തൃശൂർ: ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഷീല സണ്ണി ജയിലിൽ കിടന്നത് 72 ദിവസമാണ്. വ്യാജ എൽ.എസ്.ഡി സ്റ്റാംപ് കേസിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ചാലക്കുടിയിലെ ഷീല സണ്ണി വീണ്ടും ബ്യൂട്ടിപാർലർ തുറന്നെങ്കിലും, തന്നെ കുടുക്കിയത് ആരാണെന്ന് അറിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ഷീല കേസിൽ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം തികയുകയാണ്. മരുമകളുടെ സഹോദരിയുടെ സുഹൃത്തിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.

നാരായണദാസിനെ എക്‌സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിന്റെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽ നിന്ന് എക്സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.

ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽ നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മെയ് 10നാണ് ഷീല പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് വൈകീട്ട് ഷീലയുടെ സ്‌കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയതായാണ് കേസ്.

കാക്കനാട്ടെ റീജനൽ കെമിക്കൽ എക്‌സാമിനഴ്‌സ് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല സണ്ണി നൽകിയ ഹരജിയിൽ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ലഹരിമരുന്നു പിടികൂടുന്നതിന്റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന ഷീലയുടെ ആരോപണത്തെ തുടർന്ന് ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശവും കോടതി നൽകിയിരുന്നു.

ഷീല നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ അഭിപ്രായപ്പെട്ടു. നമ്മൾ എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും ഷീല സണ്ണി കടന്നുപോയതിന് പകരമാകില്ലെങ്കിൽ കൂടി ഷീലയ്ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു.

ഷീല സണ്ണി ഇതുവരെ നഷ്ടപരിഹാരത്തിനായി കേസ് നൽകിയിട്ടില്ല. തന്നെ ചതിച്ചത് മരുമകളും സഹോദരിയും ചേർന്നാണെന്ന് ഷീല സണ്ണി പറഞ്ഞു. മരുമകളും സഹോദരിയും സംഭവത്തിന് തലേദിവസം വീടിന് പിറകിൽ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു. എന്തിന് വേണ്ടിയാണ് ഇവർ തന്നെ ചതിച്ചതെന്ന ഉത്തരമാണ് ഷീലയ്ക്ക് അറിയേണ്ടത്.

എക്‌സൈസ് സംഘം കുടുക്കാൻ ശ്രമിക്കുന്നു എന്ന് പരാതി

അതേസമയം, വ്യാജ എൽഎസ്ഡി കേസിൽ പങ്കുണ്ടെന്ന് അന്വേഷക സംഘം കരുതുന്ന രണ്ടു പേർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ അടുത്തിടെ പ്രതി ചേർക്കപ്പെട്ട തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണദാസ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം ഉദ്യോഗസ്ഥർ നാരായണ ദാസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെയാണ് അന്വേഷക സംഘം തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചതിനെ തുടർന്ന് ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരി ലിവിയ ജോസ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസന്വേഷിക്കുന്ന എക്‌സൈസ് സംഘം കുടുക്കാൻ ശ്രമിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളുരുവിൽ വിദ്യാർത്ഥിയാണ് ഇവർ. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ എക്‌സൈസ് സംഘം ജാമ്യം കിട്ടാത്ത കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റും ഇവർ ആരോപിച്ചിരുന്നു. ഷീല സണ്ണിയെ വ്യാജ കേസിൽ അറസ്റ്റ് ചെയ്തതിന് നടപടി നേരിടുന്ന സഹപ്രവർത്തകരെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ബലിയാടാക്കുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ നോട്ടിസ് അയച്ച കോടതി ഇവരെ അറസ്റ്റ് ചെയ്യരുതെന്നും അന്വേഷക സംഘത്തിന് നിർദ്ദേശം നൽകി. അതിനുപിന്നാലെയാണ് ലിവിയ ജോസിന്റെ സുഹൃത്ത് എന്നു കരുതപ്പെടുന്ന 52കാരനായ നാരായണ ദാസിലേക്ക് അന്വേഷണം എത്തുന്നത്.