- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എന്തും ചെയ്യും ഫസീല; ഹിൽപാലസിൽ കുടുങ്ങിയതുകൊടുംകുറ്റവാളി
തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായതുകൊടുംകുറ്റവാളി. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (36) യാണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. മുന്തിയ ഹോട്ടലുകളിൽ താമസിക്കുന്നതിനും വിലകൂടിയ വസ്ത്രം ധരിക്കുന്നതിനും യാത്രയ്ക്കുമായാണ് കളവ് നടത്തിയിരുന്നതെന്നാണ് ഫസീലയുടെ കളവുകൾ.
വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസിൽ പ്രതിയാണിവർ. ഒറ്റപ്പാലത്ത് കൂടത്തായി മോഡൽ കൊലപാതക ശ്രമക്കേസിലും പ്രതിയാണ്. ഒറ്റപ്പാലത്ത് ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഫസീലയുടെ പേരിൽ കേസുണ്ടായിരുന്നത്. കേസിൽ ഇവരെ അഞ്ച് വർഷം കഠിനതടവിന് ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.
ചിട്ടി സ്ഥാപനമുടമയക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലാണ് ഫസീല ഇപ്പോൾ അറസ്റ്റിലായത്. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിനു സമീപം സാൻ പ്രീമിയർ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. ഓഫീസിലെ മേശയിൽനിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവർ കവർന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പർദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവർന്നതെന്ന് സുകുമാര മേനോൻ പൊലീസിനോട് പറഞ്ഞിരുന്നു.
സിസിടിവി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ച നടത്തിയത് സ്ത്രീയാണെന്ന് ഉറപ്പിച്ചു. ഇവർ കവർച്ചയ്ക്കുശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പർദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങൾ സിസിടിവി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഹിൽപ്പാലസ് സിഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്. രണ്ട് വർഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിനു സമീപമുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ് ഫസീല. ഈ ചിട്ടി സ്ഥാപനത്തിൽ മറ്റൊരാളുടെ പേരിലുള്ള ചിട്ടിക്ക് 2022 മുതൽ പണം അടയ്ക്കാനായി എല്ലാ മാസവും എത്തുമായിരുന്നു. ഇവിടത്തെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് രാവിലെ ഓഫീസിൽ സ്ഥാപനമുടമ മാത്രമുള്ള സമയം നോക്കി എത്തി കവർച്ച നടത്തിയത്.
ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസീലയെ ഒറ്റപ്പാലം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 മുതൽ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നൽകിയത്. പിന്നീട് നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് പൊലീസ് ഇവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്. ഈ കേസിൽ ജാമ്യത്തിലാണ് ഇപ്പോഴെന്നാണ് സൂചന.
കൊലപാതകശ്രമത്തിനും വിഷം നൽകിയതിനുമായി ഇരുപത്തി അയ്യായിരം രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലും ഫസീല അകപ്പെട്ടിരുന്നു. ക്ലോർപൈറിഫോസ് എന്ന വിഷപദാർഥം അകത്തു ചെന്ന് എഴുപത്തി ഒന്നുകാരി നബീസ കൊല്ലപ്പെട്ടെന്നാണ് കേസ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. കൂടത്തായി കേസിലെ ഒന്നാംപ്രതി ജോളിയുടെ കൊലപാതക രീതിക്ക് സമാനമാണ് ഫസീലയുടെയും തന്ത്രമെന്ന് പൊലീസ് പറഞ്ഞിരുന്നു.
ഇരുവരുടെയും രീതിക്ക് സമാനതയുണ്ട്. ഇതിന് പിന്നാലെയാണ് ഫസീലക്കെതിരായ കളവ് കേസിലെയും കോടതി നടപടികൾ പുറത്ത് വരുന്നത്. 2018 ൽ കല്ലേക്കാട് ബ്ലോക്ക് ഓഫിസിന് സമീപം ഫ്ളാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് പുറത്ത് പോയ സമയം അടുത്ത ഫ്ളാറ്റുകാരിൽ നിന്ന് താക്കോൽ സ്വന്തമാക്കി തന്ത്രപൂർവം സ്വർണം കവർന്നുവെന്നാണ് ആ കേസ്. പതിമൂന്ന് കാൽ പവൻ സ്വർണം പെരിന്തൽമണ്ണയിൽ കൊണ്ടുപോയി വിൽപന നടത്തിയത് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.