമാൻഡ് ചെയ്തു.