മലപ്പുറം: ദുർമന്ത്രവാദവും വ്യാജ ചികിത്സയും കേരളത്തിൽ ചർച്ചയാകുമ്പോൾ ഞെട്ടിക്കുന്ന സംഭവങ്ങളാണു മലപ്പുറത്തും നടന്നിട്ടുള്ളത്. അപസ്മാര രോഗത്തിന്റെ ലക്ഷണങ്ങൾ ബാധയുടെ ഭാഗമാണെന്ന ഭയമാണ് മലപ്പുറം എടപ്പാളിലെ ആറുമാസം ഗർഭണിയായ ഫർസാനയെന്ന ഇരുപതുകാരിയെ 2014-ൽ സിദ്ധന്റെ അടുത്തേക്കും പിന്നീട് മരണത്തിലേക്കും എത്തിച്ചത്. ഭീകരമായ മർദനം, തലമുടി വലിക്കൽ, കമിഴ്‌ത്തിക്കിടത്തി തലയും കാലും മുട്ടിക്കൽ, പട്ടിണിക്കിടൽ തുടങ്ങിയ പ്രാകൃത രീതികളാണ് സിദ്ധന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ഒടുവിൽ ദാരുണമായാണ് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിദഗ്ധ ചികിത്സ ആവശ്യമായിരുന്നിട്ടും മരുമകന്റെ വീട്ടുകാർ നിർബന്ധിച്ച് തന്റെ മകളെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നുവെന്ന് മന്ത്രവാദത്തിനിടെ മരിച്ച ഫർസാനയുടെ മാതാവ് റുഖിയ ആരോപിച്ചിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ടുപോകുന്ന വഴി ആംബുലൻസിൽനിന്ന് തന്നെ ഇറക്കിവിടുകയുംചെയ്തുവെന്ന് വീട്ടിലെത്തിയ മഹിളാ അസോസിയേഷൻ നേതാക്കളോട് റുഖിയ പറഞ്ഞിരുന്നു. എടപ്പാളിനടുത്ത് കാഞ്ഞിരമുക്ക് സ്വദേശി കൊട്ടാട്ടയിൽ നിസാറിന്റെ ഭാര്യയായിരുന്നു ഫർസാന. ഈ കൊലപാതകത്തിൽ അടക്കം മതിയായ നടപടികളുണ്ടായില്ല. ഇതാണ് നരബലിയിലേക്ക് പോലും മലയാളിയുടെ ചിന്ത എത്തിക്കുന്നത്.

പൊന്നാനി തെയ്യങ്ങാട് പത്തോടി സ്വദേശി രാരുവളപ്പിൽ സിദ്ധീഖിന്റെയും റുഖിയയുടെയും മകളാണ്. തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ യുവതി ചികിത്സയിലുള്ളപ്പോൾ കൂടെ റുഖിയയും ഉണ്ടായിരുന്നു. വെള്ളംപോലും ഇറക്കാനാകാതെ മൂക്കിലും വായിലും ട്യൂബിട്ടനിലയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അവൾ. രോഗം പൂർണമായി മാറാൻ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അതുകൊണ്ട് ഡിസ്ചാർജ് ചെയ്യണമെന്നും ഭർതൃവീട്ടുകാർ ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് അവർ കൊണ്ടുപോയത് ആശുപത്രിയിലേക്കല്ല. കുന്നംകുളം കരിക്കാടിനടുത്തുള്ള പറക്കുളത്തെ വ്യാജ സിദ്ധന്റെ വീട്ടിലേക്കാണ്.

സഹോദരന്റെ വീടിനുസമീപം ആംബുലൻസിൽനിന്ന് തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പിന്നീട് റുഖിയ പറഞ്ഞു. തുടർന്ന് റുഖിയ നിരവധി തവണ മകളെ കാണാൻ ആവശ്യപ്പെട്ടപ്പോൾ അസുഖത്തിന് കാര്യമായ കുറവുണ്ടെന്നും പേടിക്കാനില്ലെന്നും അവർ പറഞ്ഞു. മരുമകന്റെ ബന്ധുവീടായ കാലടി മൂർച്ചിറയിലെ വീട്ടിലായിരുന്നു ചികിത്സ. അസുഖം കൂടുതലാണെന്ന് അറിഞ്ഞപ്പോൾ റുഖിയ അവിടെയെത്തി. ആ സമയം കസേരയിൽ ചാരിയിരുത്തിയ നിലയിലായിരുന്നു ഫർസാനയെന്നും റുഖിയ ഓർക്കുന്നു. എടപ്പാളിൽനിന്ന് ആംബുലൻസ് വിളിപ്പിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടി മരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞെന്നാണ് ഡോക്ടർ പറഞ്ഞെതെന്നും റുഖിയയുടെ സഹോദരൻ മുസ്താക്ക് മഹിളാ പ്രവർത്തകരോട് പരാതി പറഞ്ഞിരുന്നു.

ഫർസാനയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പ് ചികിത്സക്കായി വീട്ടിൽ പാർപ്പിച്ച സിദ്ധൻ എടപ്പാളിലെ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് നാടുവിട്ടിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് രക്ഷിതാക്കൾ അറിഞ്ഞിട്ടും സിദ്ധനെതിരെ പരാതി നൽകാൻ തയ്യാറായില്ല. ഒടുവിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട ശേഷമാണ് പൊലീസ് കേസെടുത്തത്.

പണം തിരിച്ചുചോദിച്ചാൽ കുടുംബം നശിപ്പിക്കുമെന്ന്

2017 ഡിസംബർ 14ന് മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന വ്യാജ സിദ്ധൻ നാരങ്ങാകുണ്ട് സ്വദേശി അബ്ദുൽ അസീസിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സിദ്ധന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന തട്ടിപ്പുകൾ പുറംലോകം അറിയുന്നത്. അസുഖം ഭേദമാക്കാമെന്ന വാഗ്ദാനം നൽകിയായിരുന്നു ഇയാൾ ഒരു ലക്ഷത്തോളം രൂപ തട്ടിയത്. ഏജന്റുമാരെ ഉപയോഗിച്ചും ഗൾഫിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.

പഴമള്ളൂർ സ്വദേശിയായ യുവതിയുടെ അസുഖത്തിന് ചികിത്സ തേടി ബന്ധുക്കൾ അബ്ദുൽ അസീസിനെ സമീപിച്ചിരുന്നു. മന്ത്രവാദത്തിലൂടെ അസുഖം ഭേദമാക്കാമെന്ന ഉറപ്പിൽ തവണകളായി ഇയാൾ രൂപ കൈപ്പറ്റി. അസുഖം മാറാതെ ബന്ധുക്കൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, മന്ത്രവാദം നടത്തി യുവതിയെയും ബന്ധുക്കളെയും നശിപ്പിച്ചുകളയുമെന്നായിരുന്നു ഭീഷണി.

പ്രശ്‌നങ്ങൾ പറഞ്ഞ് എത്തുന്നവരുടെ വീടിന്റെ പരിസരത്ത് ശത്രുക്കൾ ഒരു സാധനം കുഴിച്ചിട്ടിട്ടുണ്ടെന്ന് പറയും. അത് കണ്ടു പിടിക്കാൻ തകിട്, കുടം എന്നിവ വാങ്ങാൻ ആവശ്യപ്പെടും. പിന്നീട് വീട്ടിലെത്തി ഒരു സ്ഥലം കാണിച്ചു കൊടുക്കും. അവിടെ നിന്ന് തകിട്. കണ്ടെത്തും. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി തന്നെയാണ് തകിട് കുഴിച്ചിടുന്നത്. ഇതു വിശ്വസിക്കുന്ന വീട്ടുകാർ പ്രതി ആവശ്യപ്പെടുന്ന പണം നൽകും. പ്രശ്‌നം പരിഹരിക്കപ്പെടാത്തവർ പരാതിയുമായി വന്നാൽ മന്ത്രവാദം നടത്തി കുടുംബം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തും.