- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡൽഹിയിൽ നിന്ന് ബി.എംഡബ്ല്യു കാറിൽ തീഹാർ ജയിലിന് സമീപത്തെത്തിച്ചു; ഒരു ഇന്നോവയിൽ അകത്തേക്ക് കൊണ്ടുപോയി; ഒരു ഐഡി കാർഡ് പോലും ആവശ്യപ്പെട്ടില്ല'; ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തൽ; ജയിലിൽ സുകേഷിനെ കാണാൻ എത്തിയത് നാല് നടിമാർ
മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് അടക്കം പ്രതി ചേർക്കപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കേരളത്തിൽ അടക്കം വേരുകളുള്ള സുകേശ് ചന്ദ്രശേഖറിന്റെ ഉന്നത സ്വാധീനത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചത്. എന്നാൽ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുമ്പോഴും സുകേഷ് ചന്ദ്രശേഖറിനെ കാണാൻ തീഹാർ ജയിലിൽ നാല് നടിമാർ എത്തിയിരുന്നതായാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഇവർ സുകേഷിൽ നിന്ന് വിലപിടിപ്പുള്ള ബാഗ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പണവും പലപ്പോഴായി കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
സുകേഷിന്റെ കൂട്ടാളിയായ പിങ്കി ഇറാനി വഴിയാണ് നടിമാരെ പരിചയപ്പെട്ടത്. 2018 ഏപ്രിലിൽ പിങ്കി ഇറാനി സുകേഷിൽ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതിൽ നിന്ന് 1.5 ലക്ഷം രൂപ ബിഗ് ബബോസ് ഫെയിം നികിത താമ്പൊലീയ്ക്ക് നൽകിയെന്നും ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2018ലാണ് പിങ്കിയെ പരിചയപ്പെടുന്നത്, ഏഞ്ചൽ എന്നാണ് പിങ്കി സ്വയം പരിചയപ്പെടുത്തിയിരുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നിർമ്മാതാവെന്നും പേര് ശേഖർ എന്നാണെന്നുമാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തുമ്പോൾ പിങ്കി ഇറാനി പറഞ്ഞതെന്നാണ് നികിത പറയുന്നത്. ഇവർ രണ്ട് തവണ തീഹാർ ജയിലിൽ എത്തി സുകേഷിനെ കാണുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിൽ എത്തിയ തങ്ങളെ ഒരു ബി.എംഡബ്ല്യു കാറിൽ ജയിലിന് സമീപത്തേക്കും പിന്നീട് ഒരു ഇന്നോവയിൽ അകത്തേക്കും കൊണ്ട് പോയെന്നും ഒരു ഐഡി കാർഡ് പോലും ആവശ്യപ്പെടാതെ സുകേഷിന് അടുത്ത് എത്തിച്ചുവെന്നും ഇ.ഡി നടത്തിയ ചോദ്യം ചെയ്യലിൽ നികിത സമ്മതിച്ചു.
സിനിമ മേഖലയിൽ പ്രവർത്തിക്കുകയാണെന്നും സുഹൃത്തായ ശേഖറിന് സിനിമയിൽ നികിതയെ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പിങ്കി തന്നെ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തുവെന്നും നടി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് വിലപിടിപ്പുള്ള ബാഗുകളും രണ്ട് ലക്ഷം രൂപ പണമായും നൽകിയെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.
മറ്റൊരു നടിയായ ചാഹത്ത് ഖന്നയെ സുകേഷിന് അടുത്ത് എത്തിച്ചതും പിങ്കി ഇറാനിയാണ്. ഇവർ സമ്മാനങ്ങൾ സ്വീകരിക്കുകയും ഒരു തവണ ജയിലിൽ എത്തി സുകേഷിനെ നേരിൽ കാണുകയും ചെയ്തിരുന്നു. സോഫിയ സിങ് എന്ന മറ്റൊരു നടിയും സുകേഷിനെ കാണാൻ ജയിലിൽ എത്തി. ഇവരേയും പിങ്കി ഇറാനിയാണ് സുകേഷിന് പരിചയപ്പെടുത്തിയത്. സിനിമാ നിർമ്മാതാവെന്ന പേരിലാണ് നടിമാരെയെല്ലാം സുകേഷിനെ പരിചയപ്പെടുത്തിയിരുന്നത്. തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് പിങ്കിയാണെന്ന് നടിമാരിലൊരാളായ ആരുഷ പട്ടീൽ വെളിപ്പെടുത്തി. എന്നാൽ തീഹാർ ജയിലിൽ പോയി ഒരിക്കലും അയാളെ കണ്ടിട്ടില്ലെന്നും നടി പറയുന്നു.
കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേശിനെ മലയാളികൾക്ക് ഇയാൾ പരിചിതമാകുന്നത് കുറച്ച് അധികം വർഷങ്ങൾക്ക് മുൻപ് ഭാര്യയും മലയാള നടിയുമായ ലീന മരിയ പോളുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെയാണ്. മറ്റൊരു കേസിൽ അണ്ണാ ഡിഎംഎകെ നേതാവായ ടിടിവി ദിനകരന്റെ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. സുകേശും ടിടിവി ദിനകരനും ചേർന്ന് ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നാണ് കേസുണ്ടായിരിക്കുന്നത്. നടി ചുംബിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
ബെംഗളൂരു വംശജനായ സുകേശിനെതിരെ 15 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നത്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി ബെംഗളൂരുവിലും ചെന്നൈയിലുമായി നിരവധി കോടികളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയിരുന്നത്.
2013ൽ ചെന്നൈയിലെ ഒരു ബാങ്കിൽ നിന്നും 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സുകേശിനേയും ഭാര്യ ലീനയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഒൻപത് ആഡംബര കാറുകളും 81 വിലപതിപ്പുള്ള വാച്ചുകളും പൊലീസ് കണ്ടെത്തിയിരുന്നു.
30 കാരനായ സുകേശ് ഇതിന് പുറമെ, ലോണുകൾ വാഗ്ദാനം ചെയ്തും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരകുട്ടിയാണ് എന്ന് പറഞ്ഞ് തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലുമായി ബിസിനസുകാരെ അടക്കം വഞ്ചിക്കുകയും കേസുകൾ തീർപ്പാക്കുകയും ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ ഭാര്യ ലീന മരിയ പോൾ റെഡ് ചില്ലീസ്, ഹസ്ബെൻഡ്സ് ഇൻ ഗോവ, ബിരിയാണി അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേശിനും ഭാര്യ ലീന മരിയ പോളിനും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. കുറ്റപത്രത്തിൽ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രക എന്നാണ് ലീനയെ വിശേഷിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് കേസിൽ സുകേശ് ചന്ദ്രശേഖർ അറസ്റ്റിലായതിന് പിന്നാലെ ജാക്വിലിൻ ഫെർണാണ്ടസുമായുള്ള ഒരു ചൂടൻ ചിത്രം പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ സുകേശ് ജാക്വിലിനും ഒപ്പമുള്ള ചിത്രമാണ് ഇതെന്നും ഈ വർഷം ഏപ്രിൽ ജൂൺ മാസങ്ങളിൽ പകർത്തിയ ചിത്രമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടി സുകേശിന്റേയും കവിളുകളിൽ ചുംബിക്കുന്നതിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
ഇവർ തമ്മിലുള്ള അടുപ്പം തന്നെ തിരിച്ചടിയായിരുന്നു. തുടർച്ചയായി ബോളിവുഡ് നടിയെ മൂന്ന് വട്ടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. സുകേശും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകേശിന്റെ അഭിഭാഷന്റെ നിലപാട്. അതേസമയം, ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിട്ടുണ്ട്.
ജാക്വിലിനും വിലകൂടിയ സമ്മാനങ്ങളാണ് ഇയാൾ നൽകിയിരുന്നത്. 52 ലക്ഷം വിലമതിക്കുന്ന കുതിരയും ഒൻപത് ലക്ഷം വിലമതിക്കുന്ന പേർഷ്യൻ പൂച്ചയും ഇത്തരത്തിൽ നൽകിയ സമ്മാനത്തിൽ ഉൾപ്പെടുന്നു. തീഹാർ ജയിലിൽ കഴിയുമ്പോഴും ഇയാൾ ജാക്ക്വലിനുമായി സംസാരിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും ജാക്വിലിനുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രം. ജാമ്യകാലത്ത് വിമാനയാത്രയ്ക്ക് മാത്രമായി എട്ട് കോടി രൂപയാണ് സുകേശ് ചെലവാക്കിയിരുന്നത്.
ജാക്വലിൻ ഫെർണാണ്ടസിന് പുറമെ, നോറ ഫത്തേഹിയുമായും മറ്റ് ബോളിവുഡ് താരങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. നോറ ഫത്തേഹിക്ക് ഇയാൾ ആഡംബര കാർ സമ്മാനമായി നൽകിയിരുന്നുവെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിഎംഡബ്ല്യു കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണുമാണ് കുറ്റപത്രത്തിലുള്ളത്. മൊത്തം ഒരു കോടിയാണ് നോറയ്ക്ക് സമ്മാനമായി ലഭിച്ചത്.
ഇവർക്ക് പുറമെ, കേരളത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കൊച്ചിയിലെ ഉദ്ഘാടനത്തിനുള്ള പ്രമോഷണൽ പരിപാടിക്ക് ബോളിവുഡ് താരം കത്രീന കൈഫിനെ എത്തിക്കാമെന്ന് പറഞ്ഞ് 20 ലക്ഷം വാങ്ങിയതായും ഒരു കേസുണ്ട്. അതേ സ്ഥാപനത്തിന്റെ കോട്ടയത്തെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി അല്ലു അർജുനെ കൊണ്ടുവരാമെന്ന് പറഞ്ഞ് പണം തട്ടിയതായും റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്