ന്യൂഡൽഹി: നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കിയ മെഡിക്കൽ റാക്കറ്റ് ഡൽഹിയിൽ പിടിയിൽ. നാലുപേരാണ് അറസ്റ്റിലായത്. ദക്ഷിണ ഡൽഹിയിലെ ഒരു ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. സമ്പന്നർ താമസിക്കുന്ന ഗ്രേറ്റർ കൈലാഷ് മേഖലയിലാണ് സംഭവം.

ഡോ.നീരജ് അഗർവാൾ, ഭാര്യ പൂജ അഗർവാൾ, ഡോ.ജസ്പ്രീത് സിങ് എന്നിവർക്കൊപ്പം മുൻ ലാബ് ടെക്‌നീഷ്യനായ മഹേന്ദർ സിങ്ങും പിടിയിലായതായി ഡൽഹി പൊലീസ് അഫിയിച്ചു. പിത്താശയത്തിൽ ചികിത്സയ്ക്കായി അസ്ഗർ അലി എന്ന രോഗിയെ കഴിഞ്ഞ വർഷമാണ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. മതിയായ യോഗ്യതകളുള്ള ഡോ. ജസ്പ്രീത് ശസ്ത്രക്രിയ നടത്തുമെന്നാണ് അലിയെ അറിയിച്ചിരുന്നത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഡോ.ജസ്പ്രീതിന് പകരം പൂജയും, മഹേന്ദ്രയും എത്തി സർജറി നടത്തി.

ഓപ്പറേഷൻ മുറിയിൽ നിന്നും പുറത്തുവന്നപ്പോഴേ, അലിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. പിന്നീട് സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുചെന്നപ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കാതെയാണ് വിവിധ രോഗികളിൽ അഗർവാൾ മെഡിക്കൽ സെന്ററിലെ നടത്തിപ്പുകാരനായ ഡോ അഗർവാളും മറ്റുമൂന്നുപേരും, നിർണായക ശസ്ത്രക്രിയകൾ നടത്തിയതെന്നാണ് രോഗികളുടെ കുടുംബങ്ങൾ ആരോപിക്കുന്നത്. ഫിസിഷ്യനായ ഡോ.അഗർവാൾ ശസ്ത്രക്രിയകൾ ചെയ്യുന്നത് വ്യാജ രേഖകൾ വച്ചിട്ടാണെന്നും പരാതിയിൽ പറയുന്നു.

2016 മുതൽ ഡോ.അഗർവാളിനും പൂജയ്ക്കും അഗർവാൾ മെഡിക്കൽ സെന്ററിനും എതിരെ ഒമ്പതോളം പരാതികൾ വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ ഏഴുകേസുകളിലും ചികിത്സാ പിഴവു മൂലം രോഗികൾ മരിച്ചു. നവംബർ ഒന്നിന് മെഡിക്കൽ സെന്ററിലെ ചികിത്സാരീതികൾ പരിശോധിക്കാൻ നാലു ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പരിശോധനയിൽ നിരവധി പോരായ്മകളും, പിഴവുകളും കണ്ടെത്തി. രോഗികളുടെ ചികിത്സയുമായും, ശസ്ത്രക്രിയയുമായും ബന്ധപ്പെട്ട് വ്യാജരേഖകൾ ഉണ്ടാക്കുക, ഡോ.അഗർവാളിന്റെ പതിവായിരുന്നുവെന്ന് ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.

ഡോക്ടർമാരുടെ ഒപ്പുകൾ മാത്രമുള്ള 414 മരുന്നു കുറിപ്പുകൾ കണ്ടെടുത്തു. ഗർഭഛിദ്ര കേസുകളുടെ രണ്ടുരജിസ്റ്ററുകൾ, നിരോധിച്ച മരുന്നുകളും. ഇൻജക്ഷനുകളും എല്ലാം കണ്ടെടുത്തു. കാലാവധി തീർന്ന സർജിക്കൽ ബ്ലേഡുകൾ, രോഗികളുടെ യഥാർഥ കുറിപ്പടികൾ, 47 വ്യത്യസ്ത ബാങ്കുകളിലെ ചെക്ക് ബുക്കുകൾ, 54 എ ടി എം കാർഡുകൾ, വിവിധ പോസ്റ്റ് ഓഫീസുകളിലെ പാസ്ബുക്കുകൾ, ആറ് പിഒഎസ് ക്രെഡിറ്റ് കാർഡ് മെഷിനൂകൾ എന്നിവയും അഗർവാളിന്റെ വീട്ടിൽ നിന്നും ക്ലിനിക്കിൽ നിന്നുമായി കണ്ടെടുത്തു.