- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പൂന്തുറയിൽ എത്തിയത് കേരളാ പൊലീസ് അറിഞ്ഞില്ല; മുംബൈ ഛത്രപതി ശിവജി വിമാനത്താവളം ബോബ് വയ്ക്കുമെന്ന് ഇമെയിൽ അയച്ചത് 23കാരനായ തിരുവനന്തപുരത്തെ അമീൻ; ഓഹരി വിപണിയിലെ നഷ്ടം നികത്താനോ ആ ഇമെയിൽ?
തിരുവനന്തപുരം: മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ ബോംബ് വെക്കുമെന്ന് ഇ-മെയിൽവഴി ഭീഷണിമുഴക്കിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായത് നിർണ്ണായക നീക്കത്തിനൊടുവിൽ. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡാണ് പൂന്തുറ സ്വദേശി അമീൻ എന്നയാളെ തിരുവനന്തപുരത്തുനിന്ന് പിടികൂടി മുംബൈയിലെത്തിച്ചത്. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു നീക്കം.
അതീവ രഹസ്യമായിട്ടായിരുന്നു നടപടികൾ. ആർക്കും ചെന്നെത്താൻ കഴിയാത്ത മേഖലയാണ് പൂന്തുറ. ഇവിടെയാണ് മുംബൈ ഭീകര വിരുദ്ധ സ്ക്വാഡ് തന്ത്രപരമായ അറസ്റ്റ് സാധ്യമാക്കിയത്. അതിനു ശേഷം ഫെബിൻ ഷാജഹാൻ എന്ന യുവാവിനേയും പിടികൂടിയെന്നാണ് റിപ്പോർട്ട്. രണ്ടു പേർ അറസ്റ്റിലായി എന്നാണ് പുറത്തു വരുന്ന സൂചന. നേരത്തെ അമീൻ മാത്രമാണ് അറസ്റ്റിലായതെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് രണ്ടു പേരും ഒരാളാണെന്നും സൂചനകളെത്തി. എന്നാൽ ഇപ്പോൾ രണ്ടു പേർ പിടിയിലായെന്നാണ് സൂചന.
തിരുവനന്തപുരം സ്വദേശിയായ ഫെബിൻ ഷാജഹാൻ എന്ന 23കാരൻ ഷെയർ മാർക്കറ്റിലെ നിക്ഷേപത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും ഇയാളെ പിടികൂടിയ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയാണ് പിടിയിലായ ഫെബിൻ ഷാജഹാൻ. ഓഹരി വിപണയിലെ നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഇയാൾ മൊഴി നൽകിയതും.
48 മണിക്കൂറിനുള്ളിൽ 8.5 കോടിരൂപ മൂല്യംവരുന്ന ബിറ്റ്കോയിൻ ഒരു പ്രത്യേക വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ചയാണ് വിമാനത്താവള അധികൃതർക്ക് സന്ദേശം ലഭിച്ചത്. വ്യാജ ഇ-മെയിൽ വിലാസം നിർമ്മിച്ചായിരുന്നു ഭീഷണിസന്ദേശം അയച്ചത്. വിമാനത്താവള അധികൃതരുടെ പരാതിയെത്തുടർന്ന് സഹർ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കേരള രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചുവരുകയാണ്.
ഇ-മെയിൽ അയച്ച കമ്പ്യൂട്ടറിന്റെ ഐ.പി വിലാസം പിന്തുടർന്നാണ് തിരുവനന്തപുരത്തെത്തിയത്. ഭീഷണിക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് എ.ടി.എസ് അന്വേഷിക്കും. വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ് ബാക്ക് ഐ.ഡിയിലാണ് ഇ-മെയിൽ അയച്ചത്. ഇ-മെയിലിൽ സ്ഫോടനം എന്ന് വിഷയം രേഖപ്പെടുത്തിയിരുന്നു. പണം നൽകിയില്ലെങ്കിൽ രണ്ടാം ടെർമിനൽ 48 മണിക്കൂറിനകം തകർക്കുമെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈ ടീം വിപുലമായ അന്വേഷണം നടത്തിയത്.
വ്യാഴാഴ്ച 11.06 നാണ് വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന മിയാലിന്( മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ഇ-മെയിൽ വഴി ഭീഷണിക്കത്ത് കിട്ടിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 385-ാം വകുപ്പും (കൊള്ളയടിക്കാൻ ശ്രമിക്കൽ), 505 ാ ംവകുപ്പും( പൊതുസമാധാനത്തിന് എതിരെയോ, പൊതുജനത്തിന് ഭീതിയുണ്ടാക്കുന്ന പ്രസ്താവന നടത്തൽ) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പൂണെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെട്ടതിനെ തുടർന്നാണ് 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.
''എന്റെ ബാഗിൽ ബോംബുണ്ട്'' എന്ന് യാത്രക്കാരൻ പറഞ്ഞതിന് പിന്നാലെയാണ് ആകാശ എയർ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. പിന്നീട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ (ബിഡിഡിഎസ്) സംഘമെത്തി വിമാനത്തിൽ വെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇ മെയിൽ ഭീഷണിയും ഗൗരവത്തോടെ എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ