മലപ്പുറം: വ്യാജ സിദ്ധൻ ചമഞ്ഞ് പ്രവാസിയുടെ രണ്ടുകോടി രൂപയിലധികം തട്ടിയെടുത്തതായി പരാതി. താൻ 35വർഷം വിദേശത്തുജോലി ചെയ്തുണ്ടാക്കിയ പണമാണു മലപ്പുറം ഐക്കരപ്പടി സ്വദേശിയായ വ്യാജ സിദ്ധൻ തട്ടിയെടുത്തതെന്നു മലപ്പുറം കൊളത്തൂർ സ്വദേശിയായ അബ്ദുൽ ലത്തീഫ് പറയുന്നു.

1.17 കോടിരൂപ പ്രതിക്കു രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയും, 35ലക്ഷം പ്രതിക്കു വീടുവാങ്ങാനെന്ന് പറഞ്ഞ് കടമായും, 50ലക്ഷംരൂപ നേരിട്ടും, അക്കൗണ്ടിലേക്കും അയച്ചാണു നൽകിയതെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇതിന്റെ എല്ലാ രേഖകളും തന്റെ പക്കലുണ്ട്.
താൻ പറഞ്ഞപ്രകാരം നടന്നാൽ സ്വർഗം ലഭിക്കുമെന്നും, ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ചികിത്സയുടെ പേരും പറഞ്ഞ് പ്രത്യേകമാലയും മോതിരവും ധരിപ്പിക്കുകയും ചെയ്തു. ശേഷം ഇതിന്റെ പേരിൽ അമ്പതു ലക്ഷത്തോളം തട്ടിയെടുത്തു. കടമായി വാങ്ങിച്ച തുക നാട്ടിൽ തന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചുവരുമ്പോൾ അതു തിരിച്ചുനൽകാമെന്നുമാണു പറഞ്ഞിരുന്നത്.

ഇതുസംബന്ധിച്ചു കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. തുടർന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി മലപ്പുറം അഡീഷണൽ എസ്‌പിക്കു പരാതി നൽകിയിട്ടുണ്ടെന്നും, ഇതിൽ നിയമനടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

താൻ നാട്ടിലെത്തിയ ശേഷം പണം തിരിച്ചുചോദിച്ചപ്പോൾ അട്ടപ്പാടിയിലും മറ്റും സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു പ്രതി വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നു സ്ഥലം കാണണമെന്നു പറഞ്ഞപ്പോൾ അട്ടപ്പാടിയിൽ കൊണ്ടുപോയി മറ്റൊരാളുടെ സഥലം കാണിച്ചു വഞ്ചിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി അട്ടപ്പാടിയിലും, മറ്റിടങ്ങളിലും ഇയാളുടെ പേരിൽ ഭൂമി വാങ്ങിച്ചതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്നാണു നിയമനടപടിയിലേക്കു നീങ്ങിയത്. വിദേശത്തായതിനാൽ നാട്ടിൽ പ്രതിയുടെ ചതി തനിക്കു മനസ്സിലായില്ലെന്നും പരാതിക്കാൻ പറഞ്ഞു.