- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ 22 കാരൻ രാഹുൽ
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലിയാരുന്ന രാഹുൽ ഡി നായരാണ് (22) മരിച്ചത്. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രാഹുൽ. ഭക്ഷവിഷബാധയാണ് മരണകാരണമെന്നാണ് സൂചന.
കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി.നായരാണ് (22) മരിച്ചത്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എംപി.സിൽവിയുടെയും മകനാണ്. സഹോദരങ്ങൾ: കാർത്തിക്, ഭവ്യ. സംസ്കാരം പിന്നീട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പാഴ്സൽ വാങ്ങിയ ഷവർമ കഴിച്ചതിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. ശനിയാഴ്ച മുതൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു. കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്നാണ് രാഹുൽ പാഴ്സൽ ഷവർമ വാങ്ങിയത്. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ രക്ത പരിശോധനാഫലം / പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ പ്രവേശിച്ചശേഷം ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് തകരാറും, രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി.
കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ രാഹുൽ ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. പാഴ്സലായി വാങ്ങിയ ഷവർമയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ചശേഷമാണ് യുവാവിന് ഛർദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതാതെന്ന് ബന്ധുക്കൾ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന് വിഷബാധ ഉണ്ടായിട്ടുണ്ടെന്നും ഷവർമ വഴിയാണോ സംഭവിച്ചതെന്ന് പരിശോധനാഫലം വന്ന ശേഷമേ വ്യക്തമാകൂയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായി. ഹൃദയാഘാതവുമുണ്ടായി.
ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിയിരുന്നു. ഇവിടെ നിന്ന് ഭക്ഷണ സാംപിളുകളും അധികൃതർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
ഓർമയിൽ ദേവനന്ദയുടെ മരണം
കഴിഞ്ഞ വർഷം മെയിൽ ഷവർമ കഴിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ചതോടെ ഷവർമ ഉയർത്തുന്ന അപകടഭീഷണികൾ ചർച്ചയായിരുന്നു. ഉണ്ടാക്കുന്ന രീതി തന്നെയാണ് ഷവർമ വില്ലനാകുന്നതിന്റെ പ്രധാനകാരണം.നന്നായി വേവിച്ച് വേണം എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കാൻ. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ നന്നായി വേവിക്കണം.
എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്ത് ഗ്രിൽ അടുപ്പിന് മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ.കോഴി ഇറച്ചിയിൽ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാൽമൊണല്ല.ഇതാണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ പ്രവേശിച്ച് നാലഞ്ച് മണിക്കൂറിനുള്ളിൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.
മാംസം ഒരു ഇൻസുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല.സാൽമൊണെല്ല നശിക്കണമെങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് സംഭവിക്കാത്തതുകൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറുന്നതിനും കാരണമാകുന്നു.
ഷവർമയ്ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയിൽ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, നമ്മുടെ നാട്ടിൽ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് സാൽമൊണെല്ല പടരാൻ കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോൾ പൂപ്പൽ വരും. ഇതും അപകടത്തിന് കാരണമാകുന്നു.
ബോട്ടുലിനം ടോക്സിൻ എന്ന വിഷാംശമാണ് ഷവർമയ്ക്കുള്ളിലെ മരണ കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്. വീണ്ടും വീണ്ടും തണുപ്പിച്ചും ചൂടാക്കുകയും ചെയ്യുമ്പോഴും ഇറച്ചി പൂർണമായി വേവിക്കുന്നില്ല. ഈ അവസ്ഥയിൽ ഇറച്ചിയിൽ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇത്തരം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിൻ നിർമ്മിക്കുന്നത്. ഈ വിഷം ഉള്ളിൽച്ചെന്നാലുടൻ ശരീരത്തിലെ സ്കെലറ്റൻ മസിൽസ് തളർന്നു തുടങ്ങും. 12 മണിക്കൂറിനകം ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.ഇത് മരണത്തിന് കാരണമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ