തിരുവനന്തപുരം: നിക്ഷേപം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനത്തിൽ വീണുപോകുന്നത് സാധാരണക്കാർ മാത്രമല്ല, സെലിബ്രിറ്റികളുമുണ്ട്. നടൻ കൊല്ലം തുളസിയാണ് ഇങ്ങനെ വിഷമത്തിലായത്. നടനിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി.

തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചുനൽകുമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റൽ എന്ന കമ്പനിയുണ്ടാക്കി ഇവർ പലരിൽ നിന്നായി പണം തട്ടിയെന്നാണ് വിവരം.

നടൻ കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ട് ലക്ഷം രൂപ വാങ്ങി പ്രതികൾ നാല് ലക്ഷം രൂപയായി തിരിച്ച് നൽകിയിരുന്നു. പിന്നീട് നാല് കൊടുത്തപ്പോൾ എട്ട് ലക്ഷമായി തിരിച്ചുനൽകി. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെ പ്രതികൾക്ക് 20 ലക്ഷം രൂപ കൊല്ലം തുളസി നൽകി. എന്നാൽ 20 ലക്ഷം ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കൊല്ലം തുളസിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പ്രതികൾ അറസ്റ്റിലായത്.സന്തോഷ് കുമാർ, ദീപക് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ അച്ഛനും മകനും ചേർന്ന് നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരയായെന്നാണ് വിവരം. ണ്ടു വർഷമായി ഇവർ ഒളിവിലായിരുന്നു. ഡൽഹിയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ശ്രീകാര്യം, ഫോർട്ട് പൊലീസ് സ്റ്റേഷൻ, വട്ടിയൂർക്കാവ് സ്റ്റേഷൻ എന്നിവിടങ്ങളിലും കേസുകളുണ്ട്.