മലപ്പുറം: മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിലെ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് 17 കോടി രൂപ തട്ടിയത് ബാങ്കിലെ അ്‌സിസ്റ്റന്റ് മാനേജർ.  ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പുളിയക്കോട്, കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലു റഹ്മാൻ(34) നടത്തിയ തട്ടിപ്പ് കഥ ഞെട്ടിക്കുന്നതാണ്.

രണ്ട് വർഷത്തിലേറെയായി, ബാങ്കിന്റെ മലപ്പുറത്തെ ശാഖയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വിദേശ ഇന്ത്യക്കാർക്കുള്ള നിക്ഷേപ പദ്ധതിയെ മറയാക്കിയാണ് വൻ സാമ്പത്തിക തിരിമറി വിദഗ്ധമായി ആസുത്രണം ചെയ്ത് നടപ്പാക്കിയത്. പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ(പി ആർ എം) എന്ന തസ്തികയിലുള്ള ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറാണ് പ്രതി. ബാങ്കിന്റെ മകിച്ച ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടാൻ ഇദ്ദേഹത്തിന് കഴിയുമെന്നതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങൾ കൃത്യമായി നിർവ്വഹിച്ചുനൽകിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.

വിദേശനിക്ഷേപം സ്വീകരിക്കുന്ന ബാങ്കിന്റെ സവിശേഷ പദ്ധതിയിലേക്ക് ആളുകളെ ആകർഷിച്ച് പിആർഎം അതിവിദഗ്ധമായി വൻതുക സ്വന്തംവരുതിയിലെത്തിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഡോളറിൽ നിക്ഷേപം ഒഴുകിയെത്തിയപ്പോൾ പല അക്കൗണ്ടുകളിലേക്കായി പണം സ്വീകരിക്കുകയും കൃത്യമായി ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ലാഭം എത്തിക്കുകയും ചെയ്തു. പലിശയല്ല, ബാങ്കിന്റെ ലാഭവിഹിതമാണ് നൽകുന്നതെന്ന് വിശ്വസിപ്പിച്ചായിരുന്നു നിക്ഷേപത്തിന് പന്ത്രണ്ട് ശതമാനം വാർഷിക ലാഭവിഹിതം കൈമാറിയിരുന്നത്.

പലിശയിൽ താൽപര്യമില്ലാത്ത ഒട്ടേറെ പേർ പുതിയ ലാഭവിഹിത സ്‌കിമിൽ ആകൃഷ്ടരായി. പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പ്രവാസികൾ കണ്ണുമടച്ച് റിലേഷൻഷിപ്പ് ഓഫീസർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നൽകി. ചിലർ പണമായും ചെക്കായുമൊക്കെ പണം നൽകി പദ്ധതിയിൽ അംഗത്വം ഉറപ്പാക്കി. സി ഡി എം വഴിയായിരുന്നു ലാഭവിഹിതം നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് എത്തിച്ചിരുന്നതെന്നും വിവരമുണ്ട്. വ്യാജ മ്യുച്ചൽ ഫണ്ടിന്റെ ലെറ്റർപാഡും രശീതിയും തയ്യാറാക്കിയാണ് കൃത്യമായ രേഖകൾ ബാങ്കിന്റെ പേരിൽ നൽകിയത്.

കച്ചവടം പൊടി പൊടിക്കുന്നതിനിടെനിടെ ഇദ്ദേഹത്തിനെതിരെ ചില പരാതികൾ ബാങ്കിന്റെ ആസ്ഥാനത്തെത്തിയതാണ് കാര്യങ്ങൾ പൊളിച്ചത്. ഇയാൾ ബാങ്കിലെ ജോലിക്കു പുറമേ മറ്റുചില ബിസിനസ്സ് ചെയ്യുന്നതായി ബാങ്കിന് വിവരം ലഭിച്ചതോട അന്വേഷവും തുടങ്ങി. ബാങ്കിൽ ഉദ്യോഗസ്ഥർ മറ്റു ജോലികളോ, കച്ചവടങ്ങളോ ചെയ്യരുതെന്ന ബാങ്കിന്റെ നിബന്ധനക്കെതിരായി ഉദ്യോഗസ്ഥൻ പ്രവർത്തിച്ചുവരുന്നതായി ബാങ്കിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തി. അതോടെ കാര്യങ്ങളിൽ പിടി വീഴുകയും ലാഭം കൊടുക്കൽ നിലയ്ക്കുകയും ചെയ്തു. തുടർന്ന് ബാങ്കിലെ വിജിലിൻസ് ഉദ്യോഗസ്ഥർ റിലേഷൻഷിപ്പ് മാനേജറെ പൊക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോളാണ് കൈവിട്ട കളിയെ കുറിച്ച് കൂടുതലായി അറിയുന്നത്. അപ്പോഴേക്കും ലാഭവിഹതം കിട്ടാത്തവർ ഇദ്ദേഹത്തെ അന്വേഷിച്ച് ബാങ്കിലേക്ക് എത്താൻ തുടങ്ങിരുന്നു. സ്വന്തം ജീവനക്കാരൻ നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കിന് പിൻവലിയാൻ കഴിയില്ലെന്നിരിക്കെയാണ് ബാങ്കിന്റെ പരാതിയിൽ തന്നെ ഉദ്യോഗസ്ഥനെ പൊക്കിയത്.

പ്രവാസികളാണ് പലിശക്കെയിൽ കുടുങ്ങാതിരിക്കാൻ ലാഭവിഹിതത്തിൽ തലവെച്ചുകൊടുത്തവരേറെയും. വലിയ ലാഭം നൽകുന്ന സ്‌കീം പാട്ടായതോടെ ഇതേ ബാങ്കിന്റെ മറ്റുപല ശാഖകളിലും പണം നിക്ഷേപിക്കാനാളെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തായത്. തുടർന്ന് ബാങ്ക് അസിസ്റ്റന്റ് മാനേജർ ജോലി അവസാനിപ്പിച്ച് മുങ്ങി. ഒപ്പം കിട്ടിക്കൊണ്ടിരുന്ന പണം ഇദ്ദേഹത്തിന്റെ സ്‌കീമിൽ ചേർന്നവർക്ക് കിട്ടാതെയായി. അന്വേഷണവുമായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിന്റെ കഥയുടെ ചുരളഴിയുന്നത്. ബാങ്കിലെ മാനേജർ അടക്കമുള്ള ജീവനക്കാരെല്ലാം ഈ സ്‌കീമിനെ കുറിച്ചറിയുന്നതും പണം നിക്ഷേപിച്ചവർ ബാങ്കിലെത്തിയപ്പോൾ മാത്രമാണ്. സംഭവം പുറത്തായതോടെ, ബാങ്കിന്റെ ഉന്നതർ മലപ്പുറത്തെ ഓഫീസിലെത്തുകയും വിശദമായി കാര്യങ്ങൾ ന്വേഷിക്കുകയും ചെയ്തപ്പോഴാണ് വൻ തട്ടിപ്പ് നടന്നതായി വിവിരം ലഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നുള്ള വിജിലൻസ് സംഘം ഇപ്പോൾ ബാങ്കിൽ ക്യാമ്പ് ചെയതാണ് തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയത്.

ബിസിനസ്സ് വർധിപ്പിക്കാനുള്ള ബാങ്കുകളുടെ കിടമത്സരത്തിൽ കബളിപ്പിക്കപ്പെടുന്നത് സാധാരണക്കാരായ ഇടപാടുകാരാണ്. റിലേഷൻഷിപ്പ് ഓഫീസർമാർ എന്ന പേരിൽ ബാങ്കുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരാണ് ബാങ്ക് നിക്ഷേപങ്ങൾ കാൻവാസ് ചെയ്യുന്നതിനും ലോൺ- മ്യുച്ച്വൽ ഫണ്ട് എന്നിവക്കെല്ലാമായി ജനങ്ങളുമായി ഇടപെടുന്നത്. ഇത് ഇവർക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനുള്ള മികച്ച അവസരമാകുന്നെന്നു മാത്രമല്ല സാമ്പത്തികശേഷിയുള്ളവരെ ആകർഷിക്കാനുള്ള അവസരവും തുറന്നു നൽകുന്നു. ഇവരുടെ മേൽനോട്ടം നിർവ്വഹിക്കുന്നതിനോ,. ഇടപാടുകാരുമായി ഇവർ ഉണ്ടാക്കുന്ന ബന്ധം ഏതുതരത്തിലാണെന്നു മനസ്സിലാക്കുന്നതിനോ ബാങ്കുകളിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് കഴിയാറില്ല. വർധിച്ച ജോലിഭാരം തന്നെയാണ് പ്രധാനകാരണം. ഈ അവസരം മുതലെടുത്താണ് മലപ്പുറത്തെ പ്രമുഖബാങ്കിൽ റിലേഷൻഷിപ്പ് ഓഫീസർ ബാങ്കിനുള്ളിൽ ഇരുന്നുകൊണ്ടു തന്നെ സ്വന്തം സ്‌കീം നടപ്പാക്കി പണം തട്ടിയത്. ലോൺ ശരിയാക്കി തരാമെന്ന് ഉറപ്പു നൽകി ചില ബാങ്കിലെ ഇത്തരം ഓഫീസർമാർ പണം തട്ടുന്നതായും പരാതി ഉണ്ട്.

മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വിദേശനിക്ഷേപകരുടെ പണമാണ് ഇത്തരത്തിൽ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും 'ടുമ്മി ആൻഡ് മീ' കമ്പനിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം നിക്ഷേപിച്ചതെന്നും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തി. പണം ട്രാൻസ്ഫർ ചെയ്തു തട്ടിപ്പ് നടത്തിയതിന്റെ രേഖകളെല്ലാം സഹിതമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ബാങ്കിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ബാങ്ക്, ജീവനക്കാരനെ ബാങ്കിൽ നിന്നും പുറത്താക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ചില പൊലീസുദ്യോഗസ്ഥരുടെ സഹായവും ഇയാൾക്ക് ലഭിച്ചതായി സൂചനകളുണ്ട്. . സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്‌പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.