വടകര: ശരിയായ സ്വർണ നാണയം കാണിച്ചും അവ സൗജന്യമായി നൽകിയും വിശ്വാസം ആർജിച്ച ശേഷം വ്യാജ നാണയങ്ങൾ നൽകി പണം തട്ടിയ സംഭവത്തിൽ ആറ് കർണാടക സ്വദേശികൾ അറസ്റ്റിൽ. വ്യാജ നാണയങ്ങൾ നൽകി വടകര സ്വദേശിയിൽ നിന്നു അഞ്ച് ലക്ഷം രൂപ തട്ടിയ കേസിലാണ് കർണാടക സ്വദേശികൾ പിടിയിലായത്. ഇന്നലെ കാറിൽ വീണ്ടും വ്യാജ നാണയങ്ങളുമായി എത്തിയപ്പോഴാണ് സംഘം പൊലീസ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തു.

കർണാടക ചിക്കമംഗളൂരു കാവൂർ കുമാർ മഞ്ജുനാഥ് (47), മാതാപുരം വിഷു (40), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താൻ മോഹൻ (35), ഷിമോഗ നടരാജ് (27), ഷിമോഗ തിയേൾ (34) എന്നിവരെയാണ് പൊലീസ് ഇൻസ്‌പെക്ടർ പി.എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2022 ജനുവരി ആദ്യം വടകര കുരിയാടി കൈതവളപ്പിൽ രാജേഷിൽ നിന്നാണ് ഇവർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കർണാടകയിൽ പോയി നടത്തിയ അന്വേഷണവുമായി കർണാടക പൊലീസ് സഹകരിച്ചില്ല. വീണ്ടും സ്വർണ നാണയങ്ങളുമായി പ്രതികൾ എത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഒരുക്കിയ കെണിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ചു പിടികൂടുകയായിരുന്നു.

പൊലീസിനെ കണ്ട് ഇവരിൽ മൂന്ന് പേർ കാറിൽ രക്ഷപ്പെട്ടെങ്കിലും ചോമ്പാലയിൽ വച്ച് ചോമ്പാല പൊലീസിന്റെ സഹായത്തോടെ മൂവരെയും പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കും. എത്ര പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് ഇൻസ്‌പെക്ടർ പി.എം. മനോജ് പറഞ്ഞു.

ശരിയായ സ്വർണ നാണയം കാണിച്ചും അവ സൗജന്യമായി നൽകി വിശ്വാസം ആർജിച്ചുമാണ് വ്യാജ സ്വർണ നാണയങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്. നിധി കിട്ടിയതായും അതിൽ നിന്നുള്ളതാണ് സ്വർണ നാണയങ്ങളെന്നുമാണ് ആളുകളെ വിശ്വസിപ്പിക്കുന്നത്. ഭാരം കൂടിയ നാണയങ്ങൾ യഥാർഥ നാണയത്തിന്റെ വിലയിലും കുറച്ചാണ് വിൽപന നടത്തിയത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന നാണയങ്ങൾ വിൽപന നടത്തി വൻ ലാഭം നേടാനാവുമെന്നാണ് പറഞ്ഞാണ് ആളുകളെ ആകർഷിപ്പിക്കുക.

ശരിയായ സ്വർണ നാണയം സൗജന്യമായി ലഭിക്കുമ്പോൾ വിശ്വസിക്കുന്നവരാണ് ഇരകൾ. സ്ത്രീകളും തട്ടിപ്പിന് ഇരയായതായും മാനഹാനി ഭയന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നും വിവരമുണ്ട്. വടകര കുരിയാടി കൈ വളപ്പിൽ രാജേഷ്, സുഹൃത്ത് മുഖേനയാണ് സംഘവുമായി ബന്ധപ്പെട്ടത്. ആദ്യം മൂന്ന് സ്വർണ നാണയങ്ങൾ സൗജന്യമായി നൽകി. ഇത് യഥാർഥ സ്വർണ നാണയമാണെന്ന് കണ്ടാണ് ഷിമോഗയിൽ ഇടപാടിനായി ചെന്നത്.

അഞ്ച് ലക്ഷം രൂപ നൽകി അവരുടെ കൈവശം ഉള്ള മുഴുവൻ സ്വർണ നാണയങ്ങളും വാങ്ങി. നാട്ടിലെത്തി പരിശോധിച്ചപ്പോളാണ് വ്യാജ നാണയങ്ങളാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംഘവുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി.

2022 ജനുവരി 6നാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പലവട്ടം കർണാടകയിൽ പോയി അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. സംഘത്തിന് പിന്നിൽ വൻ ശക്തികളാണെന്ന് പിന്നീട് കണ്ടെത്തി. കേസ് അന്വേഷണത്തിൽ കർണാടക പൊലീസ് സഹകരിച്ചില്ല. തുടർന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടിയ ശേഷം കേസ് പുനരാരംഭിക്കാൻ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം.