- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാരിസിനെതിരായ റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ഇഷ്ടക്കാരനായ വിവാദ വ്യവസായി ഫാരീസ് അബൂബക്കറിനെ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വരിഞ്ഞു മുറുകുമ്പോൾ അതിന്റെ പിരിമുറുക്കം രാഷ്ട്രീയ കേന്ദ്രങ്ങളിലും. കേരളത്തിലെ പല പ്രമുഖരുടെയും അഴിമതിപ്പണം നിക്ഷേപിച്ച മേഖല കൂടിയാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്. അതുകൊണ്ട് തന്നെ ഫാരീസിനെ തൊടുമ്പോൾ ഉറക്കം പോകുന്നവരിൽ പല പ്രമുഖരുമുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള വമ്പൻ ഭൂമാഫിയയിലേക്ക് കൂടിയാണ് അന്വേഷണം നീളുന്നത്. ഇൻകംടാക്‌സിനൊപ്പം ഇഡി കൂടി ചേരുന്നതോടെ കുരുക്ക് മുറുകാനാണ് സാധ്യത. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ പ്രമുഖരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ഇടപാടുകളിൽ തുടർച്ചയായ മൂന്നാംദിവസവും ഐ.ടി. റെയ്ഡ് നടന്നത്. കൊച്ചിയിലുള്ള പ്രമുഖ സിനിമാക്കാർക്ക് അടക്കം റിയൽ എസ്റ്റേറ്റിൽ സജീവമായി നിൽക്കുന്നവരാണ്.
ഇൻകംടാക്‌സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ഫാരിസിന്റെ കേസ് അന്വേഷിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഓഫീസുകളെയും അന്വേഷണസഹായത്തിന് നിയോഗിച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കറിന് ഇൻകംടാക്‌സ് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഹാജരായിട്ടില്ല. ഒരാഴ്‌ച്ചക്കുള്ളിൽ ഹാജരാകാനാണ് നിർദ്ദേശം. ഫാരീസ് ഇപ്പോഴുള്ളത് വിദേശത്താണ്. അതേസമയം റിയൽ എസ്റ്റേറ്റ് ബിസിനസിൽ കള്ളപ്പണ ഇടപാടുകൾ ഉറപ്പിച്ചതിനാൽ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങും. ഇതോടെ വ്യക്തമായ മറുപടി ഇല്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളും ഉണ്ടാകും.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ടി.ഡി.എസ്. (ടാക്‌സ് ഡിഡക്ഷൻ അറ്റ് സോഴ്സ്) രേഖകൾ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയൽ എസ്റ്റേറ്റ് കമ്പനികൾ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇൻകംടാക്‌സ് ഇൻവെസ്റ്റിഗേഷൻ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.
സർക്കാരിന്റേതുൾപ്പെടെയുള്ള വൻകിടപദ്ധതികൾ പ്രഖ്യാപിക്കുംമുന്നേ പ്രദേശത്തെ തണ്ണീർത്തടഭൂമികൾ വാങ്ങിക്കൂട്ടുകയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റുകയുമായിരുന്നു. കേരളത്തിൽ റെയ്ഡ് തുടങ്ങുംമുന്നേയാണ് ഫാരിസ് അബൂബക്കറിന് ഇ-മെയിൽ മുഖേന ഇൻകംടാക്‌സ് സമൻസ് അയച്ചത്. ഫാരിസ് ലണ്ടനിലാണെന്ന വിവരമാണ് ചെന്നൈയിലെ ഓഫീസ് നൽകുന്നത്. രണ്ടാമതും സമൻസ് അയക്കാനാണ് നീക്കം.
ഇൻകംടാക്‌സ് ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. ഇ.ഡി.യുടെ ചെന്നൈ യൂണിറ്റ് ഇവരിൽനിന്ന് വിശദ റിപ്പോർട്ട് തേടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് എൻഫോഴ്‌സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) ഫയൽചെയ്യും. വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കും.
അതിനിടെ മറ്റൊരു സുപ്രധാന നീക്കവും ആദായനികുതി വകുപ്പ് നടത്തിയിട്ടുണ്ട്. ഫാരിസിന്റെ ഇടനിലക്കാരന്റെ സ്വത്ത് കണ്ടുകെട്ടിയിട്ടുണട്. ഫാരിസ് അബൂബക്കറിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്‌ളാറ്റാണ് ആദായനികുതിവകുപ്പ് കണ്ടുകെട്ടിയത്. കണ്ണൂർ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരുള്ള ഫ്‌ളാറ്റാണ് കണ്ടുകെട്ടിയത്. നജീബിന്റെ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം മെട്രോ വാർത്തയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇഡിയും ഇൻകംടാക്‌സും പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് സുരേഷിനും ഭാര്യ നാദിറയ്ക്കുമുള്ളത്. പല കോൺഗ്രസ് നേതാക്കളും ഫാരീസുമായുള്ള പാലമായും സുരേഷ് മാറിയെന്നാണ് വിലയിരുത്തൽ.
നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. അമൃതാ ടിവിയിലെ ജീവനക്കാരനായിരുന്ന സുരേഷ് മുൻകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വി എം സുധീരന്റെ കാലത്താണ് നദീറ കോൺഗ്രസിൽ സജീവമാകുന്നത്. മഹിളാ കോൺഗ്രസിലായിരുന്നു പ്രവർത്തന മണ്ഡലം. പിന്നീട് ഡിസിസി ഭാരവാഹിയായി മാറുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ പുനരുദ്ധാരണത്തിൽ അടക്കം സുരേഷ് കുമാറിനെ കോൺഗ്രസ് നേതൃത്വം സഹകരിപ്പിച്ചിരുന്നു. അമതൃ ടിവിയിൽ ചാനൽ കോ ഓർഡിനേറ്ററുടെ റോളിലായിരുന്നു സുരേഷിന്റെ പ്രവർത്തനം.
ഫാരീസ് മെട്രോ വാർത്ത തുടങ്ങിയതോടെ അതിലേക്ക് മാറി. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനം സമർദ്ദമായി സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്ക് സുരേഷിനുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം മന്ത്രിമാർ അടക്കമുള്ളവരെ സുഹൃത്തുക്കളെ പോലെയാണ് കൈകാര്യം ചെയ്തത്. ഈശ്വരവിലാസം റോഡിൽ താമസിക്കുന്ന പ്രമുഖ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി സുരേഷ്. അമൃതാ ടിവിയിൽ എത്തും മുമ്പും പത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് സുരേഷ്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ എല്ലാം സുരേഷിന്റെ പ്രവർത്തനം.
ഫാരീസ് അബൂബേക്കറിന്റെ സ്ഥാപനത്തിലെത്തിയപ്പോഴും മുതലാളിയുടെ വിശ്വസ്തനായി. തിരുവനന്തപുരത്ത് നിരവധി വസ്തു ഇടപാടുകളും സൂരേഷ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഫാരീസിന്റെ പേരും ഇയാൾ ഇതിനായി ഉപയോഗിച്ചു. ഫാരീസിന്റെ ബിനാമിയാണോ സുരേഷ് എന്ന തരത്തിലെ പരിശോധനകളാണ് നടത്തുന്നത്. ആദായ നികുതി വകുപ്പാണ് ആദ്യം മണ്ണന്തലയിലെ വീട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം ഇഡിയും എത്തുകയായിരുന്നു. പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന.